SignIn
Kerala Kaumudi Online
Saturday, 27 July 2024 9.21 AM IST

കേരളത്തിലെ ഭിക്ഷക്കാരുടെ ശരാശരി ദിവസവരുമാനം 5 ലക്ഷം രൂപയാണ്, ഏറ്റവും താൽപര്യമുള്ള ജില്ല കൂടി അറിഞ്ഞോളൂ

begger

ഉത്സവങ്ങളും പള്ളി പെരുന്നാളുകളും ഈസ്റ്റർ വിഷു ആഘോഷങ്ങളും ലക്ഷ്യമിട്ട് ഭിക്ഷാടന മാഫിയ നഗരങ്ങളിൽ തഴച്ചുവളരുന്നു. തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള യാചക സംഘമാണ് ഇടുക്കി ജില്ലയിൽ തമ്പടിക്കുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചു പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഉത്സവ സീസണിലാണ് പ്രൊഫഷനൽ ഭിക്ഷാടകർ അതിർത്തി കടക്കുന്നത്. ഇടുക്കിയിലെ വിനോദസഞ്ചാരികളെ പിഴിയാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു.

രോഗികളായും ശാരീരിക വൈകല്യമുള്ളവരായും അഭിനയിച്ചെത്തി ആളുകളെ പിഴിയുന്ന സംഘം ഹൈറേഞ്ചിലും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ചെക്‌പോസ്റ്റ് വഴി കുമളിയിലെത്തി പല സംഘങ്ങളായി തിരിഞ്ഞു ഭിക്ഷ യാചിക്കാനിറങ്ങും. പുലർച്ചെ ഒരു സ്ഥലത്ത് ഒത്തുകൂടി ഭിക്ഷ യാചിക്കേണ്ട സ്ഥലങ്ങൾ ഇവർ തന്നെ തീരുമാനിക്കും. പരമാവധി രണ്ടുമാസം മാത്രമേ ഇവരെ ഒരു സ്ഥലത്തു കാണാനാകൂ.

മദ്ധ്യകേരളത്തിൽ കൊച്ചി കഴിഞ്ഞാൽ പ്രൊഫഷണൽ ഭിക്ഷാടകർക്ക് ഏറ്റവും പ്രിയമുള്ള സ്ഥലം ഇടുക്കിയെന്നു പൊലീസ് പറയുന്നു. പണം സമ്പാദിച്ചശേഷം അതിർത്തി കടക്കാൻ എളുപ്പമാണെന്നതും വീടുകൾ കയറിയിറങ്ങി പിരിവെടുത്താൽ ഗ്രാമീണമേഖലയിൽ നിന്നു വൻതുക പിരിച്ചെടുക്കാമെന്നതും ഭിക്ഷാടകരെ ഇടുക്കിയിലേക്ക് ആകർഷിക്കുന്നു. രാവിലെ ഒമ്പത് മുതൽ നഗരത്തിലെ വിവിധ കടകൾ കയറിയിറങ്ങുകയാണ് സ്ത്രീകൾ ഉൾപ്പെട്ട ഈ സംഘം. ഹോട്ടലുകളുടെയും മറ്റും കവാടത്തിന് മുന്നിൽ കാത്തുനിൽക്കുന്ന ഇവർ ഭക്ഷണം കഴിച്ചെത്തുന്നവർക്കുനേരെ കൈ നീട്ടും. രാവിലെ മുതലുള്ള ഇവരുടെ ശല്യംകൊണ്ട് വ്യാപാരികളും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരും വലയും.

യാചിച്ച് ഉണ്ടാക്കുന്ന പണം വൈകിട്ട് ബസ് സ്റ്റാൻഡിന് സമീപം തമ്പടിച്ച് വീതിച്ചെടുക്കും. ഇവരിൽ നിന്നുള്ള വീതം കൈപ്പറ്റാൻ ഭിക്ഷാടന മാഫിയയിൽപ്പെട്ടവർ കൃത്യമായി എത്തുന്നുണ്ട്. തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ചും കൈയും കാലുമൊക്കെ പ്ലാസ്റ്ററും ചുറ്റിയുമാണ് സംഘം ഭിക്ഷാടനത്തിന് എത്തുന്നത്. ക്രിമിനൽ സ്വഭാവമുള്ളവരും സംഘത്തിലുണ്ട്.

വരുമാനം ലക്ഷങ്ങൾ

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയിരത്തോളം ഭിക്ഷാടകർ ഉണ്ടെന്നാണു പൊലീസ് പറയുന്നത്. ഇതിൽ 30 ശതമാനവും കുട്ടികളാണ്. ഒരു കുട്ടി ശരാശരി 200 രൂപയും മുതിർന്ന യാചകൻ 500 രൂപയും സമ്പാദിക്കുന്നുണ്ടെന്നു കണക്കുകൂട്ടിയാൽ ഒരു ദിവസം ഇടുക്കിയിലെ ഭിക്ഷാടകർ പോക്കറ്റിലാക്കുന്നത് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ്. ഒരു അനൗദ്യോഗിക പഠനത്തിലാണ് ഇതു കണ്ടെത്തിയത്. കൊച്ചി നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിലാണ് യാചകർ തമ്പടിച്ചിരിക്കുന്നത്. ഇവരിൽ കൂടുതലും ആന്ധ്രയിൽ നിന്നുള്ളവരാണ്. പ്രതിദിനം ആയിരം രൂപ വരെ സമ്പാദിക്കും.

കോട്ടയം നഗരത്തിൽ തിരുനക്കരയിലും പരിസരപ്രദേശങ്ങളിലെ കടത്തിണ്ണകളിലുമാണു യാചകർ കിടന്നുറങ്ങുന്നത്. മതിയായ കേസുകളില്ലാത്തതിനാൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുന്നില്ല. പലരും രോഗബാധിതരാണ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഇതു സംബന്ധിച്ച് വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കൈകാലുകളില്ലാത്ത കുട്ടികളെയും മെലിഞ്ഞ കുരുന്നുകളെയും മുന്നിൽ നിറുത്തി ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചു മടങ്ങുകയാണ് ആന്ധ്രാപ്രദേശ് ഭിക്ഷാടകരുടെ പതിവ്.

നാട്ടിൽ വെള്ളപ്പൊക്കമാണ് എന്തെങ്കിലും തരണമെന്നു പറഞ്ഞു വരുന്നവരിലധികവും ആന്ധ്രയിൽ നിന്നുള്ളവരാണ്. ബസിൽ കാർഡ് വിതരണം ചെയ്തു പണം സമ്പാദിക്കുന്നവർ ഇപ്പോഴും സജീവമാണ്. ശരീരത്തിൽ മുറിവുകളുണ്ടാക്കിയും പീഡനങ്ങളേൽപ്പിച്ചും സഹാനുഭൂതി സൃഷ്ടിച്ചു കാശുണ്ടാക്കാൻ ഈ സംഘാംഗങ്ങൾ വിരുതന്മാരാണ്.

ഉത്സവങ്ങളും പെരുന്നാളുകളും മനഃപാഠം

ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ജില്ലയിലെ ഭിക്ഷാടകർക്കും മാഫിയാ അംഗങ്ങൾക്കും മനഃപാഠമാണ്. എല്ലാ വർഷവും കൃത്യമായി ഉത്സവ സീസണുകൾ നോക്കി ജില്ലയിലെത്തുന്ന ഭിക്ഷാടകരുടെ എണ്ണം കൂടുതലാണ്. ഇവയൊക്കെ നന്നായി പഠിച്ചും ഗൃഹപാഠം ചെയ്തുമാണു അവർ ഭിക്ഷാടനത്തിനെത്തുന്നത്, അഥവാ മാഫിയ ഇവരെ എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കൂട്ടത്തോടെയാണ് പലരും ഇവിടേക്കെത്തുന്നത്. ഇവരെ എത്തിക്കാൻ വാഹനങ്ങളുമുണ്ട്. കൂട്ടത്തോടെയെത്തി ഭിക്ഷാടനം നടത്തേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് ആസൂത്രണം ചെയ്തു ഡ്യൂട്ടി തുടങ്ങുന്ന സംഘങ്ങളുമുണ്ട്.

അഞ്ച് രൂപയിൽ കുറവ് രൂപ കൊടുത്താൽ കൊടുക്കുന്നവരുടെ മുഖത്തെക്ക് വലിച്ചെറിയുന്നവരും വിരളമല്ല. ദിവസക്കൂലിക്കും ആഴ്ചക്കൂലിക്കും മാസശമ്പളത്തിനുമാണ് പലരും ഭിക്ഷാടനത്തിനെത്തുന്നത്. പല മേഖലയിൽ വാടക വീടെടുത്ത് അംഗവൈകല്യമുള്ളവരടക്കമുള്ള വിവിധ പ്രായക്കാരായ ഭിക്ഷാടകരെ താമസിപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ താവളം മാറ്റുകയും ചെയ്യും. ഭിക്ഷാടന സ്ഥലങ്ങളിലെത്തിക്കാൻ വാഹനങ്ങളും ചിലർ ഒരുക്കിയിട്ടുണ്ട്.

പൊലീസ് ശ്രമം പരാജയം

ജില്ലാ സാമൂഹികനീതി വകുപ്പുമായി ചേർന്ന് മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയെങ്കിലും നാല് ഭിക്ഷാടകരെ മാത്രമാണ് കണ്ടെത്താനായത്. പൊലീസ് പരിശോധന നടത്തുന്ന വിവരം ഭിക്ഷാടകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചതിനെ തുടർന്ന് വിവിധ കേന്ദ്രങ്ങളിലുള്ള ഭൂരിഭാഗം പേരും മുങ്ങി. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഭാഷ ഒരു പ്രശ്‌നമാണെന്ന് പൊലീസ് പറയുന്നു.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, ഗാന്ധി സ്‌ക്വയർ, തൊടുപുഴ പാലം, സിവിൽ സ്റ്റേഷൻ പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഭിക്ഷാടന സംഘം സജീവമായിരുന്നു. വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് നഗരത്തിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി കൂടുതലായി പേർ എത്തുന്ന സ്ഥലങ്ങളിലാണ് ഇവരുടെ ശല്യം രൂക്ഷമാകുന്നത്. തൊടുപുഴ നഗരത്തിൽ മാത്രം മുപ്പതോളം ഭിക്ഷാടകരുണ്ടെന്നാണ് വിവരം. ഭിക്ഷാടന മാഫിയയുടെ പ്രവർത്തനം സജീവമാകുമ്പോഴും ഇതിനുപിന്നിലുള്ള വരെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEGGER MAFIA, KERALA, IDUKKI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.