SignIn
Kerala Kaumudi Online
Monday, 15 April 2024 2.31 PM IST

നിയമ മേഖലയിലെ ഭീഷ്മ പിതാമഹൻ ; ഒരേയൊരു നരിമാൻ

c

അഡ്വ. ഫാലി എസ്. നരിമാൻ. തലയെടുപ്പോടെ രാജ്യത്തിന്റെ നിയമമേഖലയിൽ പ്രകാശിച്ച ധിഷണാശാലി. ഭരണഘടനാ വിദഗ്ദ്ധൻ. ബൗദ്ധിക ഊർജ്ജം പ്രവഹിക്കുന്ന ആ തലച്ചോർ സുപ്രീംകോടതിക്ക് വെളിച്ചമായിരുന്നു. 95ാം വയസിലും കർമ്മനിരതനായിരുന്നു അദ്ദേഹം. അഭിപ്രായങ്ങൾ ഭയമേതുമില്ലാതെ, ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് വിളിച്ചു പറയുന്നത് രാജ്യം സശ്രദ്ധം കേട്ടു. ഫാലി നരിമാന്റെ വാക്കുകൾ ന്യായാധിപന്മാർക്കും ഭരണാധികാരികൾക്കും തിരുത്തലിനുള്ളത് കൂടിയായിരുന്നു. ഇതിഹാസ ജീവിതത്തിനുടമയായ ആ ഭീഷ്മ പിതാമഹനെ അത്രയധികം ആദരവോടെ രാജ്യം കണ്ടു. നരിമാനു തുല്ല്യം നരിമാൻ മാത്രമായിരുന്നു. ആ മരണം അവശേഷിപ്പിക്കുന്ന വിടവ് നികത്താനാകാത്തതും. ഒരു യുഗത്തിന്റെ അവസാനമെന്നാണ് രാജ്യത്തെ ഭരണഘടനാ വിദഗ്ദ്ധർ പറഞ്ഞത്. നിയമപ്രശ്നങ്ങളിൽ പ്രധാനമന്ത്രിമാർ തുടങ്ങി സാധാരണക്കാർ വരെ അഭയം തേടുന്ന ഇടമായിരുന്നു; മുഖമുദ്ര മാനവികതയും.

നീതിയുടെ

ചങ്കൂറ്റം

ഇന്ദിരാ ഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിൽ പ്രതിഷേധിച്ച് അഡിഷണൽ സോളിസിറ്രർ എന്ന സുപ്രധാന പദവി രാജിവച്ചു. മതേതരത്വം, പൗരാവകാശം തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതിയിൽ നിന്നും ഭരണാധികാരികളിൽ നിന്നുമുണ്ടാകുന്ന പല നിലപാടുകളെയും ചോദ്യം ചെയ്തു. വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി ശരിവച്ചതിനെ വിമർശിച്ചു. കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പു ബോണ്ട് പദ്ധതി റദ്ദാക്കിയതിനെ പിന്തുണച്ചു. താൻ ജനിച്ചതും വളർന്നതും മതേതര ഇന്ത്യയിലാണെന്നും, ആ സ്വഭാവം നിലനിൽക്കുന്ന ഇന്ത്യയിൽത്തന്നെ മരിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

3800-ൽപ്പരം പേർ മരിക്കുകയും, ലക്ഷകണക്കിന് ആളുകളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുകയും ചെയ്ത ഭോപ്പാൽ വാതക ദുരന്ത കേസിൽ യൂണിയൻ കാർബൈഡ് കമ്പനിക്കു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് ഫാലി നരിമാനായിരുന്നു. കമ്പനിക്കു വേണ്ടി ഹാജരായതിൽ പശ്ചാത്താപമുണ്ടെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. കോടതിക്കു പുറത്ത് ഇരകളുടെ കുടുംബങ്ങൾക്കും കമ്പനിക്കുമിടയിൽ പാലമായി പ്രവർത്തിച്ച് 470 മില്യൺ യു.എസ്. ഡോളർ നഷ്ടപരിഹാരം അദ്ദേഹം ഇരകൾക്ക് നേടിക്കൊടുത്തു എന്നത് ചരിത്രം.

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം രൂപീകരിക്കുന്നതിന് കാരണമായ നാഷണൽ ജുഡിഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മിഷൻ കേസിൽ അദ്ദേഹം ഹാജരായി. കൊളീജിയത്തിൽ കേന്ദ്ര സർക്കാരിന്റെ നോമിനി വേണമെന്ന ആവശ്യത്തെ നരിമാൻ ഈയിടെ പിന്തുണച്ചിരുന്നു. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഗോലക്‌നാഥ് കേസ് ഉൾപ്പെടെ സുപ്രധാന കേസുകളിൽ വാദമുഖങ്ങൾ നിരത്തി.

അഭിഭാഷകർക്ക്

പ്രചോദനം

അഭിഭാഷകരെ സംബന്ധിച്ചിടത്തോളം അവരുടെ നക്ഷത്രമാണ് ഫാലി നരിമാൻ. ആത്മകഥയായ 'ബിഫോർ മെമ്മറി ഫെയ്ഡ്സ് ' യുവ അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കുമിടയിൽ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണ്. ദ സ്റ്റേറ്റ് ഒഫ് നേഷൻ , ഗോഡ് സേവ് ദ ഹോണറബിൾ സുപ്രീംകോർട്ട്, ഇന്ത്യാസ് ലീഗൽ സിസ്റ്റം: കാൻ ഇറ്റ് ബി സേവ്ഡ് ? തുടങ്ങിയ പുസ്തകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ. 1995 മുതൽ 1997 വരെ ജനീവയിലെ ഇന്റർനാഷണൽ കമ്മിഷൻ ഒഫ് ജൂറിസ്റ്റ്സ് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു. ഇന്റർനാഷണൽ കൗൺസിൽ ഫോർ കൊമേഴ്സ്യൽ ആർബിട്രേഷൻ അദ്ധ്യക്ഷൻ തുടങ്ങിയ, രാജ്യാന്തര നിയമരംഗത്തെ അഭിമാന പദവികൾ വഹിച്ചു.

1929-ൽ ബ്രിട്ടീഷ് ഇന്ത്യയിലുൾപ്പെട്ട ബർമ്മ പ്രവിശ്യയിലെ റംഗൂണിലാണ് ഫാലി എസ്. നരിമാന്റെ ജനനം. ഷിംലയിൽ സ്കൂൾ വിദ്യാഭ്യാസം. മുംബയിലെ ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദം. 1950-ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷക ജീവിതം ആരംഭിച്ചു. 1961-ൽ മുതിർന്ന അഭിഭാഷ പദവി ലഭിച്ചു. 1971 മുതൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ. മരിക്കും വരെ ആ പദവിയിൽ തുടർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FALI NARIMAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.