SignIn
Kerala Kaumudi Online
Saturday, 27 July 2024 12.39 PM IST

കേന്ദ്രത്തിന്റെ പദ്ധതി വരുന്നു, കോഴിക്കോട് വേറെ ലെവൽ ആകും; വിദശത്ത് നിന്നുപോലും സ്ഥിരം ആളുകളെത്തും

calicut

ജോലിത്തിരക്കുകളൊഴിഞ്ഞ് കുടുംബത്തോടൊപ്പം രാത്രി യാത്ര ചെയ്യാനും, നല്ല ഭക്ഷണം കഴിക്കാനും ബിച്ചിലോ പാർക്കിലോ ഇരുന്ന് കുറേ നേരെ സംസാരിക്കാനും പാട്ടുപാടാനും ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാവില്ല. ഉപ്പിലിട്ടതും ഐസൊരതിയും പൊരിച്ചെടുത്ത നല്ലൻ കലക്കൻ കല്ലുമ്മക്കായും ഉന്നക്കായുമൊക്കെയായി രുചിയുടെ കലവറ തീർക്കുന്ന കോഴിക്കോട് ബീച്ചിലെ നൈറ്റ് ലൈഫ് ഇനി ഫെെഫ്സ്റ്റാർ ലെവലാണ്. കോഴിക്കാടൻ വിഭവങ്ങളുടെ രുചിയറിഞ്ഞ് ബീച്ചിലെത്തുന്നവർക്ക് ഒന്നിച്ച് ഒരിടത്തിരുന്ന് കടലും കാണാം ആസ്വദിച്ച് ആരോഗ്യകരമായ ഭക്ഷണവും കഴിക്കാം.

സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റൊരുക്കി രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ബീച്ച്. ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉയർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് കോഴിക്കോട് കോർപ്പറേഷൻ ആവിഷ്ടക്കരിച്ച വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ തറക്കല്ലിടൽ ഉദ്ഘാടനം പൂർത്തിയായതോടെ യാഥാർത്ഥ്യമാകുന്നത് കോഴിക്കോട്ടുകാരുടെ വർഷങ്ങളുടെ കാത്തിരിപ്പാണ്. കോഴിക്കോടിന്റെ സാംസ്കാരിക തനിമ തന്നെയാണ് ഇത്തരം രുചി വൈഭവ്യത്തിനു പിന്നിൽ. ഈ നഗരത്തിൽ എത്തുന്നവരെ ഹൃദയത്തോട് ചേർത്ത് നിറുത്തുന്ന ആഥിതേയത്വം ഒരു സഞ്ചാരിക്കും വിസ്മരിക്കാനാവില്ല.

കോർപ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനും ചേർന്നാണ് ബീച്ചിലെ വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ബീച്ചിലെത്തുന്നവർക്ക് ഗുണമേന്മയുള്ള ആരോഗ്യകരമായ ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ബീച്ചിന്റെ പല ഭാഗങ്ങളിലായി കച്ചവടം നടത്തിയിരുന്ന കച്ചവടക്കാരെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരും.

എല്ലാം ഒരുപോലെ

കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ എതിർവശം മുതൽ ഫ്രീഡം സ്‌ക്വയർ വരെയുള്ള സ്ഥലത്താണ് സ്ട്രീറ്റ് ഫൂഡ് ഹബ്ബിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഒരേ വരിയിൽ ഒരേ നിറത്തിലുള്ള ഉന്തുവണ്ടികൾ ക്രമീകരിക്കും. 90 കച്ചവടക്കാരാണ് ഇതിന്റെ ഭാഗമാകുക. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടങ്ങിയ വണ്ടികളാണ് കോർപ്പറേഷൻ നൽകുക. വാഹനങ്ങളിൽ ശുദ്ധജലം, വെെദ്യുതി, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും. മഴയത്തും കച്ചവടം മുടങ്ങാത്ത തരത്തിൽ കച്ചവടം ചെയ്യാനുള്ള ക്രമീകരണങ്ങൾ വണ്ടിയിലുണ്ടാകും.

വണ്ടിയിൽ നിന്നുണ്ടാകുന്ന മലിനജലസംസ്‌കരണത്തിന് എസ്.ടി.പി സൗകര്യവും സജ്ജമാക്കും. വാഹനങ്ങൾക്ക് പ്രത്യേകം നമ്പർ നൽകുന്നതിനാൽ എളുപ്പത്തിൽ ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചായിരിക്കും ഇവിടെ ഭക്ഷണം ലഭിക്കുക. ഇടയ്ക്കിടയ്ക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയുമുണ്ടാകും. കൂടാതെ തൊട്ടടുത്ത് തന്നെ സംഗീത നിശയ്ക്കായുള്ള സൗകര്യവും ഒരുക്കും.

ചെലവ് 4.06കോടി

4.06കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിൽ 2.41 കോടി എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഒരു കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പ് അനുവദിക്കും. ബാക്കി തുക കോർപ്പറേഷൻ വഹിക്കും. ഉന്തുവണ്ടികൾക്ക് മാത്രമായി ബീച്ചിൽ പ്രത്യേക മേഖലയൊരുക്കുന്ന വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം മോഡേൺ ഫുഡ് സ്ട്രീറ്റ് ഹബ് കൂടി നടപ്പാക്കുകയാണ്.

ഭക്ഷ്യസുരക്ഷാവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്ഥാപനവുമായി ചേർന്ന് ഫുഡ് ഹബ് ഒരുക്കുന്നതായിരുന്നു കേന്ദ്രപദ്ധതി. എന്നാൽ ഇതിന് സ്ഥലം കണ്ടെത്താൻ കോർപ്പറേഷൻ വൈകി. തുടർന്നാണ് നേരത്തെ ദേശീയ നഗരഉപജീവന ദൗത്യപ്രകാരം ബീച്ചിലൊരുക്കുന്ന വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം ചേർത്ത് നടപ്പാക്കാൻ തീരുമാനിച്ചത്. രാജ്യത്തൊട്ടാകെ 100 സ്ട്രീറ്റ് ഫുഡ് ഹബുകൾ ഒരുക്കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് കോഴിക്കോടും പരിഗണിച്ചത്.

ഇനി കളറാകും ടൂറിസം

തട്ടുകടകളിൽ നിന്ന് നല്ല ചൂട് പഴം പൊരിയും കല്ലുമ്മക്കായയും കഴിക്കാൻ മലയാളികൾക്ക് പൊതുവേ ഇഷ്ടമാണ്. പക്ഷേ അവയുടെ വൃത്തിക്കുറവും മറ്റുമാണ് പലരേയും പിന്നോട്ടടിപ്പിക്കുന്നത്. എന്നാൽ നല്ല വൃത്തിയുള്ള ഭക്ഷണം ലഭിക്കുന്ന തട്ടുകടകളിൽ തിരക്കും ഏറുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണ പാരമ്പര്യത്തിന് വർഷങ്ങളുടെ പഴക്കമുള്ള കോഴിക്കോട്ട് വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതി ഒരുങ്ങുമ്പോൾ അത് ആസ്വദിക്കാനും ഭക്ഷണം കഴിക്കാനും ആളുകൾ ഒഴുകിയെത്തുമെന്നതിൽ സംശയമില്ല. ഇത് വഴി വിനോദസഞ്ചാര മേഖലയിൽ കുതിപ്പുണ്ടാകുമെന്നും ഉറപ്പ്.

നിലവിൽ യുനെസ്കോയുടെ സാഹിത്യനഗരമെന്ന പദവി ലഭിച്ച കോഴിക്കോടേക്ക് ലോകമെങ്ങുമുള്ള സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ട്. സാഹിത്യ പൈതൃകം കണക്കിലെടുത്താണ് കോഴിക്കോട് ഈ നേട്ടം കെെവരിച്ചത്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് കോഴിക്കോട്. പുതിയ പദവി കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കോഴിക്കോട്ട് വന്നു താമസിക്കാനും ആശയങ്ങൾ പങ്കുവക്കാനുമുള്ള വേദികൾ ഒരുക്കാനുള്ള പദ്ധതികളും അണിയറയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STREET FOOD PROJECT, CALICUT, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.