SignIn
Kerala Kaumudi Online
Tuesday, 27 February 2024 11.45 PM IST

തിര. കമ്മിഷന്റെ കർമ്മ പദ്ധതി

c

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷത്തിനിടെ പതിനെട്ടു വയസ് പൂർത്തിയായവരിൽ എഴുപത് ശതമാനം പേരും വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലെന്ന ആശങ്കാജനകമായ വസ്തുത,​ കണക്കുകൾ സഹിതം കേരളകൗമുദി മുഖ്യവാർത്തയായി ​ പുറത്തുവിട്ടത് കഷ്ടിച്ച് രണ്ടാഴ്ച മുമ്പാണ് (വോട്ടിനു കൂട്ടില്ലാതെ ന്യൂജെൻ,​ ജനുവരി 30). ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ തിരഞ്ഞെടുപ്പിൽ ഇതു വരുത്തുന്ന അപകടകരമായ പ്രത്യാഘാതം തിരിച്ചറിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ,​ പലകാരണങ്ങളാൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരിൽ 25 ശതമാനം പേരെയെങ്കിലും പട്ടികയിലുൾപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. കേരളകൗമുദി വാർത്തയെത്തുടർന്നുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉണർവ് അഭിനന്ദനീയം തന്നെ.

ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചെറുപ്പക്കാരെ സ്വാധീനിക്കാൻ ശേഷിയുള്ള പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവത്കരണ പരിപാടികളാണ് കർമ്മപദ്ധതിയിലെ പ്രധാന ഇനം. പദ്ധതിയുടെ പ്രാധാന്യവും അടിയന്തര സ്വഭാവവും സംബന്ധിച്ച് ജില്ലാ തിര‌ഞ്ഞെടുപ്പ് ഓഫീസർമാർക്ക് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകുകയും,​ ഇതിനായി എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം നല്ലതുതന്നെ. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം,​ രാഷ്ട്രീയത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ ഉള്ള അജ്ഞത കാരണമല്ല പുതിയ തലമുറ തിരഞ്ഞെടുപ്പു പ്രക്രിയയുമായി നിസ്സഹരിക്കുന്നതിന്റെ ലക്ഷണം കാണിക്കുന്നത് എന്നതാണ്. പഴയ തലമുറയെ അപേക്ഷിച്ച്,​ ഉന്നത വിദ്യാഭ്യാസത്തിലും സ്വതന്ത്ര ചിന്തയിലും സ്വന്തമായി തീരുമാനമെടുക്കുന്നതിലുമൊക്കെ പല ചുവട് മുന്നിലാണ് പുതിയ ചെറുപ്പക്കാർ. കക്ഷിരാഷ്ട്രീയത്തോടും രാഷ്ട്രീയ ഭരണ സംവിധനങ്ങളോടും ഇവർ പുലർത്തുന്ന അതൃപ്തിയുടെ യഥാർത്ഥ കാരണമറിഞ്ഞുള്ള പരിഹാരമാണ് അവശ്യം.

അതിനു വേണ്ടത് രാഷ്ട്രീയ കക്ഷികളിലും മുന്നണി സംവിധാനങ്ങളിലും സർക്കാരുകളുടെ പ്രവർത്തനശൈലിയിലും അവർക്കു നഷ്ടമായ വിശ്വാസം വീണ്ടെടുക്കുകയാണ്. തിരഞ്ഞെടുപ്പു കമ്മിഷൻ നിർവഹിക്കുന്നത് കുറ്റമറ്റ തിര‌ഞ്ഞെടുപ്പു പ്രക്രിയ ഉറപ്പാക്കുന്ന സാങ്കേതിക ക്രിയകളാണ്. യുവതലമുറയ്ക്ക് രാഷ്ട്രീയത്തിൽ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനുള്ള യഥാർത്ഥ ഉത്തരവാദിത്വമാകട്ടെ,​ രാഷ്ട്രീയ കക്ഷികൾക്കു തന്നെയാണ്. രാഷ്ട്രത്തിന്റെ ഭാഗധേയ നിർണയത്തിനുള്ള തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിന്നാൽ ജനാധിപത്യത്തിനും രാഷ്ട്രത്തിനും സംഭവിക്കുന്ന അപചയത്തെക്കുറിച്ചും അപകടത്തെക്കുറിച്ചും യുവതലമുറയെ ബോദ്ധ്യപ്പെടുത്താനുള്ള ചുമതല സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും,​ സർക്കാരിന്റെ ഭാഗമായ യുവജന കമ്മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏറ്റെടുക്കുകയും വേണം.

എല്ലാ രാഷ്ട്രീയ കക്ഷികൾക്കും യുവജന വിഭാഗങ്ങളുണ്ട്. ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ വോട്ടർപ്പട്ടികയിൽ പേരു ചേർപ്പിക്കുന്നതിനപ്പുറം,​ തങ്ങളുടെ മാതൃകക്ഷിയുടെ രാഷ്ട്രീയ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നതിനും,​ തെറ്രുകൾ തിരുത്തിക്കുന്നതിനും,​ അതുവഴി യുവതലമുറയിൽ ആ കക്ഷിയുടെ വിശ്വാസ്യതയും സ്വീകാര്യതയും വീണ്ടെടുക്കുന്നതിനും ശ്രമിക്കേണ്ടതും അവരാണ്. പുതിയ ചെറുപ്പക്കാർ രാഷ്ട്രീയത്തെ തങ്ങളുടെ പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണ്?​ അധികാര രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി മാറിയാലല്ലാതെ ചെറുപ്പക്കാരെ പൊതുപ്രവർത്തന രംഗത്തേക്ക് തിരികെ കൊണ്ടുവരാനാകുമോ?​ കടൽക്കിഴവന്മാരുടെ കൂടാരമായും,​ ഒഴുക്കില്ലാതെ കിടന്ന് നിരന്തരം മലീമസമാകുന്ന തടാകമായും തീരേണ്ടതാണോ രാഷ്ട്രീയ നേതൃത്വങ്ങൾ?​ ഇതൊന്നും ചിന്തിക്കാതെയും,​ തെറ്റുകൾ തിരുത്താതെയും,​ തിരുത്തിക്കാൻ ശ്രമിക്കാതെയും തിര‌ഞ്ഞെടുപ്പു കമ്മിഷന്റെ ബോധവത്കരണ പദ്ധതികൊണ്ടു മാത്രം ഫലമുണ്ടാകില്ലെന്ന് ഓർമ്മ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.