#ആശ്രിതർക്ക് പത്തു ലക്ഷവും സർക്കാർ ജോലിയും
#കർണാടക റേഡിയോ കാേളർ ഘടിപ്പിച്ച് വിട്ട കാട്ടാന
# മയക്കുവെടിവച്ച് മുത്തങ്ങയിലേക്ക് മാറ്റാൻ നീക്കം
മാനന്തവാടി: കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടയച്ച കാട്ടാന മാനന്തവാടിയിലെത്തി പടമല പനച്ചിയിൽ അജീഷിനെ(47) ചവിട്ടിയരച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ
അണപൊട്ടിയ ജനരോഷം വൻ പ്രതിഷേധമായി. ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി. ആനയെ മയക്കുവെടിവച്ച് പിടികൂടാൻ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ജനങ്ങൾ ശാന്തരായില്ല. പിന്നാലെ, അജീഷിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായവും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട്ട് പ്രഖ്യാപിച്ചു.
. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും.
കർണാടക വനം വകുപ്പ് കഴിഞ്ഞ നവംബർ മുപ്പതിന് റേഡിയോ കോളർ ഘടിപ്പിച്ച് മൂലഹളളി വനത്തിലേക്ക് വിട്ട ശല്യക്കാരനായ ബേലൂർമഗ്ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം കർഷകനായ അജീഷിന്റെ ജീവനെടുത്തത്.
പുലർച്ചെ ഒരു മണിയോടെ ആന കേരള അതിർത്തിയിൽ പ്രവേശിച്ചിരുന്നു. മൂന്നു മണിയോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി.
രാവിലെ ഏഴു മണി കഴിഞ്ഞ് ജോലിക്കാരെ വിളിക്കാൻ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്.
ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടർന്നതോടെ സുഹൃത്ത് കണ്ടത്തിൽ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു.
ഓടാൻ ശ്രമിക്കവേ, നിലത്തുവീണ അജീഷിനെ
ഗേറ്റ് തകർത്തു കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി അരയ്ക്കുകയായിരുന്നു. സമീപത്തെ കുന്നിൻ മുകളിലേക്ക് പോയി നിലയുറപ്പിച്ചു.
പടമല പനച്ചിയിൽ കുഞ്ഞുമോന്റെയും എൽസിയുടെയും മകനാണ് അജീഷ്. ഭാര്യ: ഷീബ. മക്കൾ: അൽന (എട്ടാം ക്ലാസ് വിദ്യാർത്ഥിനി എം.ജി.എം.സ്‌കൂൾ, മാനന്തവാടി ) അലൻ (നാലാം ക്ലാസ് വിദ്യാർത്ഥി ഗവ.എൽ.പി.സ്‌കൂൾ, കുറുക്കൻമൂല).
സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് പടമല സെന്റ് അൽഫോൻസ് ചർച്ച് ദേവാലയ സെമിത്തേരിയിൽ നടക്കും.
ആന കുന്നിൽ മുകളിൽ
കബനി കടന്ന് പോയേക്കും
1. ഇന്നലെ രാവിലെ കുന്നിൽ മുകളിലേക്ക് പോയ ആന അവിടെ തുടരുകയാണ്.രാത്രിയോടെ മടങ്ങുമെന്ന് പ്രതീക്ഷ
2.വന്ന വഴി കുറുവ ദ്വീപിലേക്കും അവിടെ നിന്ന് കബനി നദി കടന്ന് കർണാടക വനത്തിലേക്കും പോയേക്കും. രാത്രി മയക്കുവെടി വയ്ക്കില്ല. ഇന്ന് മയക്കുവെടിവച്ചാൽ മുത്തങ്ങയിലേക്ക് മാറ്റും
3.ആർ.പി.എഫ് സംഘവും വനപാലകരും കുന്നിനു സമീപത്ത് നിലയുറപ്പിച്ചു. കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ആന പോയാൽ പിന്തുടരും. കേരളത്തിൽ തുടർന്നാൽ പകൽ പിടികൂടും.
4.കഴിഞ്ഞ രണ്ടാം തിയതി കർണാടകയുടെ തണ്ണീർ കൊമ്പൻ എന്ന കാട്ടുകൊമ്പൻ മാനന്തവാടി നഗരത്തിലെത്തിയിരുന്നു. മയക്ക് വെടിവച്ച് പിടികൂടിയെങ്കിലും ബന്ദിപ്പൂർ ആനക്യാമ്പിൽ വച്ച് ചരിയുകയായിരുന്നു.
ആ ഗേറ്റ് തുറക്കാൻ കഴിഞ്ഞെങ്കിൽ...
ആ ചെറിയ ഗേറ്റ് തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....അജീഷ് നിലത്ത് വീഴില്ലായിരുന്നു. വിലപ്പെട്ട ജീവൻ ആന ചവിട്ടി അരയ്ക്കില്ലായിരുന്നു. വീട്ടിലേക്ക് മറ്റുളളവർക്കൊപ്പം ജീവനും കൊണ്ടോടിയെത്തിയ അജീഷിനെ രക്ഷിക്കാൻ കഴിയാത്ത വിഷമത്തിലാണ് ജോമോന്റെ മക്കളായ രോമിതും രോഹിതും ആരൊക്കെയോ നിലവിളിച്ചോടി വരുന്നത് കണ്ട ജോമോന്റെ രണ്ട് മക്കളും മുറ്റത്തേക്ക് ഇറങ്ങി.അപ്പോഴാണ് ഗേറ്റ്പൂട്ടിക്കിടന്നത് കണ്ടത്. ഓടി അകത്തുപോയി താക്കോൽ കൊണ്ടുവന്നു. ഗേറ്റിന് തൊട്ടടുത്തെത്തിയ പനച്ചിയിൽ സഞ്ജുവിന് നേരേ നീട്ടി. വെപ്രാളത്തിൽ താക്കോൽ നിലത്ത് വീണുപോയി.ഗേറ്റ് ചാടിയ സഞ്ജു മുറ്റത്തുവീണ താക്കോൽ എടുത്ത് ഗേറ്റ് തുറക്കാൻ തുടങ്ങുമ്പോഴേക്കുംറോഡിൽ നിന്ന് പത്തു ചവിട്ടുപടികൾ ഓടിക്കയറിയ ആന ഗേറ്റ് തകർത്തു. അതിന് തൊട്ടുമുമ്പ്അജീഷും ഗേറ്റിനു മുകളിലൂടെ മുറ്റത്തേക്ക് ചാടിയിരുന്നു. ജോമോന്റെ രണ്ട് മക്കളും സഞ്ജുവും വീടിന്റെ വലതുഭാഗത്തേക്ക് ഓടിയപ്പോൾ, അജീഷ് ഇടതുവശത്തേക്ക് ഓടാനാണ് ശ്രമിച്ചത്. അതിനിടെ കാൽതെറ്റിവീണു. രക്ഷിക്കാൻ സഞ്ജു തിരിച്ചോടി വന്നെങ്കിലും അജീഷ് ആനയുടെ പിടിയിൽ അകപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |