SignIn
Kerala Kaumudi Online
Saturday, 27 July 2024 8.41 AM IST

പ്ളസ് വൺ പുസ്തകത്തിലെ മാടമ്പിത്ത പരാമർശം

f

സാമുദായിക സംവരണം എല്ലാ കാലത്തും വിവാദ വിഷയമായി മാറ്റാൻ ചില പ്രത്യേക ലോബികൾ ശ്രമിക്കാറുണ്ട്. സംവരണം ഒരു കാരണവശാലും പാടില്ലെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് അതിൽ നിന്നു മാറി,​ സംവരണം ഞങ്ങൾക്കും വേണമെന്ന് പറയാൻ തുടങ്ങി. ഇന്ത്യയിൽ സംവരണത്തിന്റെ ആനുകൂല്യം ഇപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണ സമുദായക്കാർക്കും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സംവരണം തുടർന്നാൽ ശാസ്ത്ര,​ സാങ്കേതിക,​ അക്കാഡമിക് രംഗങ്ങളുടെ നിലവാരം കുറയും എന്നാണ് സംവരണത്തിനെതിരെ നിലകൊണ്ടവർ തുടക്കത്തിൽ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് കാലം തെളിയിച്ചു. ശരിയായ വിദ്യാഭ്യാസ അവസരങ്ങൾ ലഭിച്ചാൽ ജാതിയുടെ പേരിൽ ആരും ആർക്കും പിറകിലാകില്ലെന്നു മാത്രമല്ല; എല്ലാ മേഖലകളുടെയും നിലവാരം കൂടാനും അതിടയാക്കുമെന്നതാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്.

ഉന്നത നീതിപീഠങ്ങളിലും ഭരണത്തിന്റെ തലപ്പത്തും പിന്നാക്ക സമുദായക്കാർക്ക് കടന്നുവരാൻ കഴിഞ്ഞത് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചതുകൊണ്ടു കൂടിയാണ്. അതുകൊണ്ട് ഒരു രംഗത്തിന്റെയും കാര്യപ്രാപ്തി കുറഞ്ഞതായി ആർക്കും പറയാനാകില്ല. നൂറ്റാണ്ടുകളോളം വിദ്യാഭ്യാസവും സർക്കാർ ജോലിയും മറ്റും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഉയർന്നുവരാൻ ചില കൈത്താങ്ങുകൾ ആവശ്യമാണെന്ന് ഭരണഘടനാ വിദഗ്ദ്ധർ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഭരണഘടനയിൽ സംവരണം ഉൾപ്പെടുത്തിയത്. ചരിത്രപരമായ അനീതിക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് പിന്നാക്ക,​ ദളിത് വിഭാഗങ്ങളിലുള്ളവർക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുന്നതിനായി സ്വാതന്ത്ര്യാ‌നന്തരം സംവരണം നിലവിൽ വന്നത്.

സംവരണം നിലവിൽ വന്നിട്ട് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയുടെ ഭരണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും സവർണ സമുദായങ്ങളിൽ നിന്നുള്ളവർ തന്നെയാണ്. ഉന്നത നീതിപീഠങ്ങളുടെയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സംവരണം കുറവു വരാതെ തുടരണം എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. എന്നാൽ പഴയ മാടമ്പി മനോഭാവം ഇപ്പോഴും പുലർത്തുന്നവർക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. സാമുദായിക സംവരണത്തിനെതിരെ ഒളിയമ്പുകൾ എയ്യാനും,​ നിവൃത്തിയുണ്ടെങ്കിൽ സംവരണം അട്ടിമറിക്കാനും ഇത്തരം മനോഭാവം പുലർത്തുന്നവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്.സി.ഇ.ആർ.ടിയിലും ഇത്തരക്കാർ കുറവല്ലെന്നു വേണം അനുമാനിക്കാൻ. പ്ളസ് വൺ പാഠപുസ്തകത്തിൽ സാമുദായിക സംവരണം വിപത്താണെന്നാണ് ഇവർ എഴുതിവച്ചിരിക്കുന്നത്. ഇതിനു പരിഹാരം സാമ്പത്തിക സംവരണമാണെന്നും പ്ളസ് വൺ സ്റ്റേറ്റ് സിലബസിൽപ്പെട്ട ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവർത്തനം എന്ന വിഷയത്തിലെ പാഠപുസ്തകത്തിൽ പറയുന്നുണ്ട്. പ്ളസ് വൺ പുസ്തകത്തിൽ നിയമവിരുദ്ധ പരാമർശം എന്ന തലക്കെട്ടിൽ ഈ പിഴവ് ചൂണ്ടിക്കാട്ടിക്കൊണ്ട് കെ. പ്രസന്നകുമാർ എഴുതിയ മെയിൻ സ്റ്റോറി ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ സോഷ്യൽ വർക്ക് വിഷയം ഓപ്‌ഷനായി എടുത്ത കുട്ടികൾ നിർബന്ധമായും പഠിക്കേണ്ട പാഠഭാഗമാണിത്.

വർഗീയതയുടെ പരിണിത ഫലങ്ങളെക്കുറിച്ചാണ് പാഠഭാഗത്തിൽ ആദ്യം വിവരിക്കുന്നത്. വർഗീയതമൂലം സാമൂഹ്യ ഐക്യം തകരാറിലാവുമെന്നും സാമുദായിക സംഘടനകൾ സാമൂഹ്യ സാംസ്കാരിക വികസനത്തിന് ഭീഷണിയാകുമെന്നും ഇതിൽ പറയുന്നു. വർഗീയ വിപത്ത് നിയന്ത്രിക്കുന്നതിനുള്ള എട്ട് പരിഹാര മാർഗങ്ങളും ഇതിൽ പറയുന്നു. അതിൽ അഞ്ചാമത്തേതാണ് സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയെന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ,​ ഇത് തിരുത്തുമെന്നും സർക്കാരിന്റെ നയത്തിന് വിരുദ്ധമായ പരാമർശമാണിതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിട്ടുള്ളത് സ്വാഗതാർഹമാണ്. ആർക്കെങ്കിലും സംഭവിച്ച കൈപ്പിഴയല്ല ഇതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും. മനപ്പൂർവം കുട്ടികളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കാൻ വേണ്ടി മാടമ്പി മനോഭാവമുള്ള 'വിദഗ്ദ്ധർ" കുത്തിത്തിരുകിയതാണിത്. ഇതിന്റെ ഉത്തരവാദികൾ ഇപ്പോഴും എസ്.സി.ഇ.ആർ.ടിയിൽ ഉണ്ടെങ്കിൽ അവരെ ചെവിക്കുപിടിച്ച് പുറത്താക്കാനും വിദ്യാഭ്യാസ വകുപ്പ് ആർജ്ജവം കാട്ടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS ONE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.