കൊല്ലം: ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ മത്സരാർത്ഥിക്ക് മൈക്കിൽ നിന്ന് ഷോക്കേറ്റതായി പരാതി.തൃശൂർ ചെന്ത്രാപ്പിനി എച്ച്.എസ്.എസിലെ പ്രധാന പാട്ടുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി അസ്നയ്ക്കാണ് ഷോക്കേറ്റത്. മത്സരം ആരംഭിച്ച് ഒരു മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു ഷോക്കേറ്റത്.
തുടർന്ന് പാടുന്നതിൽ നിന്ന് അസ്ന പിന്മാറി. ഒപ്പമുണ്ടായിരുന്ന സഹ ഗായകരാണ് പാട്ടും പാടി മത്സരം മുന്നോട്ട് കൊണ്ട് പോയത്. മത്സരം മുന്നോട്ട് പോകുന്നതിനിടയെ സംഘത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ആമിന വേദിയിൽ കാൽ വഴുതി തലയിടിച്ചു വീണു .ഇതോടെ ഈ ടീമിന് മത്സരം പൂർത്തിയാക്കാനായില്ല. ആമിനയ്ക്ക് മെഡിക്കൽ ടീം എത്തി പ്രാഥമിക ശ്രുശ്രൂഷ നൽകി. പിന്നീട് വീണ്ടും അവസരം നൽകി.
ഈ ടീം മത്സരിക്കാൻ കയറും മുൻപ് രണ്ട് മൈക്കുകൾക്ക് ഷോക്കുണ്ടെന്ന് വിവരം മത്സരാർത്ഥികൾ സംഘാടകരെ അറിയിച്ചിരുന്നു.
തുടർന്ന് ഒരുമൈക്ക് മാറ്റി നൽകിയാണ് മത്സരം ആരംഭിച്ചത്. ടൗൺ ഹാളിലെ വേദിയിലെ വുഡ് പാനലിംഗ് ചെയ്ത തറയിൽ ഇന്നലെ രാവിലെ നടന്ന നാടോടി നൃത്ത മത്സരാർത്ഥികളും തെന്നി വീണിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം നടന്ന ഒപ്പനയിലും ഒട്ടേറേ മത്സരാർത്ഥികൾ തെന്നി വീണിരുന്നു. ഈ വേദിയിൽ മാറ്റ് വിരിക്കണമെന്ന് ആവശ്യമുയർന്നിട്ടും സംഘാടകർ അനുവദിച്ചില്ല. 38 ടീമുകളാണ് ഒപ്പന മത്സരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |