കൊല്ലം: പാമ്പ് കടിച്ചതാണ്, അടിയന്തര ചികിത്സ വൈകിപ്പിക്കുന്നത് എന്തിനാണ്? ആശുപത്രി അത്യാഹിത വിഭാഗങ്ങളിൽ രോഷത്തോടെ മുഴങ്ങുന്ന ഒറ്റപ്പെട്ട ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, ചികിത്സയെക്കുറിച്ച് നിങ്ങൾ അജ്ഞരാണ്.
പാമ്പുകടിയേറ്റയാൾക്ക് നിരന്തരവും കൃത്യവുമായ നിരീക്ഷണമില്ലാതെ പ്രതിവിഷം കുത്തിവയ്‌ക്കൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നു. നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്നത് മൂർഖൻ, അണലി, ശംഖുവരയൻ എന്നീ വിഷപ്പാമ്പുകളെയാണ്. ഇവയുടെ കടിയേറ്റാൽ കൃത്യമായ നിരീക്ഷണത്തിന്റെയും ലക്ഷണങ്ങളുടെയും രക്ത പരിശോധനകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ചികിത്സ നൽകൂ.
അപകടകാരികളായ പല പാമ്പുകളുടെയും കടിയേറ്രാൽ അത്യപൂർവ ഘട്ടങ്ങളിലെങ്കിലും വിഷം ഉള്ളിലേക്ക് കടക്കാറില്ല. ഇത്തരം സംഭവങ്ങളിൽ അകാരണമായി പ്രതിവിഷം കുത്തിവയ്‌ക്കുന്നത് ഒഴിവാക്കാനാണ് നിരന്തര നിരീക്ഷണം. വിഷബാധയേൽക്കാതെ പ്രതിവിഷം കുത്തിവച്ചാൽ അത് ജീവഹാനിക്ക് വരെ കാരണമാകും.
വിഷബാധയില്ലെന്ന് സ്ഥിരീകരിക്കാൻ 24 മണിക്കൂർ നിരീക്ഷണമാണ് ആധുനിക വൈദ്യശാസ്‌ത്രം ആവശ്യപ്പെടുന്നത്. നാടൻ വിഷ ചികിത്സകരുടെ ഭാഷയിൽ ഇത് നേരത്തോട് നേരം. എന്നാൽ ഈ നിരീക്ഷണം പലപ്പോഴും കടിയേറ്റ ആൾക്കൊപ്പമെത്തുന്നവരെ അക്ഷമരാക്കും. ഇതാണ് പലപ്പോഴും ആശുപത്രികളെ സംഘർഷത്തിലേയ്ക്ക് തള്ളിവിടുന്നത്.
അണലി
കൃത്യമായ ഇടവേളകളിലെ രക്ത പരിശോധനയിലൂടെയാണ് അണലിയുടെ കടി സ്ഥിരീകരിക്കുന്നത്. വിഷത്തിന്റെ തോത് വിലയിരുത്തി പ്രതിവിഷം കുത്തിവയ്‌ക്കും. അപൂർവമായാണ് നാഡിവ്യൂഹത്തെ ബാധിക്കുക.
മൂർഖൻ
പ്രതിവിഷത്തിന് പുറമെ ഏത് സമയവും വെന്റിലേറ്റർ കരുതൽ ആവശ്യമായി വരും. ചിലപ്പോൾ നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്രേണ്ടിയും വരാം. നാഡിവ്യൂഹത്തെ ബാധിക്കുന്ന മൂർഖന്റെ കടി സ്ഥിരീകരിക്കുന്നത് കൺപോളകളിലെ വീക്കം, കടിയേറ്റ ഭാഗത്തെ തടിപ്പ്, ഛർദ്ദി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്‌താണ്.
ശംഖുവരയൻ
പാമ്പ് കടിയെ സംബന്ധിച്ച പരമ്പരാഗതമായ ഒരു ലക്ഷണവും അവശേഷിപ്പിക്കാത്തതാണ് ശംഖുവരയന്റെ കടി. മുറിവ് ഒഴികെ നീർക്കെട്ട് പോലും ശംഖുവരയന്റെ കടിയേൽക്കുന്നയാളിൽ ചിലപ്പോൾ ഉണ്ടാകാറില്ല. മറ്റ് അവസരങ്ങളിൽ മുർഖൻ കടിക്കുമ്പോഴുള്ള ലക്ഷണങ്ങളാണ് കാണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |