SignIn
Kerala Kaumudi Online
Thursday, 18 April 2024 12.33 PM IST

ഈഴവ സമുദായവും ജാതി സെൻസസും

vb

ആധുനിക കാലത്ത് ഏറ്റവും വിലപിടിപ്പുള്ളതാണ് സ്ഥിതി വിവര കണക്കുകൾ. ശരിയായ ഡാറ്റ അല്ല വിവര വിശകലനത്തിനായി കമ്പ്യൂട്ടർ സോഫ്‌‌റ്റ്‌വെയറിന് നൽകുന്നതെങ്കിൽ അനുമാനങ്ങളും അതനുസരിച്ച് തെറ്റായി ഭവിക്കും. അതിനാൽ ശരിയായ ഡാറ്റ ശുദ്ധവായു പോലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഒരു സമുദായത്തിന്റെ പിന്നാക്കാവസ്ഥയും ഉദ്യോഗസ്ഥ ഭരണ തലങ്ങളിൽ മതിയായ പ്രാതിനിദ്ധ്യമില്ലായ്‌മയും തെളിയിക്കാൻ വെറും വർത്തമാനങ്ങളല്ല ഇന്നാവശ്യം. അത് തെളിയിക്കുന്നതിനാവശ്യമായ അടിസ്ഥാനപരമായ ഡാറ്റയാണ് വേണ്ടത്. സുപ്രീംകോടതി തന്നെ സംവരണത്തിന് അർഹതയുണ്ടെന്ന് തെളിയിക്കുന്നതിന് മുൻ ഉപാധിയായി ആധികാരികമായ ഡാറ്റകൾ സമർപ്പിക്കണമെന്നാണ് പിന്നാക്ക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജാതി സെൻസസ് നടത്താതെ ഇത്തരം രേഖകൾ സമർപ്പിക്കാൻ പിന്നാക്ക സമുദായങ്ങൾക്ക് കഴിയില്ല.

പിന്നാക്ക ദളിത് വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ അവകാശമെന്ന നിലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം പോലും ഭാവിയിൽ ഇല്ലാതാകാൻ ജാതി സെൻസസിന്റെ അഭാവം ഇടയാക്കും. കേന്ദ്ര സർക്കാർ ജാതി സെൻസസിന് എതിരാണ്. അത്തരം ഒരു സെൻസസ് നടത്താൻ അവർക്ക് രാഷ്ട്രീയ കാരണങ്ങളാൽ താത്‌പര്യമില്ല. അവർ ആ വാതിൽ അടച്ചിട്ടിരിക്കുകയാണ്. ആ വാതിലിൽ ഇനി മുട്ടിയിട്ട് കാര്യമില്ല. എന്നാൽ സാമുദായിക സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങൾ ഒന്നിച്ചു മുട്ടിയാൽ തുറക്കുന്ന ചില വാതിലുകളെങ്കിലും ഇപ്പോഴും അവർക്കു മുന്നിലുണ്ട്. അത് സംസ്ഥാന സർക്കാരുകളുടെ വാതിലുകളാണ്. കേരളത്തിലെ ഇടതു സർക്കാരിന് സ്വന്തം നിലയിൽ ജാതി സെൻസസ് നടത്താവുന്നതാണ്. നിയമപരമായും ഭരണഘടനാപരമായും അതിൽ യാതൊരു തടസ്സവുമില്ല.

ബീഹാർ സർക്കാർ ജാതി സെൻസസ് നടത്തുന്നത് പാറ്റ്‌‌‌ന ഹൈക്കോടതി ആദ്യം സ്റ്റേ ചെയ്തെങ്കിലും പിന്നീട് അനുമതി നൽകുകയാണ് ചെയ്തത്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ അവകാശം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ജാതി സെൻസസ് നടത്തുന്നതിന് കേന്ദ്രം സമ്മതിക്കില്ല, കോടതി അനുവദിക്കില്ല എന്നൊന്നും ഇനി പറയാനാവില്ല. അത് നടത്താനുള്ള ഇച്ഛാശക്തി പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന ഇടതു സർക്കാർ കാണിക്കണം. അതു ചെയ്യാനുള്ള നിയമപരവും ധാർമ്മികവുമായ ബാദ്ധ്യത ഈ സർക്കാരിനുണ്ട്. കാരണം ഇവിടത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകളും വീണത് ഇടതു പെട്ടിയിലാണെന്നത് ആർക്കും നിഷേധിക്കാനാകില്ല. പ്രധാന ഭരണകക്ഷിയായ സി.പി.എമ്മും നയപരമായി ജാതി സെൻസസിനെ അനുകൂലിക്കുന്നു. അങ്ങനെ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തിയാൽ ഈഴവ സമുദായം ഒരു നൂറ്റാണ്ടായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനയും അനീതിയുമാവും പരിഹരിക്കപ്പെടുക.

കഴിഞ്ഞ 93 വർഷങ്ങളായി ഈഴവ സമുദായം സെൻസസിനു പുറത്താണ്. സമുദായത്തിൽ എത്ര പേരുണ്ട് എന്ന് ആരെങ്കിലും ചോദിച്ചാൽ ഞങ്ങൾക്കു പറയാൻ ആധികാരികമായ ഒരു ഉത്തരമില്ല. അതല്ല മുസ്ളിം സമുദായത്തിന്റെ കാര്യം. ഓരോ പത്തുവർഷം കൂടുമ്പോഴും സെൻസസിലൂടെ അവർക്ക് കൃത്യമായ കണക്ക് കിട്ടുന്നു. ആ സമുദായത്തിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും അത് അവരെ സഹായിച്ചിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. അർഹമായത് നേടാൻ അവർക്ക് അടിസ്ഥാനമാകുന്നത് ഈ വിലപ്പെട്ട സ്ഥിതിവിവര കണക്കാണ്. ഇത് അറിയാൻ ഈഴവർ ഉൾപ്പെട്ട, ഹിന്ദുക്കളിലെ മറ്റ് സമുദായങ്ങൾക്കും അവകാശമില്ലേ? എന്തുകൊണ്ട് ഇവർ സെൻസസിന് പുറത്തായി എന്നു ചിന്തിക്കുമ്പോൾ, ഒരു പ്രബല സമുദായത്തെ കണക്കെടുക്കാതെ ദീർഘനാൾ അവഗണിച്ചാൽ പ്രശ്നപരിഹാരങ്ങൾ കണ്ടെത്താനാകാതെ കാലക്രമേണ ആ സമുദായം നശിച്ചുകൊള്ളും എന്ന് ചിലരെങ്കിലും ധരിക്കുകയും അതനുസരിച്ച് ഭരണത്തലപ്പത്തിരുന്ന് പ്രവർത്തിക്കുകയും ചെയ്തതു കൊണ്ടാകാം എന്നല്ലാതെ മറ്റൊരു ഉത്തരം പറയാനില്ല.

ഈഴവരുടെ മൊത്തം ജനസംഖ്യ എത്രയാണ്? ഓരോ ജില്ലയിലും അവരുടെ എണ്ണം എത്രയാണ്? ഏതെങ്കിലും ജില്ലയിൽ അവർ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുകയാണോ? ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അവർക്ക് ന്യായമായ സംവരണം ലഭിക്കുന്നുണ്ടോ? ഇതൊക്കെ കൃത്യമായി അറിഞ്ഞാൽ മാത്രമേ സമുദായം ഇന്നു നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കാനാവൂ. ഗുരുദേവന്റെ അനുഗ്രഹത്താൽ സംഘടിച്ച് ശക്തരാവുകയും വിദ്യാഭ്യാസത്തിലൂടെയും വ്യവസായത്തിലൂടെയും മുന്നേറുകയും ചെയ്തതിനാലാണ് ഈ സമുദായം തളരാതെ ഇന്നും പിടിച്ചുനിൽക്കുന്നത്. ഡാറ്റകൾ എല്ലാം നിശ്ചയിക്കുന്ന ഈ ആധുനിക കാലത്ത് ഒരു ആൾക്കൂട്ടമായി മാത്രം നിൽക്കാൻ അധികകാലം ഈ സമുദായത്തിനു കഴിയില്ല. ഈഴവരിൽ പണക്കാരുണ്ട്, പാവപ്പെട്ടവരുമുണ്ട്. എത്ര പാവപ്പെട്ടവരുണ്ട് എന്ന് അറിഞ്ഞാലേ അവരെ ഉന്നതിയിലേക്ക് നയിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രശ്നപരിഹാരങ്ങളും ആവിഷ്ക്കരിക്കാനാവൂ. ഈഴവരെല്ലാം പുരോഗമിച്ചു കഴിഞ്ഞു എന്ന് ചിലരെങ്കിലും പറയുന്നത് ഒരു പുകമറ സൃഷ്ടിക്കലാണ്. സത്യസന്ധമായ കണക്കാണ് സമുദായത്തിനു വേണ്ടത്. അത് സമുദായത്തിന്റെ ഭാവി നിലനിൽപ്പിനും വികസനത്തിനും പുരോഗതിക്കും അനിവാര്യമാണ്.

കേരളത്തിലെ ജനസംഖ്യയിൽ 45 ശതമാനം മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ്. 10 ശതമാനം എസ്.സി, എസ്.ടി. ബാക്കി 45 ശതമാനം ഹിന്ദുക്കൾ ഏതൊക്കെ സമുദായത്തിലും ഉപവിഭാഗങ്ങളിലും വരുന്നു എന്നതിന് യാതൊരു കണക്കുമില്ല. ഇത് തിരുത്തപ്പെടേണ്ടതാണ്. ഒരു സമുദായത്തിന്റെയും വളർച്ചയിൽ ഈഴവ സമുദായത്തിന് ആശങ്കയില്ല. മറിച്ച് സന്തോഷമേയുള്ളൂ. എല്ലാവരും സഹോദരന്മാരെപ്പോലെ കഴിയുന്ന ഒരു മാതൃകാ സംസ്ഥാനമായി കേരളം മാറണം എന്ന് ആഗ്രഹിക്കുന്നവരാണ് ഈ സമുദായത്തിലെ ഭൂരിപക്ഷം അംഗങ്ങളും. പക്ഷേ ഞങ്ങളുടെ സഹോദരന്മാരുടെ തലയെണ്ണുമ്പോൾ ഞങ്ങളെ എണ്ണാതിരിക്കുന്നത് ശരിയല്ല. ചരിത്രപരമായ ഈ തെറ്റ് തിരുത്താനുള്ള അവസരം വിനിയോഗിക്കാൻ ഇടതു സർക്കാർ അറച്ചുനിൽക്കരുത്. അതിനാൽ ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണം. ഓരോ സമുദായത്തിന്റെയും സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസപരമായ സ്ഥിതിവിവരങ്ങൾ അറിയുന്നത് സത്യത്തിന്റെയും നീതിയുടെയും വസ്‌തുതകളുടെയും പാതയിലൂടെ ചലിക്കാൻ സർക്കാരിന് കരുത്തു പകരും. അങ്ങനെ സംഭവിച്ചാൽ ഒരു നൂറ്റാണ്ടോളം ഈഴവ സമുദായം അനുഭവിച്ച അവഗണനയുടെ ഇരുട്ടാവും തുടച്ചുനീക്കപ്പെടുക. പ്രകാശത്തിന്റെ ചെറുകിരണങ്ങൾ മെല്ലെ കടന്നുവരുന്ന ആ നാളുകൾ അകലെയല്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASTE CENSUS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.