SignIn
Kerala Kaumudi Online
Monday, 22 April 2024 4.41 AM IST

ഒടുവിൽ കെട്ടിക്കിടന്ന സർട്ടിഫിക്കറ്റുകൾക്ക് ശാപമോക്ഷം, ഡ്രൈവിംഗ് ലൈസൻസ് അച്ചടിത്തുകയിലെ കുടിശ്ശിക അനുവദിച്ചു

driving-license

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതിലുള്ള കുടിശ്ശിക നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന് നൽകാനുള്ള 8.66 കോടി രൂപയും സി-ഡിറ്റിന് നൽകാനുള്ള തുകയും ഉൾപ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക. മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയാം-

ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും

സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്‌കീം 2024 അംഗീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുക. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച നവീന പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാർക്ക്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇവ ആരംഭിക്കുന്നത് വഴി വിദ്യാർത്ഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്താനും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ ആരംഭിക്കുന്നതിനുള്ള സംവിധാനം കൂടി ആവിഷ്‌കരിക്കും.

മാക്കേക്കടവ് നേരേക്കടവ് പാലം നിർമ്മാണ പ്രവർത്തനം ആരംഭിക്കും

ആലപ്പുഴ തുറവൂർ പമ്പാ റോഡിൽ വേമ്പനാട് കായലിന് കുറുകെയുള്ള മാക്കേക്കടവ് നേരേക്കടവ് പാലം നിർമ്മാണത്തിന്റെ തുടർ പ്രവൃത്തിക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം അംഗീകരിച്ചു. ഇതോടെ ബാക്കിയുള്ള പ്രവർത്തനം ഉടൻ ആരംഭിക്കാനാകും.

ആശ്രിത നിയമനം

പാലക്കാട് പട്ടാമ്പിയിലെ പ്രഭാകരന്റെ മകൻ എം പി പ്രവീണിന് പട്ടിക ജാതി വികസന വകുപ്പിന്റെ കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ സ്‌കുളിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നൽകും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതിപട്ടിക വർഗത്തിൽപെട്ടവരുടെ ആശ്രിതർക്ക് ജോലി നൽകുന്ന പദ്ധതി പ്രകാരമാണിത്. പ്രഭാകരൻ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിൽ 2015ലാണ് മരണപ്പെട്ടത്.

സാധൂകരിച്ചു

ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂർ, കട്ടപ്പന എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെ 174 താല്ക്കാലിക തസ്തികകൾക്കും, തൃശ്ശൂർ ജില്ലയിലെ തൃശൂർ യൂണിറ്റ് നമ്പർ വൺ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ 29 താല്ക്കാലിക തസ്തികകൾക്കും തുടർച്ചാനുമതി ദീർഘിപ്പിച്ച് നൽകിയത് സാധൂകരിച്ചു.

ശമ്പള പരിഷ്‌ക്കരണം

രണ്ടാം ദേശിയ ജുഡീഷ്യൽ ശമ്പള കമ്മീഷന്റെ ശുപാർശ അനുസരിച്ച് സംസ്ഥാനത്തെ വിജിലൻസ് ട്രൈബ്യൂണൽമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അലവൻസുകളും 2016 ജനുവരി ഒന്ന് പ്രാബല്യത്തിൽ പരിഷ്‌കരിക്കും.

സേവനകാലാവധി ദീർഘിപ്പിച്ചു

മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് കമ്പനിയുടെ എംഡിയായ എൽ.രാധാകൃഷ്ണന്റെ സേവനകാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.

കോട്ടൂർ ആന പുനരവധിവാസ കേന്ദ്രത്തിന്റെയും പുത്തൂർ സവോളജിക്കൽ പാർക്കിന്റെയും സ്‌പെഷ്യൽ ഓഫീസറായ കെ ജെ വർഗീസിന്റെ നിയമനകാലാവധി ദീർഘിപ്പിച്ചു.

മുദ്രവിലയിൽ ഇളവ്

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി ഏറ്റെടുക്കുന്ന കൊല്ലം, പെരിനാട് വില്ലേജിലെ വസ്തുവും തൃക്കരുവ വില്ലേജിലെ വസ്തുവും രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിലുള്ള തുക ഇളവ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET DECISIONS, KERALA, DRIVING LICENSE ISSUE, MVD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.