SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.57 AM IST

മോദി ഗ്യാരണ്ടി പ്രാവർത്തികമാകുന്നില്ല? കർഷക സമരം രാജ്യത്തുണ്ടാക്കുന്നത് പ്രതിദിനം 500 കോടി രൂപയുടെ സാമ്പത്തിക നഷ്ടം

farmers-protest

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ക‌ർഷകരാണ് ഏറെയും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. വരുംദിവസങ്ങളിൽ പ്രക്ഷോഭം കടുപ്പിക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ച അറിയിക്കുന്നത്. വിവിധ കർഷക സംഘടനകളും ട്രേഡ് യൂണിയനുകളുമായി ചേർന്ന് ഇന്നലെ ഭാരത് ബന്ദ് നടത്തുകയും ചെയ്തിരുന്നു.

ഇന്ന് ഭാരതി കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പഞ്ചാബിലെ മൂന്ന് ബിജെപി നേതാക്കളുടെ വസതിക്ക് മുന്നിൽ ധർണ നടത്തുകയും ടോൾ പ്ളാസകൾ ഉപരോധിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും പ്രക്ഷോഭകർ റെയിൽവേ പാളങ്ങളും റോഡുകളും ഉപരോധിച്ചു. ഭാരത് ബന്ദിന്റെ ഫലമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.

പ്രതിദിന നഷ്ടം 500 കോടി

അതേസമയം, കർഷക പ്രക്ഷോഭം പ്രതിദിനം 500 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. വ്യാവസായിക സ്ഥാപനമായ പ്രോഗ്രസ് ഹാ‌ർമണി ഡവലപ്പ്‌‌മെന്റ് ചേംബർ ഒഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി (പിഎച്ച്‌ഡിസിസിഐ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ; പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവയുടെ മൊത്ത സംസ്ഥാന ഉത്‌‌പാദനത്തെ (ജിഎസ്‌ഡിപി) സമരം സാരമായി ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കർഷക സമരം വ്യാപാര- വ്യവസായ മേഖലയിൽ വലിയ ആഘാതം ഉണ്ടാക്കും. വൻ സാമ്പത്തിക നഷ്ടത്തോടൊപ്പം വലിയതോതിൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കർഷകരും കേന്ദ്രവും തമ്മിൽ ചർച്ച ചെയ്ത് എത്രയും വേഗം പ്രശ്‌നപരിഹാരം കാണേണ്ടതുണ്ടെന്ന് പിഎച്ച്ഡിസിസിഐ പ്രസിഡന്റ് സഞ്ജീവ് അഗ്രവാൾ പറഞ്ഞു.

ക‌ർഷക സമരം ചെറുകിട വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും പിഎച്ച്‌ഡിസിസിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) ബിസിനസുകളെ സാരമായി ബാധിക്കുന്നു. ഇത്തരം വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. അതിനാൽതന്നെ സമരം ഇത്തരം ബിസിനസുകളെ നഷ്ടത്തിലാക്കുന്നു.

പഞ്ചാബ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ 2022-23 കാലയളവിലെ സംയോജിത ജിഎസ്‌‌ഡിപി 27 ലക്ഷം കോടി രൂപയായിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി ഏകദേശം 34 ലക്ഷം എംഎസ്എംഇകളുണ്ട്. ഇതിലായി 70 ലക്ഷം തൊഴിലാളികൾ അതത് ഫാക്ടറികളിൽ ജോലി ചെയ്യുന്നുണ്ടെന്നും പിഎച്ച്‌ഡിസിസിഐ റിപ്പോർട്ടിൽ പറയുന്നു. കർഷക സമരം ഈ മൂന്ന് സംസ്ഥാനങ്ങളിലെ സംയോജിത ജിഎസ്‌ഡിപി ഗണ്യമായി കുറയ്ക്കുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

കർഷക പ്രക്ഷോഭം മൂലം അസംസ്‌കൃത വസ്‌തുക്കളുടെ വിതരണം നിലയ്ക്കുന്നതിനാൽ ചെറുകിട സംരംഭങ്ങൾക്കുപുറമേ ഭക്ഷ്യ സംസ്കരണം, വസ്ത്ര നിർമാണം-വ്യാപാരം, ഓട്ടോമൊബൈൽ, കാർഷിക യന്ത്രങ്ങൾ, വിവര സാങ്കേതികവിദ്യ, വ്യാപാരം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ മേഖലകളിലും തിരിച്ചടിയുണ്ടാവുമെന്ന് റിപ്പോ‌ർട്ടിൽ പറയുന്നു.

കർഷക പ്രക്ഷോഭം രണ്ടാം ഭാഗം

ഫെബ്രുവരി 13നാണ് രണ്ടാം കർഷക പ്രക്ഷോഭം ആരംഭിച്ചത്. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, എം എസ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ സമര രംഗത്തുള്ളത്.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കർഷകർ ഡൽഹി ചലോ മാർച്ചിൽ ഉന്നയിക്കുന്നത്. 2020ലെ വൈദ്യുതി നിയമം റദ്ദാക്കണം, ലഖിംപൂർഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണം, കർഷകസമരത്തിൽ ഉൾപ്പെട്ടവർക്കെതിരായ കേസുകൾ പിൻവലിക്കണം എന്നിവയും ഡൽഹി ചലോ മാർച്ചിലെ പ്രധാന ആവശ്യങ്ങളാണ്.

രണ്ട് വർഷങ്ങൾക്കുമുൻപ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പ്രക്ഷോഭവുമായി മുന്നോട്ട് പോവുകയായിരുന്നു. ചർച്ചയിൽ 2020- 21 പ്രക്ഷോഭത്തിൽ കർഷകർക്ക് എതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായെങ്കിലും മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം വേണമെന്നതിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്.

മിനിമം താങ്ങുവിലയ്ക്കായി നിയമനിർമാണം, കടം എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കൽ എന്നിവയ്ക്കുള്ള നിയമപരമായ വശങ്ങളെക്കുറിച്ച് മനസിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും കർഷക പ്രതിനിധികൾ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. തുടർന്നാണ് സമരം കടുപ്പിക്കാൻ വിവിധ കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിക്കൊണ്ട് 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയതോടെയാണ് 13 മാസമായി തുടർന്ന കർഷക പ്രക്ഷോഭം അവസാനിച്ചത്. ഒൻപത് മാസത്തിനുശേഷം 2022 ജൂലായ് 12നായിരുന്നു കേന്ദ്രസർക്കാർ 29 അംഗ വിദഗ്ദ സമിതി രൂപീകരിച്ചത്. ഇവരിൽ നാലുപേർ കേന്ദ്രസർക്കാർ സെക്രട്ടറിമാരും നാലുപേർ സംസ്ഥാനത്തിന്റെ പ്രതിനിധികളുമായിരുന്നു. എന്നാൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് സമിതിയിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല. പ്രക്ഷോഭത്തിന് പിന്നാലെ ആറിനം റാബി വിളകൾക്ക് മിനിമം താങ്ങുവില ഉയർത്തുമെന്ന് കഴിഞ്ഞ ഒക്ടോബർ 18നു കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാൽ ഇവയൊന്നും പാലിക്കാതെ വന്നപ്പോഴാണ് വീണ്ടും സമരമുഖത്തെത്തിയതെന്നാണ് കർഷകർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARMERS PROTEST 2.0, ECONOMIC LOSS, DELHI, PUNJAB, HARYANA, GSDP, PHDCCI REPORT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.