ചിറ്റൂർ: തൈപ്പൊങ്കൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി താലൂക്കിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ നടത്തുന്ന കോഴിയങ്കം തടയാൻ പൊലീസ് നടപടി ഊർജിതമാക്കി. വാതുവച്ച് നടത്തുന്ന കോഴിപ്പോര് ഇവിടെ സജ്ജീവമാണ്. ഇത് തടയുകയെന്നത് പൊലീസിന് വലിയ തലവേദനയാണ്. മീനാക്ഷിപുരം, നെടുമ്പാറ, എരുത്തേമ്പതി, വേലന്താവളം, അനുപ്പൂർ, ഒഴപ്പപതി, മലയാണ്ടി കൗണ്ടനുർ, എല്ലപാട്ടൻ കാേവിൽ, കരുമാണ്ട കൗണ്ട്ന്നൂർ, ആർ.വി.പുതൂർ, വണ്ണാമട, ഗോപാലപുരം, വാളയാർ, കഞ്ചിക്കോട് തുടങ്ങി തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കോഴിപ്പോര് നടക്കുന്നത്.
തമിഴ്നാട്ടിൽ കോഴിയങ്കം സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധിച്ചതാണ്. അതിനാലാണ് തമിഴ്നാട്ടിലെ വാതുവെപ്പുകാർ കേരളത്തിലേക്ക് ചേക്കേറുന്നത്. കാറുകളിൽ രഹസ്യമായി കൊത്തുകോഴികൾ കൊണ്ടു വരാറുണ്ട്. ചിറ്റൂർ താലൂക്കിൽ ചിലസ്ഥലങ്ങളിൽ കൊത്തുകോഴി വളർത്തു സംഘങ്ങളും വർഷങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്. ഓരോ കൊത്തു കോഴിക്കും ആയിരങ്ങൾ നൽകണം. വാതുവെപ്പുകാർ കൂടുതൽ ഇഷ്ടപ്പെടുന്ന കോഴികൾക്ക് മോഹവിലയാണ്. മിക്ക നാളുകളിലും കോഴിയങ്കം നടക്കുന്നുണ്ടെങ്കിലും പൊങ്കൽ സമയങ്ങളിൽ അങ്കത്തട്ടിൽ തിരക്കു വർദ്ധിക്കും. കോഴിയങ്കം നടത്തുന്നതിനു സഹായിക്കുന്നതിനായി താലൂക്കിൽ നിരവധി പേർ ഇടനിലക്കാരായി എത്താറുണ്ട്. ഇവർക്ക് വാതുവെപ്പുകാരിൽ നിന്നും നടത്തിപ്പുകാരിൽ നിന്നും കൂടിയ പ്രതിഫലം ലഭിക്കും. ഇത്തരം ഇടനിലക്കാരാണ് കേരളത്തിന്റെ അതിർത്തി വരെ കാറിൽ എത്തുന്നവരെ രഹസ്യപാതകൾ വഴി കോഴിയങ്കം നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നത്.
എത്തിപ്പെടാൻ പ്രയാസം
കഞ്ചിക്കോട് മുതൽ മീനാക്ഷിപുരം വരെ വ്യാപിച്ചു കിടക്കുന്ന മേഖലകളിൽ പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്വകാര്യ വ്യക്തികളുടെ തെങ്ങിൻ തോപ്പുകളിലും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലുമാണ് കോഴിയങ്കം നടക്കുന്നത്. എത്തിപ്പെടാനുള്ള പ്രയാസമാണ് പൊലീസിനെ പ്രതിസന്ധിയിലാക്കുന്നത്.
ഈ ചൂതുകളിയിൽ വാതുവെപ്പിനു തമിഴ്നാട്ടിൽ നിന്നും ആഡംബര കാറുകളിൽ പ്രമാണിമാരാണ് കൂടുതലായി എത്താറുള്ളത്. പതിനായിരങ്ങൾ വാതുവച്ചാണ് ചൂതാട്ടം.
നിരീക്ഷണം ശക്തമാക്കി
കഴിഞ്ഞ വർഷങ്ങളിൽ മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിലെ പൊലീസ് സംഘം കോഴിയങ്കം നടക്കുന്ന രഹസ്യ കേന്ദ്രങ്ങളിൽ പലതവണ കാൽനടയായി എത്തി വാതുവെപ്പുകാരേയും കോഴികളേയും പിടികൂടിയിട്ടുണ്ട്. ഇത്തവണയും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |