തൃശൂർ: ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നേ സ്ഥാനാർത്ഥികൾ അനൗദ്യോഗികമായി കളത്തിലിറങ്ങിയതോടെ തൃശൂർ ത്രികോണപ്പോരിലേക്ക്. ദേശീയതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിലും ചുവരെഴുത്തിലും മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്.
എൽ.ഡി.എഫിൽ നിന്നു സി.പി.ഐയിലെ വി.എസ്.സുനിൽകുമാറാണെന്ന് ഏകദേശം ഉറപ്പായതോടെ അണികൾ പ്രചാരണം ശക്തമാക്കി. പൊതുചടങ്ങുകളിലെല്ലാം സുനിൽകുമാറിന്റെ സജീവ സാന്നിദ്ധ്യമുണ്ട്. സിറ്റിംഗ് എം.പിയായ ടി.എൻ.പ്രതാപനുവേണ്ടി യു.ഡി.എഫ് പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് വ്യക്തമാക്കി, മണ്ഡലത്തിലെ ഗ്രാമങ്ങളിലൂടെ സ്നേഹസന്ദേശയാത്ര നടത്തുകയാണ് പ്രതാപൻ. ബി.ജെ.പി സ്ഥാനാർത്ഥിയായി ഉറപ്പിച്ച സുരേഷ് ഗോപി, മാസങ്ങൾക്കു മുന്നേ തൃശൂരിൽ സജീവമാണ്. അടുത്തദിവസം അദ്ദേഹം മണ്ഡലത്തിലെത്തും.
മുന്നണിയുടെ പേരും ചിഹ്നവും വരച്ച് സ്ഥാനാർത്ഥിയുടെ പേരിന്റെ ഭാഗം ഒഴിച്ചിട്ടാണ് ചുവരെഴുത്തുകൾ നടക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാലുടൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടും ചൂടിലേക്ക് തൃശൂർ കടക്കും. സ്ഥാനാർത്ഥികളുടെ ജനകീയതയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വികസനപ്രവർത്തനങ്ങളും തൃശൂർ പൂരം വിവാദങ്ങളും തന്നെയാകും മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ക്രെെസ്തവ, പിന്നാക്കവിഭാഗങ്ങളുടേയും എൻ.എസ്.എസിന്റെയും നിലപാടുകളും നിർണായകമാകും.
അനുകൂലം, പ്രതികൂലം
ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന സുനിൽകുമാർ, മൂന്നുതവണ ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിൽ കൃഷിമന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയും ജനകീയതയും വ്യക്തിബന്ധങ്ങളും അദ്ദേഹത്തെ തുണയ്ക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. എന്നാൽ ജില്ലയിലെ പാർട്ടിഘടകങ്ങളിൽ ഉണ്ടായ പടലപ്പിണക്കങ്ങൾ പാർട്ടിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
രണ്ടു തവണ എം.എൽ.എയും നിലവിൽ എം.പിയുമായ പ്രതാപനും ജനകീയമുഖമാണ്. ന്യൂനപക്ഷ, വിഭാഗങ്ങൾ ഒപ്പമുള്ളത് കരുത്താകും. എല്ലാ വിഭാഗങ്ങളേയും ചേർത്തുപിടിക്കാനുള്ള മെയ് വഴക്കം അദ്ദേഹത്തിനുണ്ട്. വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതാപന്റെ അനൗദ്യോഗിക പ്രചാരണമെങ്കിലും പാർട്ടിയിലെ അടിയൊഴുക്കുകൾ എതിരാകുമെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി വോട്ടു ഉയർത്തിയതും കോൺഗ്രസ് കണക്കിലെടുക്കേണ്ടി വരും.
രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത് ദേശീയശ്രദ്ധ ആകർഷിച്ചിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒടുവിൽ അദ്ദേഹം ഗുരുവായൂരിലെത്തിയത്. ലോക്‌സഭയിലേക്ക് രണ്ടാംവട്ടമാണ് സുരേഷ് ഗോപി മത്സരിക്കുന്നത്. കഴിഞ്ഞതവണ നിയമസഭയിലേക്കും മത്സരിച്ചു. വിലയിരുത്തലുകൾക്കപ്പുറം ലഭിച്ച വോട്ടുകളാണ് അദ്ദേഹത്തിനു അനുകൂലമാകുന്നത്. എന്നാൽ ഇത്തവണ വോട്ടു മറിയുമെന്നാണ് ഇടതു, വലതുമുന്നണികൾ കരുതുന്നത്. താരപ്രഭാവം കൊണ്ട് വോട്ടുയർത്താനാവില്ലെന്ന വാദമുണ്ട്. ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കുമെന്ന പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |