104 വർഷത്തിനിടെ 35 ഒളിമ്പിക്സ് മെഡലുകളാണ് ഇന്ത്യയിലെത്തിയത്. ഇതിൽ 10 സ്വർണങ്ങളുണ്ട്. പത്തിൽ എട്ടും ഹോക്കിയിൽ നിന്നാണ്. വ്യക്തിഗത ഇനത്തിൽ ആദ്യ സ്വർണം സ്വന്തമാക്കുന്ന ഇന്ത്യക്കാരനെന്ന ചരിത്രം കുറിച്ചത് 2008ൽ ബെയ്ജിംഗിൽ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ്. അത്‌ലറ്റിക്സിലെ ആദ്യ ഇന്ത്യൻ സ്വർണം കഴിഞ്ഞ ഒളിമ്പിക്സിൽ നീരജ് ചോപ്ര നേടിയതാണ്. പത്തു സ്വർണങ്ങൾ കൂടാതെ ഒൻപത് വെള്ളികളും 16 വെങ്കലങ്ങളും കൂടി ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിമ്പിക്സ് മുതൽ ഇന്ത്യയ്ക്ക് തുടർച്ചയായി ഒരു മെഡലെങ്കിലും ലഭിച്ചിട്ടുണ്ട്. ഒരു വെള്ളിയും മൂന്ന് വെങ്കലങ്ങളും കൂടിച്ചേർത്ത് 12 മെഡലുകൾ നൽകിയ ഹോക്കി തന്നെയാണ് ഏറ്റവും കൂടുതൽ മെഡലുകൾ സമ്മാനിച്ച കായിക ഇനം. റെസ്‌ലിംഗിൽ നിന്ന് ഏഴുമെഡലുകൾ സ്വന്തമാക്കാനായി. ഷൂട്ടിംഗ് (4),ബോക്സിംഗ് (3), അത്‌ലറ്റിക്സ് (3), ബാഡ്മിന്റൺ (3),വെയ്‌റ്റ്ലിഫ്ടിംഗ് (2),ടെന്നിസ് (1)എന്നിങ്ങനെയാണ് മറ്റ് കായിക ഇനങ്ങളിൽ നിന്ന് ലഭിച്ച മെഡലുകൾ. 23 മെഡലുകളാണ് വ്യക്തിഗത ഇനങ്ങളിൽ നിന്ന് ലഭിച്ചത്. ബ്രിട്ടീഷ്-ഇന്ത്യൻ അത്‌ലറ്റ് നോർമാന്‍ പ്രിച്ചാർഡ് 1900 പാരീസ് ഒളിമ്പിക്സിൽ 200 മീറ്ററിലും 200 മീറ്റർ ഹഡിൽസിലും വെള്ളി നേടിയിരുന്നു. ഇന്റർനാഷണൽ അസോസിയേഷന്‍ ഒഫ് അത്‌ലറ്റിക് ഫെഡറേഷൻ പ്രിച്ചാർഡിനെ ബ്രിട്ടീഷുകാരനായി അടയാളപ്പെടുത്തുമ്പോൾ, ഇന്റർനാഷണൽ ഒളിമ്പിക്സ് കൗൺസിൽ (ഐ.ഒ.സി.) പ്രിച്ചാർഡ് ഇന്ത്യക്കുവേണ്ടി മത്സരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ പ്രിച്ചാർഡിന്റെ ഒളിമ്പിക്‌സ് പ്രവേശനവും, അദ്ദേഹത്തിന്റെ നേട്ടവും ഇന്ത്യയുടെ പേരിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ആദ്യ സ്വർണം
1928ൽ ഹോക്കിയിലൂടെ
ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് സ്വർണമെഡൽ ഹോക്കിയിൽ നിന്നായിരുന്നു. 1928 ആംസ്റ്റർഡാം ഗെയിംസിലാണ് ഹോക്കിയിൽ സ്വർണം നേടിയത്. 1932 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലും 1936 ബെർലിനിലും ,സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സായ 1948 ലെ ലണ്ടൻ ഒളിമ്പിക്സിലും ഹോക്കിയിൽ ഇന്ത്യ സ്വർണ നേട്ടം ആവർത്തിച്ചു.1952 ഹെൽസിങ്കിയിൽ അഞ്ചാമത്തെ സ്വർണം നേടി. 1956 മെൽബൺ ഒളിമ്പിക്സിൽ പാക്കിസ്ഥാനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്ത്യയുടെ സുവർണ ഡബിൾ ഹാട്രിക്.
1960ൽ റോമിലാണ് ഹോക്കിയിൽ ആദ്യമായി സ്വർണം നഷ്ടപ്പെടുന്നത്. അന്ന് ഫൈനലിൽ നേരിട്ട തോൽവിക്ക് 1964 ൽ ടോക്യോയിൽ പകരം വീട്ടി സ്വർണം തിരിച്ചെടുത്തു. 1968ൽ മെക്സിക്കോയിലും 1972ൽ മ്യൂണിക്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1980ൽ മോസ്‌കോയിൽ വീണ്ടും സ്വർണം. പിന്നീട് ഇന്ത്യക്ക് ഒരു ഒളിമ്പിക്സ് ഹോക്കി മെഡൽ ലഭിക്കുന്നത് 2020 ടോക്യോ ഒളിമ്പിക്സിലാണ്.
വ്യക്തിഗത മെഡൽ 1952ൽ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗതമെഡൽ ജേതാവ് കെ.ഡി.ജാദവ് ആയിരുന്നു. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ റെസ്‌ലിങ്ങിലെ ബാന്റെ വെയിറ്റ് ഇനത്തിലാണ് അദ്ദേഹം ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചത്. 1976, 1984,1988,1992 ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് ഒരു മെഡലും ലഭിച്ചിരുന്നില്ല. വീണ്ടും ഇന്ത്യക്ക് മെഡൽ പട്ടികയിൽ സ്ഥാനം ലഭിക്കുന്നത് 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ലിയാൻഡർ പെയ്സിലൂടെയാണ്. 2000ത്തിൽ സിഡ്നിയിൽ കർണം മല്ലേശ്വരി വെയ്റ്റ് ലിഫ്ടിംഗിലൂടെ ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത വെള്ളിമെഡൽ ജേതാവ് 2004 ഏതൻസിലെ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ആണ്. ബെയ്ജിംഗിൽ അഭിനവ് ബിന്ദ്രയ്ക്ക് പിന്നാലെ ഗുസ്തിയിൽ സുശീല്‍ കുമാറും ബോക്സിംഗിൽ വിജേന്ദ്രർകുമാറും വെങ്കലമെഡലുകൾ സമ്മാനിച്ചു. 2012 ലണ്ടൻ ഒളിമ്പിക്സിൽ രണ്ട് വെള്ളിമെഡലുകളും നാല് വെങ്കലമെഡലുകളും അടക്കം ആറ് മെഡലുകളാണ് ലഭിച്ചത്.. 2016 റിയോ ഒളിമ്പിക്സിൽ ഓരോ വെള്ളിയും വെങ്കലവും. 2020 ടോക്യോയിൽ നീരജിന്റെ സ്വർണവും രണ്ട് വെള്ളിമെഡലുകളും നാല് വെങ്കല മെഡലുകളുമടക്കം ഏഴ് മെഡലുകളുടെ ചരിത്ര നേട്ടം.
ഇന്ത്യൻ മെഡൽ ജേതാക്കൾ
സ്വർണം
1928,1932,1936,1948,1952,1956,1964,1980
ഒളിമ്പിക്സുകളിലെ പുരുഷ ഹോക്കി ടീമുകൾ
അഭിനവ് ബിന്ദ്ര (2008), നീരജ് ചോപ്ര (2020)
വെള്ളി
നോർമൻ പ്രിച്ചാർഡ്(2) : 1900
പുരുഷ ഹോക്കി ടീം : 1960
രാജ്യവർദ്ധൻ സിംഗ് റാത്തോഡ് : 2004
സുശീൽ കുമാർ : 2012
വിജയ്കുമാർ : 2012
പി.വി സിന്ധു : 2016
മീരാഭായ് ചാനു : 2020
രവികുമാർ ദഹിയ : 2020
വെങ്കലം
കെ.ഡി യാദവ് : 1952
പുരുഷ ഹോക്കി ടീം : 1968, 1972
ലിയാൻഡർ പെയ്സ് : 1996
കർണം മല്ലേശ്വരി : 2000
സുശീൽ കുമാർ : 2008
വിജേന്ദർ കുമാർ : 2008
സൈന നെഹ്‌വാൾ : 2012
എം.സി മേരികോം : 2012
ഗഗൻ നാരംഗ് : 2012
യോഗേശ്വർ ദത്ത് : 2012
സാക്ഷി മാലിക്ക് : 2016
ലവ്‌ലീന ബോർഗോഹെയ്ൻ : 2020
പി.വി സിന്ധു : 2020
ബജ്റംഗ് പുനിയ : 2020
പുരുഷ ഹോക്കി ടീം : 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |