SignIn
Kerala Kaumudi Online
Saturday, 27 July 2024 5.00 AM IST

സഹകരണ ബാങ്കുകൾ വിശ്വാസ്യത വീണ്ടെടുത്തു

k

കരുവന്നൂർ ഉൾപ്പെടെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഏതാനും സഹകരണ ബാങ്കുകളിൽ നടന്ന പണാപഹരണവും തട്ടിപ്പും അവയിലെ സാധാരണക്കാരായ നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ നിലനില്പുപോലും അപകടത്തിലാക്കിയ സംഭവമായിരുന്നു വൻതോതിലുള്ള ഇത്തരം തട്ടിപ്പുകൾ. ജനങ്ങൾക്കിടയിൽ സഹകരണ മേഖലയെക്കുറിച്ച് വലിയ സന്ദേഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ വർഷത്തെ നിക്ഷേപ യജ്ഞവുമായി സർക്കാർ മുന്നോട്ടുവന്നത്. ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ നീണ്ടുനിന്ന നിക്ഷേപ യജ്ഞത്തിൽ 9000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അവിശ്വസനീയമെന്നു പറയട്ടെ,​ ഉദ്ദേശിച്ചതിലും രണ്ടര ഇരട്ടി നിക്ഷേപമാണ് ഈ ഒറ്റമാസം കൊണ്ട് സഹകരണ ബാങ്കുകളിലെത്തിയത്. കൃത്യമായി പറഞ്ഞാൽ 23,​263.73 കോടി രൂപ.

സഹകരണ വകുപ്പിനെ അമ്പരപ്പിക്കും വിധത്തിലുള്ള പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നുണ്ടായത്. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് മുഖ്യ ആകർഷണമായിരുന്നു. എന്നാൽ അതിനുമുപരി സഹകരണ ബാങ്കുകളിൽ സാധാരണക്കാർക്കുള്ള വിശ്വാസ്യത മുൻപത്തെക്കാൾ വർദ്ധിച്ചിട്ടുണ്ടെന്ന് അടിവരയിടുന്നതാണ് നിക്ഷേപത്തിൽ ദൃശ്യമായ ഈ കുതിച്ചുചാട്ടം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പലരും സഹകരണ ബാങ്കുകളിലുള്ള തങ്ങളുടെ നിക്ഷേപം അവസാനിപ്പിച്ച് കൂടുതൽ സുരക്ഷിതമായ ഇടങ്ങൾ തേടിയിരുന്നു. തല്പരകക്ഷികൾ സഹകരണ മേഖല അമ്പേ തകരുകയാണെന്നും നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന് കള്ളപ്രചാരണം നടത്തുകയും ചെയ്തിരുന്നു.

കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണം നഷ്ടപ്പെടുന്നതു കാണാൻ ആരും തയ്യാറാവുകയില്ലല്ലോ. സഹകരണ ബാങ്കുകൾക്കെതിരായ പ്രചാരണം കുറെപ്പേരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകാം. അതിന്റെ തെളിവായിരുന്നു പലേടത്തും നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള ജനങ്ങളുടെ നെട്ടോട്ടം. ഏതായാലും സർക്കാർ സ്വീകരിച്ച ഉറച്ച നടപടികളെത്തുടർന്ന് സഹകരണ ബാങ്കുകൾ വളരെ വേഗത്തിൽ വിശ്വാസ്യത വീണ്ടെടുത്തുവെന്നത് സന്തോഷകരമായ കാര്യമാണ്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരിൽ അധികംപേരും സാധാരണക്കാരാണ്. തങ്ങളുടെ ചുറ്റുവട്ടത്ത് കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങളും ബാങ്കുകളും പല രീതിയിലും അവരുടെ ആശ്രയകേന്ദ്രങ്ങളാണ്. മറ്റു ധനകാര്യസ്ഥാപനങ്ങളോടു തോന്നാത്ത ഒരടുപ്പവും സ്വന്തമെന്ന വിചാരവുമാണ് ജനങ്ങളെ സഹകരണ സ്ഥാപനങ്ങളോടു ചേർത്തുനിറുത്തുന്നത്.

പുഴുക്കുത്തുകൾ എവിടെയും കാണുമല്ലോ. സഹകരണ ബാങ്കുകളിൽ ഈയിടെ ദൃശ്യമായ ക്രമക്കേടുകൾക്കും വൻതോതിലുള്ള പണാപഹരണത്തിനും പിന്നിൽ എന്തിനും പോന്ന അവയിലെ മുഖ്യ നടത്തിപ്പുകാർ തന്നെയാണുള്ളതെന്ന് തെളിഞ്ഞുകഴിഞ്ഞു. രാഷ്ട്രീയ സ്വാധീനമാണ് ഇത്തരം ക്രമക്കേടുകൾ നടത്താൻ അവർക്കു സഹായകമാകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. പരിശോധനകളിലും ഓഡിറ്റിംഗിലും ഉണ്ടായ വീഴ്ചകളും തട്ടിപ്പുകൾ മൂടിവയ്ക്കാൻ സഹായകമാകാറുണ്ട്. സഹകരണ വകുപ്പിന്റെ ജാഗ്രതക്കുറവും എടുത്തുപറയേണ്ടതാണ്. ഭരണസമിതിക്കാരും ഉദ്യോഗസ്ഥരും ചേർന്നു നടത്തുന്ന ക്രമക്കേടുകൾ തക്കസമയത്ത് കണ്ടുപിടിക്കപ്പെട്ടിരുന്നുവെങ്കിൽ കരുവന്നൂരിൽ ഉൾപ്പെടെ പല സഹകരണ ബാങ്കുകളിലെയും നിക്ഷേപങ്ങൾ വഴിമാറ്റപ്പെടുകയില്ലായിരുന്നു. സഹകരണ പ്രസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്ന അനിയന്ത്രിതമായ രാഷ്ട്രീയ ദുഃസ്വാധീനവും അവയുടെ മേൽഗതിക്കു വിനയാകാറുണ്ട്.

നിക്ഷേപ സമാഹരണ യജ്ഞത്തിൽ നേടാൻ കഴിഞ്ഞ അഭൂതപൂർവമായ വിജയം സർക്കാരിനും സഹകരണ പ്രസ്ഥാനങ്ങൾക്കും കൂടുതൽ കരുതലോടെ മുന്നോട്ടുപോകാനുള്ള അവസരമാണ് പ്രദാനം ചെയ്യുന്നത്. ജനങ്ങൾ സഹകരണ പ്രസ്ഥാനത്തിൽ അർപ്പിക്കുന്ന വിശ്വാസ്യതയ്ക്കുള്ള ഉറച്ച തെളിവാണിത്. ഇത് കാത്തുസൂക്ഷിക്കാൻ കഴിയണം. സഹകരണബാങ്കുകളുടെ ഇടപാടുകളിൽ വകുപ്പിന് സദാ ഒരു കണ്ണുണ്ടായിരിക്കണം. ക്രമക്കേടിന്റെ സൂചന പോലും ദൃശ്യമായാൽ ഉടനടി ഇടപെടുകയും വേണം. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്കു മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഏറെനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിനു പിന്നാലെ പുറത്തു വന്നുകൊണ്ടിരിക്കുന്ന സഹകരണ തട്ടിപ്പുകൾ ഈ നീക്കങ്ങളെ സഹായിക്കുന്നതാണെന്ന വസ്തുത മറക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CO-OPERATIVE BANK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.