ആലപ്പുഴ: വൃദ്ധയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട യുവാക്കൾ മാവേലിക്കര പൊലീസിന്റെ പിടിയിലായി. അറുന്നൂറ്റി മംഗലം സ്വദേശിയായ സ്ത്രീയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. പെരിങ്ങാല ശ്രീ മുരുകാലയത്തിൽ കൃഷ്ണകുമാർ (36), ചെട്ടികുളങ്ങര ഈരേഴ വടക്ക് തണൽ വീട്ടിൽ സുജിത്ത് ( 41) എന്നിവരെയാണ് പിടിയിലായത്. ഒരുമാസം മുമ്പാണ് സംഭവം. അറുന്നൂറ്റി മംഗലം ഭാഗത്ത് പെയിന്റിംഗ് ജോലിക്കായി പോയ പ്രതികൾ സ്ഥിരമായി വൃദ്ധയുടെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുകയും അതിലൂടെ അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈകിട്ട് ഏഴുമണിയോടെ കടയിൽ തനിച്ച് നിൽക്കുകയായിരുന്ന വൃദ്ധയുടെ മാല പറിച്ചെടുത്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ മാവേലിക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ചെട്ടികുളങ്ങരയിൽനിന്ന് പിടിയിലാകുകയായിരുന്നു.
ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്റെ മേൽ നോട്ടത്തിൽ മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ ബിജോയ്.എസിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് സബ് ഇൻസ്പെക്ടർമാരായ നൗഷാദ്.ഇ, സിയാദ്.എ.ഇ, ആലപ്പുഴ ജില്ലാ ക്രൈം സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്കർ, മാവേലിക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനന്തമൂർത്തി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |