SignIn
Kerala Kaumudi Online
Saturday, 27 July 2024 5.11 AM IST

കേരളത്തിന്റെ വികസനത്തിൽ കേരളകൗമുദിയുടെ പങ്ക് മഹത്തരം : ധനമന്ത്രി

kn

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിൽ കേരളകൗമുദി വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വികസന സാദ്ധ്യതകൾ കണ്ടെത്തിയും റിപ്പോർട്ട് ചെയ്തും യുവസംരംഭകരെയടക്കം പ്രോത്സാഹിപ്പിച്ചും കേരളകൗമുദി സംസ്ഥാന വികസനത്തിൽ താത്പര്യത്തോടെ ഇടപെടുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ മുൻകൂട്ടികണ്ട് ക്യാമ്പെയിൻ ചെയ്ത് പദ്ധതിയെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് കേരളകൗമുദിയാണ്. കേരളകൗമുദിയും കൗമുദി ടിവിയും ചേർന്ന് സംഘടിപ്പിച്ച കേരള റൈസിംഗ് കോൺക്ളേവ് ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന സാഹചര്യവും ചിന്താഗതിയും മാറി. വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. ടോറസ്, അലയൻസ് പോലുള്ള കമ്പനികൾ വമ്പൻ തൊഴിലവസരങ്ങളുമായി കേരളത്തിലെത്തി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാലും അനുബന്ധ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ വ്യവസായങ്ങൾ തമിഴ്നാട്ടിലേക്ക് പോവും. തിരുനെൽവേലി വരെ വികസനപദ്ധതികൾ തമിഴ്നാട് ആരംഭിച്ചുകഴിഞ്ഞു.

പൊതു-സ്വകാര്യ പങ്കാളിത്തം, ലാൻഡ് പൂളിംഗ് എന്നിവയോടെ വിഴിഞ്ഞം വികസനത്തിന് അതോറിട്ടിയുണ്ടാവണം. സ്വകാര്യ മൂലധനമുപയോഗിച്ച് വിഴിഞ്ഞം തുറമുഖമേഖല പ്രധാന ഉത്പാദന കേന്ദ്രമാവണം. സ്ഥലംനൽകി, സൗകര്യങ്ങളൊരുക്കിയാൽ തുറമുഖത്തോടനുബന്ധിച്ച് ടൗൺഷിപ്പുകളും ലോജിസ്റ്റിക് അടക്കം വ്യവസായങ്ങളും വരും. ഔട്ടർ റിംഗ് റോഡിന് പുറമെ കൂടുതൽ അനുബന്ധസൗകര്യങ്ങളൊരുക്കണം.

വനത്തെ പാരിസ്ഥിതികമായി ബാധിക്കാതെ ടൂറിസം പദ്ധതികൾ വരും. അഗസ്ത്യാർകൂടത്തിൽ റോപ്പ് വേ സാദ്ധ്യമാണ്. കുടുംബമായി സമയം ചെലവിടാൻ 20ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. രണ്ടുവർഷത്തിനകം പതിനായിരം ഹോട്ടൽ മുറികളുണ്ടാവണം. ഇതിന് കെ.എഫ്.സി പലിശ സബ്സിഡി നൽകും. ആരോഗ്യ, വിദ്യാഭ്യാസ ഹബായി കേരളം മാറണം. എൻട്രൻസ് പരീക്ഷയുടെ പരിമിതിയുള്ളതിനാൽ പുറമെനിന്ന് കുട്ടികളെത്തുന്നില്ല. ഇവർക്കായി ക്വോട്ട അനുവദിക്കണം.

ശശിതരൂർ എം.പി, ആസൂത്രണ ബോർഡംഗം സന്തോഷ് ജോർജ് കുളങ്ങര, ടെക്നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവൻ,​ ട്രിവാൻ‌ഡ്രം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖ പ്രഭാഷണം നടത്തി.

ഐ.ടി പാർക്കുകളിൽ പബ്ബ്

ഐ.ടി പാർക്കുകളിൽ പബ്ബുകൾ അനുവദിക്കാൻ ഇന്നലെ ചേർന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചെന്ന് ധനമന്ത്രി പറഞ്ഞു. ടെക്നോപാർക്കിലടക്കം പബ്ബ് തുറക്കാനാവും. പഴവർഗ്ഗങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാനുള്ള പദ്ധതിക്കും അനുമതി നൽകി.

സംരംഭകരെ ആദരിച്ചു

മികച്ച സ്റ്റാർട്ടപ്പ് സംരംഭകനുള്ള പുരസ്കാരം വൈസ് ടാക്കീസ് സി.ഇ.ഒ ഷബീർ അബ്ദുൾ ഗഫൂറിന് മന്ത്രി സമ്മാനിച്ചു. ബിസിനസ് രംഗത്ത് കാൽ നൂറ്രാണ്ട് പൂർത്തിയാക്കിയ ഡോ.ബി.ഗോവിന്ദൻ (ചെയർമാൻ, ഭീമ ജൂവലേഴ്സ്), ജോർജ്ജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ)​, ഡോ.ജെ.ഹരീന്ദ്രൻ നായർ (മാനേജിംഗ് ഡയറക്ടർ, പങ്കജകസ്തൂരി), ​ഡോ.ബിജുരമേശ് (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, രാജധാനി ഗ്രൂപ്പ്), എം.നാദർഷ (മാനേജിംഗ് ഡയറക്ടർ, കൈരളി ജൂവലറി), കേണൽ രാജീവ് മണാലി (സി.ഇ.ഒ, എസ്.യു.ടി ഹോസ്പിറ്റൽ,​പട്ടം), ഷീല ജെയിംസ് (ഫൗണ്ടർ & ക്രിയേറ്റീവ് ഹെഡ്, സറീന ഡിസൈനർ സാരി ബ്യുട്ടീക്)​, ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), ഡോ.എ.മാർത്താണ്ഡപിള്ള (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, അനന്തപുരി ഹോസ്പിറ്റൽ), സിമ്സൺ എ.ഫെർണാണ്ടസ് (മാനേജിംഗ് ഡയറക്ടർ, ഫാമിലി പ്ലാസ്റ്റിക്), ഡോ.കെ.പി.ഹരിദാസ് (ലോർഡ്സ് ഹോസ്പിറ്റൽ), സുജിത്ത് സുരേന്ദ്രൻ (മാനേജിംഗ് ഡയറക്ടർ, ഹോട്ടൽ പ്രശാന്ത്), കെ.എസ്.സോമൻ (മാനേജിംഗ് ഡയറക്ടർ, കാന്താരിപ്ലസ്​), ഡോ.വി.കെ.ജയകുമാർ (ഫൗണ്ടർ & ചെയർമാൻ, ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ), ബാലമുരളി കൃഷ്ണൻ (സി.ഇ.ഒ, സാഗ്സൈൻ) എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. ​യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ആണ് ചടങ്ങിന്റെ ഹോസ്പിറ്റാലിറ്റി പാർട്ണർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.