SignIn
Kerala Kaumudi Online
Thursday, 25 April 2024 3.32 AM IST

അയോദ്ധ്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ 'ചാകര' ആർക്കെന്നറിയുമോ?

ayodhya

ത്രേതായുഗത്തിൽ രാമൻ ജനിക്കുമ്പോൾ കൊട്ടാര നഗരമായിരുന്നു സരയൂതീരത്തെ അയോദ്ധ്യ. ഹിമാലയത്തിലെ നന്ദപർവ്വതത്തിൽ നിന്ന് ഉറവയെടുക്കുന്ന സരയൂനദി. അതിന്റെ തീരത്ത് അയോദ്ധ്യാപുരി ശ്രീരാമ ജന്മഭൂമി. ചരിത്രവും ഭക്തിയും വിശ്വാസവും ഇഴചേരുന്ന രാമായണ കഥാഭൂമിക.

അയോദ്ധ്യനഗരമദ്ധ്യത്തിൽ കോട്ടക്കുള്ളിലാണ് ഹനുമാൻ ഗഢി. അയോദ്ധ്യ സംരക്ഷിക്കാൻ ഹനുമാൻ വസിച്ചിരുന്ന ഗുഹ. അവിടെ അമ്മ അഞ്ജനയുടെ മടിയിൽ ഹനുമാൻ പ്രതിഷ്ഠ. സരയൂവിലേക്കുള്ള കടവിൽ ശ്രീരാമൻ അശ്വമേധയാഗം നടത്തിയ തീർത്ഥ് കാ താകൂർ. അവിടെ കൃഷ്ണശിലാ ക്ഷേത്രത്തിൽ രാമന്റെയും ലക്ഷ്മണഭരതശത്രുഘ്നന്മാരുടേയും പ്രതിഷ്ഠ. അതിന് വലത്തുഭാഗത്ത് സ്വർണ്ണമനോഹരമന്ദിരം, കനക്ഭവൻ. രാമനെ വനവാസത്തിനയച്ച വളർത്തമ്മ കൈകേയി, സീതാദേവിക്ക് സമ്മാനിച്ചത്. അതിനടുത്ത് രാമപുത്രൻ കുശൻ നിർമ്മിച്ച നാഗേശ്വർനാഥ് ക്ഷേത്രം. സീതാദേവിക്ക് പിതാവ് ജനകൻ നൽകിയ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മണിപർവ്വതവും കാണാം. അവിടെയും ഒരു ക്ഷേത്രം.

വർഷ കാലസന്ധ്യകളിൽ സീതാരാമൻമാർ ഊഞ്ഞാലാടാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മണിപർവ്വതം കടന്നാൽ അയോദ്ധ്യയിലെ കൊട്ടാര ഊട്ടുപുര 'രാം കി പൈദി'. അത് പിന്നിടുമ്പോൾ കൊട്ടാരപൂജാഗൃഹമായിരുന്ന ചക്രഹർജി വിഷ്ണുക്ഷേത്രം, തൊട്ടുതാഴെ തുളസീദാസ്, രാമായണ ഭജന നടത്തിയ തുളസിഭവൻ. അങ്ങനെ രാമപ്ര യാഗ് വരെ രാമനാമ മഹിമ. കുന്നുകളും കടവുകളും ക്ഷേത്രങ്ങളും ചേർന്ന് സംസ്‌കാരത്തിന്റെ നിഴൽചാർത്തുകളിൽ വിസ്‌മയിപ്പിക്കുന്ന നഗരം. ലോകത്തെ പ്രൗഢഗംഭീര തീർത്ഥാടനനഗരമെന്ന പെരുമയിലേക്ക് തലയുയർത്തുന്ന പുതിയ അയോദ്ധ്യ മനോഹരമായൊരു ടൂറിസ്റ്റ് സർക്കീട്ടായി വികസിച്ചു.

രാമക്ഷേത്രം തുറന്നപ്പോൾ വമ്പൻ വ്യവസായഗ്രൂപ്പുകൾ അയോദ്ധ്യയെ സമൃദ്ധമാക്കാനുള്ള ഒരുക്കത്തിലാണ്. ഒരുലക്ഷം കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾക്ക് അടിത്തറയായി. രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പും അയോദ്ധ്യയായിരിക്കും. പാരമ്പര്യ ആധുനിക ശൈലികൾ സംയോജിക്കുന്ന ' ന്യൂ അയോദ്ധ്യ'.

സഞ്ചാരികളുടെ പറുദീസയാകും

രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാകും അയോദ്ധ്യ. ദിവസം 80000 മുതൽ ഒരു ലക്ഷം വരെ തീർത്ഥാടകരെ പ്രതീക്ഷിക്കുന്നു. താജ്, റാഡിസൺസ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടൽ ഗ്രൂപ്പുകളും സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ഹോട്ടലും രാമന്റെ നാട്ടിലുണ്ടാകും.

വികസന വിപ്ലവം

അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നവീകരിച്ചു. ചെലവ് 240കോടി. 60,000പേരെ ഉൾക്കൊള്ളും. 6500 ചതുരശ്ര മീറ്റർ വലിപ്പത്തിൽ 1,450കോടി രൂപ ചെലവിൽ പുതിയ എയർപോർട്ടും. മഹാഋഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് പ്രതിവർഷം 10ലക്ഷം യാത്രക്കാരെ ഹാൻഡിൽ ചെയ്യും. രണ്ടാംഘട്ടത്തിൽ 60 ലക്ഷമാകും. ക്ഷേത്രത്തിലേക്കുള്ള റാംപഥ്, ഭക്തിപഥ്, ധരപഥ്, ശ്രീരാമജന്മഭൂമിപാത റോഡുകൾ,

വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ- സുൽത്താൻപൂർ നാലുവരി പാത, ശ്രീരാമജന്മഭൂമി വരെയുള്ള നാലുവരിപ്പാത തുടങ്ങി സ്വപ്‌നസമാന സൗകര്യങ്ങൾ. 250ഓളം ബാങ്ക് ശാഖകളാണ് വരുന്നത്. കേരളത്തിലെ ഫെഡറൽ ബാങ്കും അയോദ്ധ്യയിൽ കൂടുതൽ ശാഖകൾ തുറക്കും. കല്യാൺ ജുവലേഴ്സിന്റെ ഷോറുമുകളും രാമരാജ്യത്തെത്തും

വില കൂടുതൽ ജാഗ്രത വേണം

ഹോട്ടൽ മുറിവാടകയും, ഭക്ഷണത്തിനും ഉൾപ്പെടെ വില വർദ്ധിച്ചിട്ടുണ്ട്. തോന്നുംപടി വില വാങ്ങാനുള്ള ശ്രമങ്ങളെ നിയന്ത്രിക്കാൻ ഉത്തർപ്രദേശ് സർക്കാർ നടപടിയെടുക്കുന്നുണ്ടെങ്കിലും തീർത്ഥാടകർ ജാഗ്രത പാലിക്കേണ്ട സാഹചര്യമുണ്ട്. ഇ- റിക്ഷകൾക്ക് ചാകരയാണ്. കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച ഇലക്ട്രിക് റിക്ഷകൾ ഭക്തരെയുംകൊണ്ട് തലങ്ങും വിലങ്ങും പായുന്നു. അവയിൽ നിന്ന് രാമകീർത്തനങ്ങൾ അത്യുച്ചത്തിൽ മുഴങ്ങുന്നുണ്ട്. സ്വകാര്യ വാഹനങ്ങളുടെ സ്റ്റീരിയോകളിൽ നിന്നും ഭക്തിഗാനലഹരി. തെരുവുകളിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളും രാമനെ സ്തുതിച്ച് മുന്നോട്ടു നീങ്ങുന്നു. അയോദ്ധ്യയുടെ ഓരോ അണുവിലും രാമനെ ദർശിക്കുന്ന ഭക്തജനക്കൂട്ടം. ചന്ദനവും കുങ്കുമവും ഭസ്മവുംകൊണ്ട് നെറ്റിയിൽ ശ്രീറാം എന്നെഴുതിയിരിക്കുന്നവരാണ് ഏറെ. ഇതിനിടെ ഭജനസംഘങ്ങളേയും സന്യാസിമാരേയും കാണാം.

ദർശന സമയം ഇങ്ങനെ

തിരക്കുണ്ടാകുമെന്നും, മണിക്കൂറുകൾ വരി നിൽക്കേണ്ടി വരുമെന്ന കാര്യം മനസിൽ വച്ചുകൊണ്ടാകണം ഭക്തർ അയോദ്ധ്യയിലെത്തേണ്ടത്. കാലാവസ്ഥയും കണക്കിലെടുക്കണം. ക്ഷേത്രത്തിൽ ബാഗോ, മൊബൈൽ ഫോൺ തുടങ്ങിയവയോ കൊണ്ടു പോകാൻ അനുവദിക്കില്ല. ഇവ സൂക്ഷിക്കാൻ സമീപത്തായി ലോക്കർ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അംഗപരിമിതർ, പ്രായമായവർ തുടങ്ങിയവർക്ക് വീൽച്ചെയർ, ലിഫ്റ്റ് തുടങ്ങിയവയുണ്ട്.

സാധാരണനിലയിൽ രാവിലെ 6.30 മുതൽ ഉച്ചയ്‌ക്ക് 12 വരെയും, 2.30 മുതൽ രാത്രി പത്തുമണി വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. വഴിപാടുകൾ ഇല്ല. തിരക്ക് അനുസരിച്ച് സമയത്തിൽ മാറ്റം വരാം. ക്ഷേത്രസന്ദർശനം തീരുമാനിക്കുകയാണെങ്കിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുന്നത് ഉചിതമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, AYODHYA, AYODHYA RAM TMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.