ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറന്നുകാണാൻ അവസരം ഉണ്ടായിട്ടും അതിന് തയ്യാറായിട്ടില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി. പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹയായ വേളയിൽ കൗമുദി ടിവിയ‌്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അശ്വതി തിരുനാൾ ആ രഹസ്യം വെളിപ്പെടുത്തിയത്.
''പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലേക്ക് ഇറങ്ങാനുള്ള ക്ഷണം ലഭിച്ചിരുന്നു. നിലവറയിലേക്ക് വന്നു നോക്കണം എന്നായിരുന്നു ക്ഷണം. എന്നാൽ ബുദ്ധിപൂർവം ഞാൻ അത് നോക്കിയില്ല. എന്തുകൊണ്ടെന്നാൽ, എനിക്ക് തോന്നി നമ്മൾ അവിടെ പോയാൽ ആരെങ്കിലും പറയും, അതിനകത്ത് നിന്ന് വല്ല മോതിരമോ കല്ലോ ബ്ളൗസിനകത്തോ കൈയിലോ എടുത്തുകൊണ്ടുപോയി എന്ന്. അമ്മാവനെ (ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ) കുറിച്ച് എന്തെല്ലാം പറഞ്ഞു. ഇങ്ങനെ പറയുന്നവർക്ക് യാഥാർത്ഥ്യം അറിയില്ല. എന്നാൽ കേൾക്കുന്നവർ അങ്ങനെയല്ലല്ലോ ചിന്തിക്കുക. ഇന്നും ഞാൻ ആ നിലവറകൾക്കകം കണ്ടിട്ടില്ല''. - അശ്വതി തിരുനാളിന്റെ വാക്കുകൾ.
പദ്‌മശ്രീ ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നതായി അശ്വതി തിരുനാൾ പറഞ്ഞു. ദേശീയവും തദ്ദേശീയവുമായി 52 അവാർഡുകൾ കിട്ടിയിട്ടുണ്ട്. രാജ്യം നൽകുന്ന പുരസ്‌കാരം എന്ന നിലയിൽ അതിന്റെ പൂർണബഹുമാനത്തോടെയാണ് പദ്‌മശ്രീ പുരസ്‌കാരത്തെ വീക്ഷിക്കുന്നതായും തമ്പുരാട്ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |