ശബരിമല: കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട ഇന്ന് അടയ്ക്കും. പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടക്കും. നെയ്യഭിഷേകവും നിശ്ചിത എണ്ണം അഷ്ടാഭിഷേകവും അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകവും ഉണ്ടായിരിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് , മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. കർക്കടകത്തിലെ ആദ്യ സഹസ്രകലശമാണ് ഇന്ന് നടക്കുന്നത്. കളഭാഭിഷേകവും ഉച്ചപൂജയും പൂർത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം അത്താഴപൂജ എന്നിവയ്ക്ക് ശേഷം നട അടയ്ക്കും. ഇന്ന് രാത്രി 8ന് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല.
നിറപുത്തരി പൂജകൾക്കായി ആഗസ്റ്റ് 11ന് നടതുറക്കും. 12നാണ് നിറപുത്തരി. ആഗസ്റ്റ് 3നാണ് കർക്കടക വാവുബലി. പമ്പയിലെ സ്നാന ഘട്ടങ്ങളിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അന്ന് കെ.എസ്.ആർ.ടി.സി പമ്പയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |