SignIn
Kerala Kaumudi Online
Saturday, 27 July 2024 5.19 AM IST

തീ പിടിച്ച മനസുമായി അഗ്നിശമന സേന

d

ഏതുനേരവും പ്രകൃതി ദുരന്തമുണ്ടാകാവുന്ന നാട്. അതാണ് ഇന്നത്തെ കേരളം. പ്രളയവും ഉരുൾപ്പൊട്ടലും കൊടുംചൂടും വരൾച്ചയുമെല്ലാം കേരളത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. കാലവും കാലാവസ്ഥയും അടിക്കടി മാറുന്നു. ലോകത്താകമാനമുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണിതെങ്കിലും കേരളത്തിന്റെ ഭൂപ്രകൃതി ഇത്തരം പരിസ്ഥിതി ആഘാതങ്ങളെ പെട്ടെന്ന് താങ്ങാൻ കഴിയുന്നതല്ല. കടലിനും പശ്ചിമഘട്ട മലനിരകൾക്കും ഇടയിലുള്ള ഈ മണ്ണ് പ്രകൃതിദുരന്തങ്ങളിൽ പെട്ടെന്ന് ഉലഞ്ഞുപോകും. പക്ഷേ, എന്തുണ്ടായാലും അതിനെയല്ലാം നേരിടുന്നത് മലയാളിയുടെ മനക്കരുത്താണ്.

പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ ഫയർഫോഴ്സിന്റെ പങ്കിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഓഖിയിലും രണ്ടു പ്രളയത്തിലും കൊവിഡിലുമെല്ലാം അത് തിരിച്ചറിഞ്ഞതാണ്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാമുള്ള ദുരന്തങ്ങളിൽ ഫയർഫോഴ്സിന്റെ സേവനം കൊണ്ട് എത്രയെത്ര ജീവനുകളാണ് രക്ഷപ്പെടുന്നത്?. ഇപ്പോൾ കൊടുവേനലിലാണ് കേരളം. കൊടുംചൂടിനാൽ വലിയ തോതിലുള്ള തീപിടുത്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. വനമേഖലയും പാർപ്പിടമേഖലയും വാണിജ്യ മേഖലയും എല്ലാം തന്നെ ഒരേ സമയം ഇരകളാകുന്നു. അതേസമയം, വലിയ ഹിമശൈലങ്ങൾ ഉരുകിയൊലിച്ച് സമുദ്രത്തിന്റെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന വിധം ഉയർന്നുകൊണ്ടിരിക്കുന്നുമുണ്ട്.

സമുദ്രനിരപ്പ് ഉയരുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട ഭൂമേഖലയിൽ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് കേരളം. ഇതോടൊപ്പം തന്നെയാണ് ഭൂമിയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന താപവ്യതിയാനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ചുഴലിക്കാറ്റും കൊടുങ്കാറ്റും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ. വർഷകാലങ്ങളിൽ മേഘവിസ്ഫോടനങ്ങളുടെ ഫലമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിലുള്ള മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത് ഇത് ഉണ്ടാക്കുന്ന പ്രളയസമാനമായ സാഹചര്യങ്ങൾ ഏത് സമയത്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു.

ഫയർഫോഴ്സിനെ

കരുത്തുറ്റതാക്കണം

കേരളത്തിന്റെ കാലാവസ്ഥ ഭയപ്പെടുത്തുന്ന തരത്തിൽ തന്നെ മാറിമറിഞ്ഞിരിക്കുമ്പോൾ ഫയർഫോഴ്സ് പഴയ ഫയർഫോഴ്സായാൽ പോരാ. പ്രാപ്തരായ ഉദ്യോഗസ്ഥർ അനിവാര്യമാണ്. 80കളിലും 90കളിലും ഉണ്ടായിരുന്നതിനേക്കാൾ വലിയതോതിലുള്ള വർദ്ധനവാണ് തീപിടുത്തങ്ങളുടെയും റോഡ് അപകടങ്ങളുടെയും കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഇതിനെയൊക്കെ നേരിടാൻ ഫയർഫോഴ്സ് നിലയങ്ങളിലുള്ള വാഹനങ്ങൾ ഒരെ സമയം സംഭവസ്ഥലങ്ങളിലേക്ക് കുതിച്ചെത്തേണ്ട അവസ്ഥയാണുള്ളത്.

