തിരുവനന്തപുരം : ആർ.എസ്.എസ് പ്രവർത്തകനും മണ്ണന്തല സ്വദേശിയുമായ രഞ്ജിത് കടയ്ക്കുളളിൽ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് താനാണെന്നും അപ്പോൾ അവിടെ മറ്റ് ആൾക്കാരോ വാഹനങ്ങളോ ഒന്നും കണ്ടില്ലെന്നും സാക്ഷിമൊഴി. പത്രവിതരണക്കാരനായ നാലാഞ്ചിറ പളളിക്കോണം പണയിൽ വീട്ടിൽ വിഷ്ണുവാണ് മൊഴി നൽകിയത്. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് കേസ് പരിഗണിച്ചത്.
സംഭവദിവസം വെളുപ്പിന് രഞ്ജിത്തിന്റെ കടയിൽ പത്രം ഇട്ട ശേഷം കടയ്ക്കുളളിലേക്ക് നോക്കിയപ്പോഴാണ് രഞ്ജിത് വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഈ സമയം അതുവഴിവന്ന പത്രം ഏജന്റ് ഗോപനോട് വിവരം പറയുകയും ഗോപൻ ഒരു സ്‌കൂട്ടറിൽ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും ചെയ്തതായി സാക്ഷി മൊഴി നൽകി.
അതിനു ശേഷമാണ് പൊലീസും ആൾക്കാരും അവിടെ കൂടിയതെന്ന് സാക്ഷി കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട രഞ്ജിത് ആർ. എസ്. എസ് പ്രവർത്തകനാണെന്നും വഞ്ചിയൂർ വിഷ്ണു വധക്കേസിൽ ഉദ്ദേശം നാലുമാസത്തോളം ജയിലിൽ കിടന്ന കാര്യം അറിയാമെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തിൽ സാക്ഷി സമ്മതിച്ചു.
2008 ഒക്ടോബർ 17 നാണ് മണ്ണന്തല സ്വദേശിയും നാലാഞ്ചിറ കോട്ടമുകൾ ജംഗ്ഷനിൽ വിനായക ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കട ഉടമയുമായ രഞ്ജിത്തിനെ 5.50 ന് വെട്ടി കൊലപ്പെടുത്തിയത്. സി. പി.എം പ്രവർത്തകനും കൈതമുക്ക് സ്വദേശിയുമായ വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രഞ്ജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |