തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെടുന്നവരുടെയും വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുപോകുന്നവരുടെയും ജീവൻ രക്ഷിക്കാൻ നിശ്ചിത തുക പാരിതോഷികം നൽകുന്ന രക്ഷാദൗത്യത്തിന് സംസ്ഥാന സർക്കാർ രൂപം നൽകി. സോഫ്ട്, സേവ് എന്നീ പദ്ധതികളാണ് ഇതിനായി നടപ്പിലാക്കുന്നത്.
അടിയന്തര ചികിത്സ നൽകുന്ന പദ്ധതിയാണ് സോഫ്ട് (സേവ് ഔവർ ഫെലോ ട്രാവലർ).അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് സേവ്.
റോഡപകടത്തിൽ പെടുന്ന ആളെ പെട്ടെന്ന് തൊട്ടടുത്ത ഭേദപ്പെട്ട ആശുപത്രിയിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ സോഫ്ട് പദ്ധതിയിലൂടെ പ്രാപ്തരാക്കും. ഇതിനായി സ്വകാര്യ, സർക്കാർ ആശുപത്രികളെയും സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളെയും ഒരു സോഫ്ട്‌വെയറിലൂടെ ബന്ധിപ്പിക്കും. വാഹനം ഓടിക്കുന്ന ആൾ അപകടത്തിൽപെടുകയോ പെട്ടെന്ന് ക്ഷീണിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്താൽ വേഗം ആംബുലൻസ് സേവനം ഉറപ്പാക്കി ആശുപത്രിയിലെത്തിക്കണം. സ്വകാര്യ ആശുപത്രിയായാലും അടിയന്തര ചികിത്സയുടെ ചെലവ് സർക്കാർ വഹിക്കും.
അപകട സ്ഥലത്ത് പെട്ടെന്ന് പൊലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്വം ജനങ്ങൾ നിർവഹിക്കുന്നതിനാണ് 'സേവ്' പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളിലെ കച്ചവടക്കാരുൾപ്പെടെയുള്ളവർക്ക് മോട്ടോർ വാഹനവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശീലനം നൽകും. അപകടത്തിൽപെടുന്നവരെയോ വാഹനം ഓടിക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നമുള്ളവരെയോ കണ്ടെത്തിയാൽ ഇവർ ആംബുലൻസ് ഏർപ്പെടുത്തി ആശുപത്രിയിൽ എത്തിക്കും. ഇങ്ങനെ ചെയ്യുന്നവർക്ക് നിശ്ചിത തുക പാരിതോഷികം സർക്കാർ നൽകും. സംസ്ഥാനത്താകെ 3250 ബ്ലാക്ക് സ്പോട്ടുകളാണുള്ളത്. ഒരു ബ്ലാക്ക് സ്പോട്ടിൽ രണ്ട് എന്ന കണക്കിൽ 6500 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.
തുക കണ്ടെത്താൻ സെസ്?
അപകടത്തിൽപെടുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനായി ഒരു നിശ്ചിത തുക സെസായി വാഹന രജിസ്ട്രേഷൻ വേളയിൽ ഈടാക്കും. ഓരോ വാഹനത്തിനും വ്യത്യസ്ത നിരക്കായിരിക്കും. നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല.
ഇൻഷ്വറൻസ് ഇല്ലെങ്കിലും അടിയന്തര ചികിത്സ സൗജന്യമായി ലഭിക്കും.
കണ്ണു തുറപ്പിച്ച മരണം
കുറച്ചുനാൾ മുമ്പ് വാഹന പരിശോധനയിൽ സംസാരിക്കുമ്പോൾ നാവുകുഴയുന്ന ഒരു ഡ്രൈവറെ പൊലീസ് കണ്ടു. ഓടിക്കൂടിയവർ ഉൾപ്പെടെ അയാൾ മദ്യപിച്ചെന്ന് വിധിയെഴുതി. വണ്ടിയുൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. മദ്യപിച്ചതല്ല, ബി.പി കൂടിയതാണ് നാവുകുഴഞ്ഞതിന് കാരണമെന്ന് കണ്ടെത്തിയപ്പോഴേക്കും വൈകി. അദ്ദേഹം മരിച്ചു. ബി.പിയിലുണ്ടാകുന്ന വ്യത്യാസം കൊണ്ടും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുമ്പോഴുമൊക്കെ ദേഹം തളരുകയും കുഴഞ്ഞുവീഴുകയും ചെയ്യും. ഇത് മദ്യപാനം കാരണമെന്ന് പൊതുസമൂഹം വിധിയെഴുതും. ഇതൊഴിവാക്കാനാണ് രണ്ട് പദ്ധതികളും നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ റോഡപകടം
പ്രതിമാസ മരണനിരക്ക് 358
പരിക്ക് 2,916
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |