SignIn
Kerala Kaumudi Online
Saturday, 27 July 2024 1.32 PM IST

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ യാത്ര, തൊഴുത്തിലെ സംഗീതക്കച്ചേരി: എത്രലക്ഷങ്ങൾ പൊടിച്ചു? ഒടുവിൽ ഇതാ..മാവേലിക്കും നാണക്കേട്

maveni-stores

കേട്ടുകേട്ടു മടുപ്പു തോന്നാമെങ്കിലും ശരാശരി കേരളീയന് വീണ്ടും കേട്ടാലും ഉൾക്കുളിർ തോന്നുന്ന ഒരു ഓണപ്പാട്ടുണ്ട്.

മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരും ഒന്നുപോലെ

ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.

ശ്രീനാരായണഗുരുദേവ ശിഷ്യനായ സഹോദരൻ അയ്യപ്പനാണ് ഈ പാട്ടിന്റെ രചയിതാവെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കിലും ഇക്കാര്യത്തിൽ ചില തർക്കങ്ങളും നിലവിലുണ്ട്. അതെന്തായാലും കേരളത്തിന്റെ നന്മയും ജനജീവിതത്തിന്റെ സ്വച്ഛതയും സമത്വത്തിന്റെ ഓർമ്മപ്പെടുത്തലുകളുമെല്ലാം സമന്വയിപ്പിച്ചിട്ടുള്ളതാണ് ഈ വരികൾ. വ്യഥകളും വേവലാതികളും ഇല്ലാത്തൊരു സുന്ദരകാലം. ഇനിയിതൊക്കെ ഓർമ്മതന്നെയെന്ന യാഥാർത്ഥ്യം അറിയാമെങ്കിലും അന്തരിച്ച പ്രിയകവി ഒ.എൻ.വി എഴുതിയപോലെ,​ വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. സാന്നിദ്ധ്യമില്ലാത്തവരെക്കുറിച്ച് പറയരുതെന്നാണെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മാവേലി മഹാരാജാവിനെക്കുറിച്ച് ഓർത്തുപോവുന്നു,​ ക്ഷമിക്കണം മഹാരാജൻ.

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഇടത്തരക്കാർക്കുമെല്ലാം ഒരുപോലെ ആശ്രയമായിരുന്നല്ലോ അങ്ങയുടെ പേരിലുള്ള മാവേലി സ്റ്റോറുകൾ. അതും തീവെട്ടിക്കൊള്ളയ്ക്കുള്ള നിർദ്ദയ കേന്ദ്രങ്ങളാവുന്നു. മാവേലി സ്റ്റോറുകൾ വഴി കുറഞ്ഞ വിലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന അവശ്യസാധനങ്ങളുടെ വില കൂട്ടാൻ ഒടുവിൽ ജനപ്രിയ രണ്ടാം പിണറായി സർക്കാർ തീരുമാനിച്ചു. അങ്ങനെ മാവേലിയുടെ സത്പ്പേരും കളങ്കപ്പെട്ടിരിക്കുന്നു.

കാസർകോട്ട് നിന്ന് തിരുവനന്തപുരം വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ദിനബത്ത വാങ്ങിക്കൊണ്ടുതന്നെ കെ.എസ്.ആർ.ടി.സി വക സ്പെഷ്യൽ ബസിൽ 35 ദിവസങ്ങളിലേറെയെടുത്ത് യാത്രചെയ്ത് വിജയിപ്പിച്ച നവകേരള സദസിൽ നടത്തിയ സംവാദങ്ങളുടെ ബാക്കിപത്രമാണോ ഈ വില വർദ്ധനയെന്ന് നിശ്ചയമില്ല. യാത്രയ്ക്കിടെ പൗരപ്രമുഖന്മാരുമായി കൂടിക്കാഴ്ചയുണ്ടായിരുന്നല്ലോ. അവിടെ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളാണോ മാവേലി സ്റ്റോറിനെ വട്ടംപിടിക്കാൻ കാരണമായതെന്നറിയില്ല. ലക്ഷ്വറി കാറുകളിലെത്തി മുഖ്യമന്ത്രിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കിയിരുന്ന് അണ്ടിപ്പരിപ്പും ബദാമും അരച്ചുകലക്കിയ പാലും പൊരിച്ച കോഴിക്കഷണവും മീൻകറിയുമൊക്കെ കഴിച്ച്,​ മൂന്ന് റൗണ്ട് പുകഴ്ത്തലും നടത്തി നമസ്കാരം പറഞ്ഞ് പിരിഞ്ഞ പ്രമാണിമാർ മാവേലി സ്റ്റോറിന്റെ പരിസരം പോലും കണ്ടിട്ടുണ്ടാവില്ല. അവരെ അളവുകോലാക്കിയാണോ പാവപ്പെട്ടവന്റെ പള്ളയ്ക്കടിക്കുന്നത്.

13 ഇനം അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപനം നടത്തി വീണ്ടും അധികാരത്തിലെത്തിയ സർക്കാരാണ് വിലക്കയറ്രം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാരന്റെ കൈത്താങ്ങായ മാവേലി സ്റ്റോറിന്റെ കഴുത്തിൽ പിടിക്കുന്നത്. ഇന്ധനത്തിനും മദ്യത്തിനും മുടങ്ങിക്കിടക്കുന്ന പെൻഷന്റെ പേരിൽ സെസ് ഏർപ്പെടുത്തിയ വിരുതന്മാർ ഇതിനപ്പുറം കാട്ടിയാലും അതിശയമില്ല. സംസ്ഥാനത്തെ 922 മാവേലി സ്റ്റോറുകളും 581 സൂപ്പർമാർക്കറ്രുകളും ആറ് ഹൈപ്പർ മാർക്കറ്രുകളും സാധാരണക്കാരന് നൽകിയ ആശ്വാസം വളരെ വലുതാണ്.

സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്രത്തിന്റെ സഹായവും കുറഞ്ഞിട്ടുണ്ട്. അതിലാർക്കും തർക്കമില്ല. സ്വാഭാവികമായും ചില സാമ്പത്തിക അച്ചടക്കങ്ങൾ വേണ്ടിവരും. പക്ഷെ അതിന് നേരെ മാവേലി സ്റ്റോർ മാത്രം ലക്ഷ്യം വച്ചാലോ. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും തുടരെയുള്ള വിദേശ യാത്രകൾക്ക് എത്രയായി ചെലവ്. ക്ളിഫ് ഹൗസിലെ സ്വിമ്മിംഗ് പൂൾ നവീകരിക്കാനും തൊഴുത്തു പണിയാനും തൊഴുത്തിലെ പശുക്കളെ സംഗീതക്കച്ചേരി കേൾപ്പിക്കാനും എത്രലക്ഷങ്ങൾ പൊടിച്ചു.

വാതാപി ഗണപതിം ഭജേ എന്ന ദീക്ഷിതർ കീർത്തനം കേട്ടെങ്കിലേ പാൽ ചുരത്തൂ എന്ന് ഒരു പശു വാശിപിടിച്ചാൽ എന്തു ചെയ്യും. തലസ്ഥാനത്തെ മുക്കും മൂലയും മരക്കൊമ്പുകളും സർക്കാർ മന്ദിരങ്ങളുടെ മതിലുകളും ദീപാലങ്കാരത്തിൽ മുക്കി ഏഴുദിവസം തലസ്ഥാന നഗരിയെ പൂരക്കൊഴുപ്പിലാക്കിയ കേരളീയം നടത്തിയിരുന്നില്ലെങ്കിൽ എന്ത് നാണക്കേടാവുമായിരുന്നു. ഇതിനൊക്കെ ലക്ഷങ്ങളും കോടികളുമൊഴുകുമ്പോൾ അല്ലറ ചില്ലറ വിലകൂട്ടാതെ സർക്കാരെന്തു ചെയ്യും. കയ്യിലൊരു സഞ്ചിയുമെടുത്ത് മാവേലി സ്റ്റോറിലേക്ക് വച്ചുപിടിക്കുന്നവർക്ക് അറിയേണ്ടല്ലോ സർക്കാരിന്റെ പങ്കപ്പാട്. അല്ലെങ്കിലും സർക്കാരിന് തലവേദനയുണ്ടാക്കാനായാണ് ചിലരുടെ നോട്ടം. നെല്ല് സംഭരിച്ചിട്ട് വില കിട്ടിയില്ല, തേങ്ങായ്ക്ക് താങ്ങുവിലയുമില്ല, റബറിന് വില കൂടുന്നില്ല, കരാറുകാർക്ക് കുടിശിക കൊടുക്കുന്നില്ല... ഇങ്ങനെ ആവലാതിക്കാരെ കൊണ്ട് തോറ്റു. സംസ്ഥാനത്തിന്റെ ഭാവി വികസനം ലക്ഷ്യം വച്ച് വൈജ്ഞാനിക സമ്പദ്ഘടന ശക്തിപ്പെടുത്താനും നിർമ്മിതബുദ്ധി ജനജീവിതത്തിന്റെ ഭാഗമാക്കാനും സർക്കാർ നടത്തുന്ന അക്ഷീണ പ്രവർത്തനങ്ങൾ ആരോട് പറയാൻ.

ഇവിടെയൊരു മന്ത്രിയുണ്ടായിരുന്നു

1980 കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നായരാണ് മാവേലി സ്റ്റോർ എന്ന ജനപ്രിയ സങ്കല്പത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തുടങ്ങിയ ഓണച്ചന്തകളാണ് പിന്നീട് മാവേലി സ്റ്റോറായി പരിണമിച്ചത്. സ്വന്തം ജില്ലയായ കൊല്ലത്തെ കശുവണ്ടി തൊഴിലാളികൾ ഓണക്കാലത്ത് ബോണസ് കിട്ടിക്കഴിഞ്ഞാൽ നേരെ ചന്തയിലേക്കാണ് പോയിരുന്നത്. ബോണസ് വിതരണത്തെക്കുറിച്ച് നേരത്തെ അറിവ് കിട്ടുന്ന കച്ചവടക്കാർ സാധനങ്ങൾക്ക് ക്രമാതീതമായി വിലകൂട്ടും.

കച്ചവടക്കാരെ കർക്കശമായി നേരിടാൻ ചില സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. അതോടെ മാർക്കറ്റിൽ ഇടപെടാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി ഉത്രാട ദിവസം വരെ ഓണച്ചന്തകൾ തുറക്കാൻ നടപടിയെടുത്തു. ഓണച്ചന്തകൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായതോടെയാണ് സ്ഥിരം സംവിധാനമാക്കാൻ ആലോചിച്ചത്. മാവേലി കാലത്തിന്റെ ഓർമ്മയ്ക്കാണ് മാവേലി സ്റ്റോർ എന്ന പേര് സ്വീകരിച്ചത്. കാലക്രമത്തിൽ കേരളത്തിലെ ജനജീവിതത്തിന്റെ അവിഭാജ്യഘടകമായി ഇത് മാറി.

സാധാരണക്കാരന് വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാവുമെന്നതിന് പുറമെ ആയിരക്കണക്കിന് തൊഴിൽരഹിതർക്ക് ജീവിതമാർഗമാവാനും ഇതിലൂടെ സാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ അമിതഭാരം ജനങ്ങൾക്ക് മേൽ കെട്ടിവയ്ക്കുന്നതിന് പകരം ബദൽ മാർഗങ്ങൾ തേടുകയാണല്ലോ യുക്തിസഹമായ മാർഗം. അത്തരം ആലോചനകളിലേക്ക് കടക്കാതെ പൊടുന്നനെയുള്ള ഈ വർദ്ധന പാവപ്പെട്ടവർക്കുള്ള ഇരുട്ടടിയാണ്.

ഇതുകൂടി കേൾക്കണേ

സാമ്പത്തിക പ്രതിസന്ധിയെന്നത് സത്യമാണ്. പക്ഷെ വിലക്കയറ്റത്തിന്റെ രൂക്ഷതയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ഈ പ്രതിസന്ധിയെന്ന സത്യത്തേക്കാൾ, അവന്റെ നിലവിളി കേൾക്കാൻ ആരുമില്ലെന്ന വിങ്ങിപ്പൊട്ടലാണ് വലുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAVELI STORE, KERALA, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.