SignIn
Kerala Kaumudi Online
Saturday, 20 April 2024 4.28 PM IST

പാരീസിലേക്കുള്ള പ്രയാണം

paris

പാരീസ് ഒളിമ്പിക്സിന് ഇനി 193 ദിവസങ്ങൾ മാത്രം

193 ദിവസങ്ങൾക്കപ്പുറം ലോകം പാരീസിലേക്ക് ചുരുങ്ങും, അഥവാ പാരീസ് ലോകത്തോളം വലുതാവും. വർഗ, വർണ, ഭാഷാ ഭേദമന്യെ ലോകത്തെ ഒരുമിപ്പിക്കുന്ന ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ 33-ാമത് പതിപ്പിന് ജൂലായ് 26നാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ കൊടിയേറുന്നത്. ആധുനിക ഒളിമ്പിക്സിന്റെ പിതാവായ പിയറി ഡി കുമ്പർട്ടിന്റെ ജന്മനാടാണ് ഫ്രാൻസ്. റഷ്യയുടെ യുക്രൈൻ അധിനിവേശവും ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധവുമൊക്കെയായി ലോകം കലുഷിതമായ ഒരു കാലത്തിലൂടെ നീങ്ങുമ്പോഴാണ് ഒരുമയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒളിമ്പിക്സ് എത്തുന്നത്. സമാധാനത്തിനായി ഒരു അവസരം നൽകൂ എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബക്ക് തന്റെ പുതുവർഷ സന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തിന്റെ സൗന്ദര്യതലസ്ഥാനമായി അറിയപ്പെടുന്ന പാരീസിലേക്ക് ഒളിമ്പിക്സ് എത്തുന്നത് ഇത് മൂന്നാം തവണയാണ്. 1900ത്തിലാണ് ആദ്യമായി പാരീസ് മഹാമേളയ്ക്ക് വേദിയൊരുക്കിയത്. 1924ലെ പാരീസ് ഒളിമ്പിക്സിന്റെ നൂറാം വാർഷികത്തിലാണ് വീണ്ടും ആതിഥേയത്വം വഹിക്കാനുള്ള അവസരമെത്തുന്നത്. സമ്മർ ഒളിമ്പിക്സുകളും വിന്റർ ഒളിമ്പിക്സുകളും ഉൾപ്പടെ ആറാമത്തെ ഒളിമ്പിക്സിനാണ് ഫ്രാൻസ് വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. രണ്ട് ഒളിമ്പിക്സുകൾക്കിടയിലുള്ള കാലാവധി (ഒളിമ്പ്യാഡ്) സാധാരണഗതിയിൽ നാലുവർഷമാണങ്കിൽ ലോകത്തെ അമ്പരപ്പിച്ച മഹാമാരി കൊവിഡ് കാരണം ഇക്കുറി അത് മൂന്ന് വർഷമായി ചുരുങ്ങിയിരിക്കുകയാണ്. 2020ൽ നടക്കേണ്ടിയിരുന്ന ടോക്യോ ഒളിമ്പിക്സ് 2021ലാണ് നടത്താൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ മൂന്ന് വർഷത്തിന് ശേഷം മറ്റൊരു ഒളിമ്പിക്സിനായി ലോകം തയ്യാറെടുക്കുകയാണ്.

1998 ഫിഫ ലോകകപ്പിനായി നിർമ്മിച്ച സ്റ്റേഡ് ഡി ഫ്രാൻസാണ് പാരീസ് ഒളിമ്പിക്സിന്റെ മുഖ്യവേദി. പാരീസ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായാണ് പ്രധാനമത്സരവേദികൾ ഒരുക്കിയിരിക്കുന്നത്. പാരീസിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള ലീലിലാണ് ഹാൻഡ്ബാൾ മത്സരങ്ങൾ നടക്കുന്നത്. ഫുട്ബാൾ ഫൈനൽ പാരീസിലാണെങ്കിലും പ്രാഥമികറൗണ്ട് മത്സരങ്ങൾ മാഴ്സെ,ബോഡോ,നോന്റ്,ഡിസൻ ചാപ്യു,നീസ്,സെന്റ് എറ്റിയെന്ന എന്നിവിടങ്ങളിലായി നടക്കും. സർഫിംഗ് മത്സരങ്ങൾ നടക്കുന്ന ഫ്രഞ്ച് പോളിനേഷ്യൻ പ്രവിശ്യയിലെ തഹിതി ദ്വീപാണ് ഏറ്റവും അകലെയുള്ള വേദി.

പാരീസിന്റെ പ്രത്യേകതകൾ--ബോക്സ്

1. നിലവിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാന ഒളിമ്പിക്സായിരിക്കും ഇത്. 2016 റിയോ ഒളിമ്പിക്സ്,2020 ടോക്യോ ഒളിമ്പിക്സ് എന്നിവ നടത്തിയ ജർമ്മൻകാരനായ ബക്കിന്റെ കാലാവധി 2025ൽ അവസാനിക്കുകയാണ്. ഐ.ഒ.സി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഒളിമ്പിക് ചാമ്പ്യനാണ് മുൻ ഫെൻസിംഗ് താരമായ ബക്ക്.

2. ചരിത്രത്തിലാദ്യമായി ലിംഗസമത്വം നടപ്പിലാക്കുന്ന ഒളിമ്പിക്സായിരിക്കും പാരീസിലേത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന

പുരുഷ-വനിതാ കായികതാരങ്ങളുടെ എണ്ണം തുല്യമായിരിക്കും. 5250 പുരുഷ താരങ്ങളും അത്രതന്നെ വനിതാതാരങ്ങളും മാറ്റുരയ്ക്കാനെത്തും. സംഘാടനത്തിന്റെ മറ്റ് തലങ്ങളിലും ലിംഗസമത്വം പാലിക്കും.

3. യുക്രൈന്റെ പരാതിയിൻമേൽ റഷ്യയെ ഐ.ഒ.സി വിലക്കിയിരിക്കുകയാണെങ്കിലും റഷ്യൻ ഒളിമ്പിക് അസോസിയേഷനിൽ ഉൾപ്പെടുന്ന കായിക താരങ്ങൾക്ക് വ്യക്തിഗത ഇനങ്ങളിൽ ഒളിമ്പിക് പതാകയ്ക്ക് കീഴിൽ മത്സരങ്ങളിൽ പങ്കെടുക്കാം.

4. ഒളിമ്പിക്സിലെ 80 ശതമാനം മത്സരങ്ങളും നടക്കുന്നത് പാരീസ് നഗരത്തിലെ 10 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്. കാണികൾക്കും അത്‌ലറ്റുകൾക്കും കാൽനടയായിപ്പോലും വേദികളിലേക്ക് എത്തുക പ്രയാസമാവില്ല. ഈഫൽ ടവർ ഉൾപ്പടെയുള്ള നഗരത്തിന്റെ പ്രധാനമുദ്രകൾ അടുത്ത് വീക്ഷിക്കാനുള്ള സൗകര്യവും ഓരോ വേദിയിലുമാണ്ടാകും.

5.പാരീസ് നഗരത്തിന്റെ നാഡീ ഞരമ്പുപോലെ ഒഴുകുന്ന സെയ്ൻ നദി ഒളിമ്പിക്സിന്റെ ഉദ്ഘാടനവേദിയായി മാറുന്ന അപൂർവദൃശ്യത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. ആദ്യമായാണ് ഒളിമ്പിക്സ് ഉദ്ഘാടനം സ്റ്റേഡിയത്തിന് പുറത്താകുന്നത്. ഓരോ രാജ്യത്തുനിന്നുള്ള പ്രതിനിധികളും ആറുകിലോമീറ്ററോളം ബോട്ടിലേറിയാകും ഈഫൽ ടവറിന്റെ സമീപത്തുള്ള ട്രൊക്കാഡിയോ ചത്വരത്തിനരികിലെ ഉദ്ഘാടന വേദിയിലെത്തുക. സമാപനച്ചടങ്ങുകൾ ഒളിമ്പിക് പാരമ്പര്യം അനുസരിച്ച് സ്റ്റേഡിയത്തിനുള്ളിൽ നടക്കും.

6. ഒളിമ്പിക്സിനെത്തുന്നവർക്ക് രുചികരമായ ഭക്ഷണം ഉറപ്പാക്കാനായി സംഘാടകർ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. സസ്യ ഭക്ഷണത്തിനാണ് മുൻഗണന. ഫ്രഞ്ച് രുചികളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനായി കർഷകർ മുതൽ പാചകവിദഗ്ധരും ഡയറ്റീഷ്യൻസും ഒത്തുചേർന്നുള്ള പരിശ്രമമാണ് നടത്തുക.

7.ബ്രേക്ക് ഡാൻസിംഗ് ഒരു ഒളിമ്പിക് ഇനമായി അരങ്ങേറുന്നത് പാരീസിലാണ്. 32 കായിക വിഭാഗങ്ങളിലായി 329 മെഡൽ ഇനങ്ങളാണ് ഒളിമ്പിക്സിലുള്ളത്.

ജൂലായ് 26 ഒളിമ്പിക്സ് ഉദ്ഘാടനം

ആഗസ്റ്റ് 11 ഒളിമ്പിക്സ് സമാപനം

ഒളിമ്പിക്സിന്റെ 33-ാം പതിപ്പ്. ഫ്രാൻസ് വേദിയാകുന്ന മൂന്നാമത് സമ്മർ ഒളിമ്പിക്സ്.

10500

കായിക താരങ്ങൾ പങ്കെടുക്കുന്നു

വെളിച്ചത്തിന്റെയും പ്രണയത്തിന്റെയും പുതുസൗന്ദര്യ സങ്കൽപ്പങ്ങളുടെയും നഗരമാണ് പാരീസ്. ഒളിമ്പിക് ഗെയിംസിന്റെ പുതിയ യുഗം ഇവിടെ പിറക്കാനൊരുങ്ങുകയാണ്. ഈ സുന്ദരമായ നഗരത്തിൽ ലോകത്തിന്റെ കായിക സ്വപ്‌നങ്ങൾ സാക്ഷാത്ക്കാരത്തിലേയ്ക്ക് കുതിക്കുന്ന വേളയിൽ എല്ലാവരെയും ആഘോഷത്തിലേയ്ക്ക് ക്ഷണിക്കുകയാണ്. എല്ലാവർക്കും സന്തോഷം പകരുന്ന ദിനങ്ങൾ സമ്മാനിക്കാനായി പാരീസിൽ കണ്ടുമുട്ടാം. ആഘോഷിക്കാം.

- തോമസ് ബക്ക് ,

പ്രസിഡന്റ്, ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OLYMPICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.