തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് കേന്ദ്രനയങ്ങൾ വെല്ലുവിളിയാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. . ഈ ദുർനയങ്ങൾക്കെതിരെ ജനങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ട പ്രതിപക്ഷം ജനവിരുദ്ധ പക്ഷത്തു നിന്ന് സർക്കാരിനെ കടന്നാക്രമിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. .
സ്വതന്ത്രസ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തി കേരളത്തിന്റെ വായ്പാ പരിധി 2021 - 22 മുതൽ മുൻകാല പ്രാബല്യത്തോടെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇത് മൂലം കേരളത്തിന് അകെ വായ്പാ പരിധിയിൽ 6000 കോടിയോളം രൂപയുടെ കുറവ് ഉണ്ടായി.ധനകാര്യ കമ്മീഷന്റെ ശുപാർശകൾ കേന്ദ്ര ധനകാര്യ മന്ത്രാലയം അട്ടിമറിക്കുന്നു. 15ആം ധനകാര്യ കമ്മീഷൻ കിഫ്ബി പോലുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്റെ കടമായി ഉൾപ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല. ദേശീയപാത 66 ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ 25 ശതമാനം തുകയാണ് കേരളത്തോട് ആവശ്യപ്പെട്ടത്. ഇതിനായി കിഫ്ബിവഴി 5854 കോടി രൂപ സമാഹരിച്ചു നൽകി. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശത്തിൽനിന്ന് കുറയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ട നികുതി വിഭവങ്ങളുടെ അനുപാതം പതിനാലാം ധനകാര്യ കമ്മീഷനിൽ 42% ആയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ 41% ആയി കുറഞ്ഞു. സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട നികുതി 50% ആക്കി വർദ്ധിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതം നാമമാത്രമാണെങ്കിലും കേന്ദ്ര സർക്കാർ ബ്രാണ്ടിംഗ് നിർബന്ധം എന്നാണ് അവസ്ഥ. ലൈഫ് പദ്ധതിയിൽ ഭൂരിഭാഗം ഗുണഭോക്താക്കൾക്ക് തുക പൂർണമായി നൽകുന്നതും, കേന്ദ്രധന സഹായമുള്ള ചുരുക്കം വീടുകളിൽ തന്നെ തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നതും സംസ്ഥാന സർക്കാർ ആണ്. ലൈഫ് പദ്ധതിക്ക് കീഴിൽ വീടുകൾ നിർമ്മിക്കുന്നതിന് കേരളത്തിന് കേന്ദ്ര പി എം എ വൈ പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന നാമമാത്ര തുക ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ബ്രാണ്ടിംഗ് നിർബന്ധമാക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്.
ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്. അതിന്മേ മറ്റൊരാൾക്കും അവകാശമില്ല. വീട് നിർമ്മിച്ച ശേഷം അത് ഇന്ന തരത്തിൽ നിർമ്മിക്കപ്പെട്ടതാണ് എന്നും ഇന്നവരുടെ സഹായത്താൽ നിർമ്മിച്ചതാണ് എന്നും എഴുതി വെക്കുന്നത് വീട്ടുടമസ്ഥന്റെ ആത്മാഭിമാനത്തെ ആക്രമിക്കുന്നതാണ്. അത്തരത്തിൽ ഒരു ലേബലിംഗും കേരളത്തിൽ നടപ്പില്ല. ആര് നിർബന്ധിച്ചാലും അതിന് സംസ്ഥാന സർക്കാർ തയ്യാറാവുകയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |