SignIn
Kerala Kaumudi Online
Sunday, 28 April 2024 1.21 PM IST

കണ്ണുകളെല്ലാം കണ്ണൂരിലേക്ക് 

kannur-railway-station

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ.സുധാകരൻ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റി തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകളിൽ കണ്ണൂർ കോട്ട കാത്ത ജില്ലാസെക്രട്ടറി എം.വി.ജയരാജനെ കളത്തിലിറക്കിയിരിക്കുകയാണ് സി.പി.എം. വോട്ട് വിഹിതമുയർത്താനല്ല, ജയിക്കാൻ തന്നെയാണ് പോരാടുന്നതെന്ന് സംസ്ഥാനത്തെ ഭരണവിരുദ്ധ വോട്ടിലും കോൺഗ്രസ് വോട്ടിലും നോട്ടമിട്ട് മത്സരത്തിനിറങ്ങിയ കോൺഗ്രസ് മുൻനേതാവും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സി.രഘുനാഥ് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും തട്ടകത്തിലെ പോര് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. മൂന്നുമുന്നണി സ്ഥാനാർത്ഥികളും നിലപാട് വ്യക്തമാക്കുന്നു.



സി.പി.എം ബി.ജെ.പിക്ക്

കുടപിടിക്കുന്നു: സുധാകരൻ
( യു.ഡി.എഫ്)

സംഘപരിവാറിന്റെ തുടർഭരണത്തെ ഇല്ലാതാക്കാൻ കോൺഗ്രസിനുള്ള ആത്മാർത്ഥത ദേശീയതലത്തിൽ മതേതരപ്രസ്ഥാനങ്ങളെല്ലാം ഉൾക്കൊള്ളുമ്പോൾ കേരളത്തിലെ ഇടതുപക്ഷം പുറംതിരിഞ്ഞു നിൽക്കുകയാണ്. സംഘപരിവാറിനു സി.പി.എം എതിരാളികളല്ല. കേരളത്തിൽ കോൺഗ്രസ് വോട്ടുകൾ മറിക്കാനാണ് ആർ.എസ്.എസ് നിർദ്ദേശം. ഇത്തരം കുതന്ത്രങ്ങൾക്കു കുടപിടിക്കുന്നവരായി സി.പി.എം മാറി. കോൺഗ്രസിൽ നിന്ന് പ്രവർത്തകർ ബി.ജെ.പിയിലേക്കു പോയാൽ അതിലേറ്റവുമധികം സന്തോഷിക്കുന്നത് സി.പി.എമ്മാണ്. മിക്കയിടത്തും സി.പി.എമ്മിന് ബി.ജെ.പി വോട്ടു മറിച്ചുകൊടുക്കുന്നു. ബി.ജെ.പി കണ്ണുവച്ചിട്ടുള്ള ചില മണ്ഡലങ്ങളിൽ സി.പി.എം സഹായം അവർ സ്വീകരിക്കും. ഇതാണ് ആർ.എസ്.എസ് തന്ത്രം.

കഴിഞ്ഞ ഭരണകാലയളവിൽ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനമാണ് പ്രധാനമായും നടപ്പാക്കിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിലും റെയിൽവേ വികസനത്തിലും നിർണായക ഇടപെടലുകൾ നടത്തി. രാജ്യത്തിന്റെ ഭാവിക്ക് കോൺഗ്രസ് വിജയത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് അറിയാം. കേരളത്തിലെ ദുർഭരണത്തിനെതിരെ വിധിയെഴുതാൻ ജനങ്ങൾ കാത്തിരിക്കുകയാണ്.

തെറ്റുതിരുത്താനുള്ള

അവസരം: ജയരാജൻ

(എൽ.ഡി.എഫ്)

കേരളത്തിൽ 2019ലെ സാഹചര്യമല്ല ഇപ്പോൾ. 2019ൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. രാഹുലിനു പിന്നിലായിരിക്കും ഇടതുപക്ഷമെന്ന പ്രചാരണം മതനിരപേക്ഷ മനസുകളെയും ന്യൂനപക്ഷ വോട്ടർമാരെയും സ്വാധീനിച്ചു. കഴിഞ്ഞ അഞ്ചുവർഷം പാർലമെന്റിലെ രാഹുൽഗാന്ധി അടക്കമുള്ള യു.ഡി.എഫ് എം.പിമാരുടെ പ്രവർത്തനം മനസിലാക്കിയ ജനങ്ങൾ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിനായി അവർ ഒന്നും ചെയ്തില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കു വേണ്ടി ചെറുവിരലനക്കിയില്ല. പല കാര്യങ്ങളിലും ബി.ജെ.പിയെ പിന്തുണച്ചു. അവരുടെ നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയി. കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന് ജനങ്ങൾ മനസിലാക്കി. 2019നുശേഷം നടന്ന എല്ലാ ജനഹിത പരിശോധനകളിലും ഇടതുപക്ഷത്തിനാണ് മേൽക്കൈ. കണ്ണൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം എം.പിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടില്ല. പാർലമെന്റിലും നാമമാത്രമാണ്. ഇതു ചർച്ചാവിഷയമായിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരിക്കെ ബി.ജെ.പിയിലക്ക് പോകുമെന്ന് ആവർത്തിക്കുന്ന, വർഗീയവാദികളെ പിന്തുണയ്ക്കുന്ന ഒരാൾക്ക് ജനങ്ങൾ എങ്ങനെ വോട്ടുചെയ്യും?


കേരള സർക്കാർ കേന്ദ്രത്തിന്റെ

കൊറിയർ ഏജന്റ്: രഘുനാഥ്
(ബി.ജെ.പി)

യുവതലമുറയിൽ നിന്നു മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ അത് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റി കേരളത്തിൽ നടപ്പാക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ജയിക്കാനുള്ള അനുകൂല സാഹചര്യം ഇവിടെയുണ്ട്. മോദി ഇഫക്ട് ഫലിക്കും. ഒഴുക്ക് നിലച്ച ജലാശയം പോലെ മലീമസമായിരിക്കുകയാണ് കോൺഗ്രസ്. യു.ഡി.എഫ് മുന്നണിയിലെ ലീഗ് ഉടൻ ഇടതുപക്ഷത്തേക്ക് പോകും. കോൺഗ്രസിൽ പുതിയ നേതൃത്വം ഉയർന്നുവരുന്നില്ല. മത്സരരംഗത്തും പുതിയമുഖങ്ങൾ ഇല്ല. ദേശീയ രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും മത്സരിക്കാനില്ലെന്നും പറഞ്ഞ കെ.സുധാകരനെ നിർബന്ധിച്ചാണ് സ്ഥാനാർത്ഥിയാക്കിയത്. മത്സരിക്കാനില്ലെന്നു പറഞ്ഞ സുധാകരൻ എന്തിനാണ് ഇപ്പോൾ മത്സരിക്കുന്നത്? പരാജയപ്പെട്ട എം.പിയെന്ന നിലയിലേ അദ്ദേഹത്തെ കാണാനാകൂ. സി.പി.എം അഴിമതിയുടെ കൂടാരമായി. അവരിലും ജനങ്ങൾക്ക് പ്രതീക്ഷയില്ല. ശമ്പളവും പെൻഷനുമില്ല. കേന്ദ്രഫണ്ട് ജനങ്ങളിലേക്കെത്തിക്കുന്ന കൊറിയർ ഏജന്റുമാത്രമാണ് കേരള സർക്കാർ. എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികളോടുള്ള ജനങ്ങളുടെ അസംതൃപ്തി ബി.ജെ.പിക്ക് ഗുണകരമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR RAILWAY STATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.