
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രി സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. എ.കെ. ആന്റണി, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ.സുധാകരൻ, എം.എം.ഹസൻ എന്നിവരുമായാണ് ചർച്ച നടത്തിയത്.
ശബ്ദവിശ്രമത്തിലായതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ഇന്നലെ ചർച്ച നടന്നില്ല.
ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാളെ ഡൽഹിയിലെത്താൻ പ്രതിപക്ഷ നേതാവിനോട് നിർദ്ദേശിച്ചിരുന്നെങ്കിലും ഡൽഹി ചർച്ച ഒഴിവാക്കാനാണ് സാദ്ധ്യത. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ കേരളത്തിലുള്ളതിനാൽ ചർച്ച ഇവിടെ തന്നെ നടക്കാനാണ് സാദ്ധ്യത.
മിസ്ത്രി ഇന്നു രാവിലെ ഡൽഹിക്ക് മടങ്ങും. 28നും 29നും അടുത്ത ഘട്ട ചർച്ച നടക്കും. 20ന് നിയമസഭ തുടങ്ങുന്നതിനാൽ ജനപ്രതിനിധികളുൾപ്പെടെ മുതിർന്ന മിക്ക നേതാക്കളും തലസ്ഥാനത്തുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |