ജൽപായ്ഗുരി: ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വിചിത്ര ഹർജി. രണ്ട് സിംഹങ്ങളിൽ ഒരാളുടെ പേര് അക്ബർ എന്നും മറ്റേതിന്റെ പേര് സീത എന്നുമാണ്. അക്ബറിനെയും സീതയേയും ഒന്നിച്ചിടരുതെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ആണ് ഹർജി നൽകിയത്.
അക്ബർ എന്നത് മുഗൾ ചക്രവർത്തിയുടെ പേരാണ്. സീതയാകട്ടെ ഇതിഹാസമായ രാമായണത്തിന്റെ ഭാഗവും. സീതയെ അക്ബറിനൊപ്പം പാർപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കലാണെന്നാണ് വിഎച്ച്പി ആരോപിക്കുന്നത്.
ഹിന്ദു മതത്തിനെതിരായ ആക്രമണമായാണ് ഇത്തരമൊരു പേര് സിംഹത്തിന് നൽകിയതെന്ന് വിഎച്ച്പി ജില്ലാ മേധാവി ദുലാൽ ചന്ദ്ര റേ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. 'ബംഗാൾ സഫാരി പാർക്കിൽ കൊണ്ടുവന്ന സിംഹത്തിന് സീത എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഹിന്ദു മതത്തെ വ്രണപ്പെടുത്തി. അത്തരമൊരു പേരിനോട് ഞങ്ങൾ ശക്തമായി എതിർക്കുന്നു, അതിനാൽ കോടതിയെ സമീപിച്ചു.' - റേ പറഞ്ഞു.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് ഫെബ്രുവരി 12നാണ് സിംഹങ്ങളെ സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. വനംവകുപ്പിനെയും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറെയും കക്ഷികളാക്കിയാണ് വിശ്വഹിന്ദു പരിഷത്ത് ഹർജി നൽകിയത്. ഹർജി ഈ മാസം ഇരുപതിന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |