SignIn
Kerala Kaumudi Online
Saturday, 27 July 2024 1.01 PM IST

കോളേജിലോ മറ്റ് ഉന്നത പഠനത്തിനോ പോകുമ്പോഴാണ് അബദ്ധം തിരിച്ചറിയുക, കുട്ടികൾക്ക് സിലബസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം

students

സ്കൂളുകളെല്ലാം സ്മാർട്ടായി. ആധുനിക നിലവാരത്തിൽ ക്ലാസ് മുറികളും സ്കൂളുകളും മാറിയെങ്കിലും മുൻ വർഷങ്ങളേക്കാൾ കുറവ് കുട്ടികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും പരീക്ഷ എഴുതാൻ ഉണ്ടാവണമെന്നില്ല. അങ്ങനെയെങ്കിൽ നിലവിലെ കണക്ക് വീണ്ടും കുറയും. 2022ൽ 10525 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 2023ൽ ഇത് 10213 പേരായി കുറഞ്ഞു. ഈ വർഷം 10044 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 10,214 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണത്തേക്കാൾ 170 കുട്ടികൾ ഇത്തവണ കുറവാണ് പരീക്ഷ എഴുതാൻ.

പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലാകെ 166 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മാർച്ച് നാല് മുതൽ 25 വരെയാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷ. ഓരോ പരീക്ഷക്ക് ശേഷവും ഒന്നും രണ്ടും ദിവസത്തെ ഇടവേളയുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം ഹൈസ്‌കൂളിലാണ്. 280 പേർ മാത്രമാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നതും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ്. കുറ്റൂർ ജി.എച്ച്.എസിൽ ഒരു വിദ്യാർത്ഥി മാത്രമാണ് പരീക്ഷ എഴുതുന്നത്.


പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 6,412 കുട്ടികളാണ് പരീക്ഷയെഴുതുക. കൂടുതൽ കുട്ടികൾ പ്രമാടം നേതാജി എച്ച്.എസ്.എസിലാണ്, 263 പേർ. കുറവ് മൂന്ന് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കുമ്പഴ എം.പി വി.എച്ച്.എസ്.എസിലാണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആകെ കുട്ടികളുടെ എണ്ണം 3,632. കഴിഞ്ഞ തവണ 99.81 ശതമാനമായിരുന്നു വിജയം. ജില്ലയിൽ 44 സർക്കാർ വിദ്യാലയങ്ങൾ കഴിഞ്ഞ വർഷം 100 ശതമാനം വിജയം നേടി. ഒറ്റ വിദ്യാ‌ർത്ഥി പരീക്ഷ എഴുതുന്ന സ്കൂളുകൾ വരെ ജില്ലയിലുള്ളപ്പോൾ സ്മാർട്ട് കെട്ടിടം മാത്രം മതിയോ വിദ്യാർത്ഥികൾക്ക് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

വിദ്യാർത്ഥികൾ മൂന്ന് തട്ടിൽ

ഇവിടെ വിദ്യാർത്ഥികൾ മൂന്ന് തട്ടിലാണെന്ന് സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് സുനിൽ പറയുന്നു. കോളേജ് അദ്ധ്യാപിക ആയിരുന്ന കാലത്ത് ഇത് നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉന്നത വിജയം നേടിയെന്ന് അവകാശപ്പെടുന്ന വിദ്യാർത്ഥികളിൽ പലരും എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിയുണ്ട്. കാണാപാഠം പഠിച്ച് ഉയർന്ന് മാർക്ക് വാങ്ങേണ്ടവരല്ല വിദ്യാർത്ഥികൾ.

കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ വിദേശ രാജ്യങ്ങൾ പലതും കേരളാ സിലബസിന് വേണ്ടത്ര പരിഗണന നൽകുന്നില്ല. പഠന, പാഠ്യേതര കാര്യങ്ങളിലും അങ്ങനെ തന്നെ. ചുരുക്കം ചില വിദ്യാർത്ഥികളാണ് ജയിച്ച് മുന്നേറുന്നത്. സിലബസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ മൂന്ന് തട്ടിലാണ്. കോളേജിലെത്തുമ്പോഴോ മറ്റ് ഉന്നത പഠനത്തിന് പോകുമ്പോഴോ മാത്രമാണ് ഇത് തിരിച്ചറിയാൻ സാധിക്കുക. ഇപ്പോഴത്തെ രക്ഷിതാക്കൾ പോലും കേരളാ സിലബസിലേക്ക് വിദ്യാർത്ഥികളെ അയക്കാൻ മടിക്കുന്നുണ്ട്. പഠിച്ചത് കൊണ്ട് പ്രയോജനം ലഭിക്കാത്ത സിലബസുകൾ പരിഷ്കരിക്കപ്പെടണം. വിദ്യാർത്ഥികളാണ് നാടിന്റെ ഭാവി നിർണയിക്കുന്നത്. അവരെ മികവുറ്റതാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.

വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടതാണ് നൽകേണ്ടത്. എല്ലാ കുട്ടികളും കണക്കിലും സയൻസിലും മിടുക്കരല്ല. കലകളോടും കായികത്തോടും താത്പര്യമുള്ളവരെ അതിനനുസരിച്ച് മുന്നോട്ട് കൊണ്ടുവരണം. പ്രോജക്ടും അസൈൻമെന്റുകളും സെമിനാറുകളും കാരണം വിദ്യാ‌ർത്ഥികളെ പല ഇഷ്ടങ്ങളിൽ നിന്നും രക്ഷിതാക്കൾ തന്നെ വിലക്കുന്നുണ്ട്. അത് അവരുടെ സർഗാത്മകതയെ ആണ് നശിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം സിലബസ് തയ്യാറാക്കാൻ. തൊഴിലധിഷ്ഠിതമായ കോഴ്സുകളാക്കി അവയെല്ലാം മാറ്റിയാൽ വിദ്യാ‌ർത്ഥികൾ നാട് വിടുന്നത് കുറയ്ക്കാം.

നമ്മളെത്തും മുന്നിലെത്തും, പാളിയ പദ്ധതി

വിദ്യാർത്ഥികൾ ഉന്നത വിജയം നേടാനായി വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു നമ്മളെത്തും മുൻപിലെത്തും പദ്ധതി. എല്ലാത്തവണയും ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ ഇതിനായി ഒരു തുക നീക്കി വയ്ക്കുകയും ചെയ്യും. എന്നാൽ ഈ പദ്ധതി കൊണ്ട് ഇതുവരെ വിദ്യാർത്ഥികൾക്ക് യാതോരു പ്രയോജനവും ഉണ്ടായിട്ടില്ല.

എസ്.എസ്.എൽ.സിയിൽ മുൻപന്തിയിലെത്തിയിരുന്നെങ്കിലും ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാത്തവണയും പത്തനംതിട്ട ഏറ്റവും പിന്നിലാവുകയാണ് പതിവ്.

സിവിൽ സർവീസ്, മെഡിക്കൽ പ്രവേശന പരീക്ഷകളിൽ പത്തനംതിട്ടയിലെ കുട്ടികൾ ഉയർന്ന റാങ്കിലെത്തുന്നത് കുറവാണ്. പ്രവേശന പരീക്ഷകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനുള്ള ക്രിയാത്മക നടപടികൾ നടക്കുന്നില്ല.

സീറ്റുകൾ കാലി

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന അത്രയും കുട്ടികൾ പരീക്ഷ എഴുതാറില്ല. ജയിച്ച് വരുന്ന എല്ലാ കുട്ടികൾക്കും ഹയർസെക്കൻഡറി പഠനത്തിന് സീറ്റ് ലഭിക്കും. വിജയിച്ചവരിൽ പലരും വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്‌നിക്, ഐ.ടി.ഐ തുടങ്ങിയ കോഴ്‌സുകൾ തിരഞ്ഞെടുത്തേക്കും. ഈ സാഹചര്യത്തിലും ജില്ലയിൽ ധാരാളം സീറ്റുകളിൽ ഒഴിവ് വന്നേക്കാം. അധികം സീറ്റുകൾ വെറുതേ പാഴായി പോവുകയാണ് എല്ലാ വർഷവും. ഹൈ സ്കൂൾ, ഹയർ സെക്കൻഡറി പഠനത്തിന് ശേഷം വിദേശ പഠനത്തിന് പോകുന്ന കുട്ടികളും മുൻ വർഷങ്ങളേക്കാൾ അധികമായിട്ടുണ്ടിപ്പോൾ.

വിജയ ശതമാനം കുറവ്

കഴിഞ്ഞ വർഷം 99.81ശതമാനം വിജയം നേടി ഒൻപതാം സ്ഥാനത്തായിരുന്നു ജില്ല. എസ്.എസ്.എൽ.സി പരീക്ഷയിൽ 2020 വരെ സംസ്ഥാന തലത്തിൽ മുന്നിലായിരുന്ന പത്തനംതിട്ട. 2020ൽ വിജയ ശതമാനം 99.71 ആയിരുന്നു. 2021ൽ 99.73 ശതമാനം നേടി ആറാം സ്ഥാനത്ത് എത്തിയതിന് ശേഷം ഇതുവരെ പത്തനംതിട്ട ഒന്നാം സ്ഥാനത്തേക്ക് മടങ്ങി പോയിട്ടില്ല. 2022ൽ 99.16 ശതമാനം ലഭിച്ച് പത്താമതായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SYLLABUS, CURRICULAM, KERALA, STATE SYLLABUS, CBSE, ICSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.