ഈ വാഹനങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യാൻ പ്രാപ്തമായ ഉദ്യോഗസ്ഥന്മാർ അഗ്നിരക്ഷാനിലയങ്ങളിൽ ഉണ്ടോ?. ഇല്ല എന്നാണുത്തരം. എല്ലാ ദുരന്തങ്ങളെയും ഒരുപോലെ നേരിടണമെങ്കിൽ ജീവനക്കാർ, അതും പരിശീലനം നേടിയവർ വേണ്ടത്ര ഉണ്ടാവണം.

സേനയുടെ അടിസ്ഥാനവിഭാഗം ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സമയത്ത് അവരുടെ യോഗ്യതകളിൽ പ്ലസ് ടുവിനൊപ്പം ലൈറ്റ് ലൈസൻസുകൾ എങ്കിലും നിർബന്ധമാക്കിക്കൊണ്ട് സിംഗിൾ സ്ട്രീം എന്ന രീതിയിലേക്ക് ഫയർ ആൻഡ് റസ്ക്യു സർവ്വീസിലെ നിയമനം നടത്താൻ കഴിയണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

നവീകരണം

അനിവാര്യം

നവ കേരള സൃഷ്ടിയെന്ന് ആവർത്തിച്ചുപറയുമ്പോൾ, എല്ലാ മേഖലയിലും എന്നപോലെ കേരള ഫയർ ആൻഡ് റെസ്ക്യു സർവീസിലും നവീകരണം ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ എട്ട് വർഷക്കാലമായി സേനയിൽ ആധുനികവത്കരണത്തിന്റെ കാലഘട്ടമായിരുന്നുവെങ്കിലും അത് പോരാ എന്നാണ് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പ്രളയകാലത്തിനുശേഷം സേനയ്ക്ക് ആവശ്യമായ നിരവധിയായ വാഹനങ്ങളും വ്യത്യസ്തമായതും വിവിധതരത്തിലുള്ളതുമായ ജീവൻ രക്ഷ ഉപകരണങ്ങളും ലഭ്യമാക്കിയിരുന്നു. പ്രളയത്തിൽ ഈ സേനയും കരുത്തും ആവശ്യകതയും കേരളമൊന്നാകെ തിരിച്ചറിഞ്ഞു. അത് സർക്കാരിനും വ്യക്തമായി. പക്ഷേ, ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല.

1962ലെ അതേ സ്റ്റാഫ് പാറ്റേൺനാണ് ഇന്നും നിലനിൽക്കുന്നത്. ഒരു സിംഗിൾ സ്റ്റേഷനിൽ അടിസ്ഥാന വിഭാഗം ജീവനക്കാർ 31 പേരാണ്. അതിൽ തന്നെ 7 ഫയർ ആൻഡ് റസ്ക്യു ഓഫീസർ (ഡ്രൈവർ)മാരും 24 ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരുമാണുള്ളത്. നിലവിൽ സേനയുടെ കൈവശമുള്ള വാഹനങ്ങളും ഉപകരണങ്ങളും ഏതൊരു ദുരന്തത്തെയും നേരിടാൻ തക്ക രീതിയിൽ സജ്ജമാക്കി നിറുത്താൻ ഇങ്ങനെയുള്ള ഒരു നിലയത്തിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ (ഡ്രൈവർമാർ ) മാർ തികയാത്ത അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഈ അവസ്ഥയ്ക്ക് അടിയന്തിരമായ മാറ്റം ഉണ്ടായാലേ ദുരന്തത്തെയും നേരിടാൻ പ്രാപ്തമായ കരുത്തുണ്ടാകൂ. 1961ലെ കേരള ജനസംഖ്യയല്ല ഇന്നുള്ളത്. ഇരട്ടിയിലേറെ ജനങ്ങൾ കൂടിയിട്ടുണ്ട്. അന്നുണ്ടാകുന്ന ദുരന്തങ്ങളുമല്ല ഇന്ന് സംഭവിക്കുന്നത്.

ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 1.18 ശതമാനം മാത്രമുള്ള കേരളത്തിലെ ജനസാന്ദ്രതയും വളരെ കൂടുതലാണെന്ന് അറിയാത്തവരില്ല. ബഹുനില കെട്ടിടങ്ങളുടെ നഗരങ്ങളേറെയുണ്ട്. അതുകൊണ്ടുതന്നെ ദുരന്ത പ്രതിരോധ സംവിധാനങ്ങൾക്ക് പ്രാധാന്യമേറെയാണ്.

പ്രധാനം

ജീവനക്കാരുടെ

എണ്ണം

കേരളത്തിൽ നിലവിലുള്ളത് 129-ഓളം അഗ്നിരക്ഷാനിലയങ്ങളാണ്. അവിടങ്ങളിൽ എല്ലാം കൂടി അടിസ്ഥാന വിഭാഗമായ രണ്ട് കാറ്റഗറിയിലുമായി നാലായിരത്തോളം ജീവനക്കാരും. അവരിൽത്തന്നെ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും കൂടി കൈകാര്യം ചെയ്യുന്നവർ ആയിരത്തിൽ താഴെയും ഈയൊരു സ്ഥിതിവിശേഷം തുടരാനാവില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളിലും കേരളത്തിലെയടക്കം എയർപോർട്ടുകളിലും ഫയർ ആൻഡ് റസ്ക്യു വിഭാഗത്തിലേക്ക് ജോലി ലഭ്യമാകണമെങ്കിൽ ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള യോഗ്യതകൾ കൂടിയേ തീരൂ.

തൃശൂരിൽ നടന്ന കേരള ഫയർസർവീസ് ഡ്രെെവേഴ്സ് ആൻഡ് മെക്കാനിക്ക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന ആവശ്യങ്ങളും ഇതെല്ലാമായിരുന്നു. കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ സംസ്ഥാനങ്ങളിൽ വെവ്വേറെ ഫയർ സർവീസുകൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും മൂന്ന് ഫയർ സ്റ്റേഷനുകളും മലബാറിൽ അഞ്ച് ഫയർ സ്റ്റേഷനുകളും ഉണ്ടായിരുന്നു. ഈ സ്റ്റേഷനുകൾ പൊലീസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. 1949-ൽ തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങളിലെ ഫയർ സ്റ്റേഷൻ ഒന്നിച്ചു.

1956ൽ മലബാർ സംസ്ഥാനവും ഉൾപ്പെടുത്തി അങ്ങനെ കേരള ഫയർ സർവീസ് നിലവിൽ വന്നു. അന്നുമുതൽ 1963 വരെ ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് ഫയർ സർവീസിന്റെ തലവനായിരുന്നു. പൊലീസ് വകുപ്പിന്റെ ഭാഗമായി ഫയർ സേവനങ്ങൾ പ്രവർത്തിച്ചു. 1962ൽ കേരള ഫയർഫോഴ്സ് നിയമം നിലവിൽ വന്നു. 1963 മുതൽ കേരള ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ് ഒരു പ്രത്യേക വകുപ്പായി പ്രവർത്തിക്കാൻ തുടങ്ങി. അത്രയും ചരിത്രമുളള സേനയാണിത്. പതിനായിരക്കണക്കിന് ജീവനുകളെ ഈ സേന രക്ഷിച്ചിട്ടുണ്ടാകും. ജീവൻ പണയം വെച്ച് ഈ സേനയുടെ ജീവനക്കാർ പുഴയിലും കുളത്തിലും തീയിലേക്കും എടുത്തുചാടുമ്പോൾ അവരെ കാത്തുസൂക്ഷിക്കേണ്ടത് നമ്മളല്ലാതെ മറ്റാരാണ്?.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIREFORCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.