SignIn
Kerala Kaumudi Online
Sunday, 28 April 2024 5.33 AM IST

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് പാൻഡെമിക് പിടിമുറുക്കുന്നു; ഭയന്നിരുന്ന അപകടം മുന്നിലെത്തിയെന്ന് ആർബിഐ, ഇനിയെന്ത്?

credit-cards

കുറച്ചുകാലം മുൻപുവരെ വളരെ ചുരുക്കം പേരിൽ മാത്രം കണ്ടിരുന്ന ഒന്നാണ് ക്രെഡിറ്റ് കാ‌‌ർഡുകൾ. ഉയർന്ന ബാങ്ക് ബാലൻസുള്ള ധനികർ തങ്ങളുടെ സമ്പത്തിന്റെ പെരുപ്പം മറ്റുള്ളവർക്ക് മുന്നിൽ കാട്ടാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ചെയ്യുന്നവരായിരുന്നു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന മറ്റൊരു വിഭാഗം. എന്നാലിന്ന് ഈ സ്ഥിതിക്ക് മാറ്റം വന്നു.

ഇന്ന് ക്രെഡിറ്റ് കാ‌ർഡുകൾ പണമിടപാടുകൾക്കുള്ള സൗകര്യപ്രദമായ മാർഗം എന്നതിലുപരി സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന ഒരു സംവിധാനമായി മാറിക്കഴിഞ്ഞു. ക്രെഡിറ്റ് കാർഡ് ഉപയോഗം ക്രമാതീതമായി വർദ്ധിച്ച കാലഘട്ടം കൂടിയാണിപ്പോൾ. ദശലക്ഷക്കണക്കിനുപേർ ക്രെഡിറ്റ് കാർഡിന് അടിമകളായി മാറിയിരിക്കുന്നു. യുവാക്കളാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ബാങ്ക് ബാലൻസും ശമ്പളവും നോക്കി മാത്രം ക്രെ‌ഡിറ്റ് കാർഡുകൾ നൽകിയിരുന്ന കാലത്തുനിന്ന് ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് അങ്ങോട്ടുവിളിച്ച് കാർഡ് നൽകുന്ന കാലത്ത് എത്തിയതാണ് ഈ പുതിയ പ്രതിഭാസത്തിന് കാരണം.

ക്രെഡിറ്റ് കാർഡ് ഉപഭോഗത്തിൽ ഇന്ത്യ കുതിക്കുന്നു

അമ്പരപ്പിക്കുന്ന വേഗത്തിലാണ് ഇന്ത്യ ക്രെഡിറ്റ് കാർഡ് സമ്പ്രദായത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. 2011വരെ 1, 76, 72,337 ആക്‌ടീവ് ക്രെഡിറ്റ് കാർഡുകളായിരുന്നു രാജ്യത്തുണ്ടായിരുന്നതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 2014 എത്തിയപ്പോൾ ഇത് 2,03,62,859 ആയി ഉയർന്നു.

2018 അവസാനമായപ്പോഴേക്കും ആക്ടീവ് കാ‌ർഡുകളുടെ എണ്ണം 4.4 കോടിയായി. 2019- 23 കാലയളവായിരുന്നു ക്രെഡിറ്റ് ഉപയോഗം കുത്തനെ ഉയർന്ന കാലം. 2019 ഡിസംബറിൽ ആക്ടീവ് ക്രെഡിറ്റ് കാർഡുകൾ 5,53,32,847 ആയിരുന്നത് 2024 ജനുവരി ആയപ്പോഴേക്കും 9,95,00,257 ആയി കുതിച്ചുയർന്നു. 2023ൽ മാത്രം 1.6 കോടി ക്രെഡിറ്റ് കാർഡുകളാണ് വിതരണം ചെയ്തത്. രാജ്യത്ത് ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ 81 ശതമാനം വർദ്ധനവാണുണ്ടായത്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ള്യുസി) 2022ൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വ്യവസായം 20 ശതമാനം വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) കൈവരിച്ചതായി ചൂണ്ടിക്കാട്ടുന്നു. കൊവിഡിൽ ഉലഞ്ഞ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരികെ ട്രാക്കിലേയ്ക്ക് കയറിത്തുടങ്ങിയ കാലമായ മേയ് 2022ലായിരുന്നു രാജ്യത്ത് ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ പാരമ്യത്തിലെത്തിയത്.

ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവാക്കൽ എക്കാലത്തെയും ഉയർന്ന സംഖ്യയായ 1.3 ലക്ഷം കോടി രൂപയിലെത്തി. ക്രെഡിറ്റ് കാർഡ് വിതരണം വർദ്ധിക്കുന്നതിനോടൊപ്പം അതിലൂടെയുള്ള പണമിടപാടുകളും കുതിച്ചുയരുന്നതാണ് രാജ്യം വീക്ഷിച്ചത്. ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവാക്കൽ 2023ൽ എത്തിയപ്പോൾ 1.72 ലക്ഷം കോടിയിലെത്തി റെക്കാർഡ് സ്വന്തമാക്കി. ഈ ട്രെൻഡ് വർദ്ധിക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ക്രെഡിറ്റ് കാർഡ് വഴി ചെലവഴിച്ചത്. ഇന്ത്യയുടെ മൊത്തം ഗാർഹിക ഉൽപ്പന്നത്തിന്റെ രണ്ട് ശതമാനമാണിത് (ജിഡിപി).

കൊവിഡിനുശേഷമാണ് ഇന്ത്യക്കാർക്കിടയിൽ ക്രെഡിറ്റ് കാർഡുകൾ ജീവിതത്തിന്റെ ഭാഗമായി മാറിയതെങ്കിലും ഇ- കൊമേഴ്‌സിന്റെ വളർച്ച, കോൺടാക്‌റ്റ്‌ലെസ് പേയ്‌മെന്റുകൾക്ക് ലഭിച്ച സ്വീകാര്യത, മൂല്യനിർണയത്തിലെ മാറ്റങ്ങൾ എന്നിവ ക്രെഡിറ്റ് കാർഡ് വ്യാപകമാവുന്നതിന് കാരണമായി. അടുത്ത നാല് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം മൂന്നിരട്ടിയാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഇന്ത്യയിൽ വർദ്ധിക്കുന്ന ക്രെഡിറ്റ് കാർഡ് ഡീഫോൾട്ടുകൾ

ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതും ചെലവഴിക്കുന്നതും ഉയരുന്നതിനൊപ്പം ഡീഫോൾട്ടുകളും ഉയരുന്ന കാഴ്‌ചയാണ് രാജ്യത്ത് കാണുന്നത്. 2021-22 കാലയളവിൽ ഡീഫോൾട്ട് 3122 കോടിയായിരുന്നത് 2022- 23 കാലയളവിൽ 4072 കോടിയായി ഉയരുന്നു. ഈ ട്രെൻഡ് ആർബിഐയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. ക്രെഡിറ്റ് കാർഡുകളുടെ ഉപഭോഗം വർദ്ധിക്കുന്നത് സുരക്ഷിതമല്ലാത്ത, സ്വകാര്യ ലോണുകൾ വ്യാപകമാവുന്നതിന് കാരണമായതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടുന്നു.

ക്രെഡിറ്റ് കാ‌ർഡിൽ ഒളിഞ്ഞിരിക്കുന്ന വലിയ അപകടം

സുരക്ഷിതമല്ലാത്ത വായ്‌പകൾ എടുക്കുന്നതിനെതിരെ ആ‌ർബിഐ നിരന്തരമായി മുന്നറിയിപ്പുകൾ നൽകിയിട്ടും ക്രെഡിറ്റ് കാർഡ‌ുകൾ മുഖേനെ സുരക്ഷിതമല്ലാത്ത ബാങ്കിംഗ് ആപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വായ്‌പകൾ എടുക്കുന്നത് രാജ്യത്ത് വർദ്ധിക്കുകയാണ്. നിരോധിത, അനധികൃത ആപ്പുകളിൽ നിന്ന് ലോണുകൾ എടുത്ത് വഞ്ചിതരാകുന്നവരുടെയും, ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം കൂടുകയാണ്.

2023ലെ ആർബിഐയുടെ കണക്കുകൾ പ്രകാരം ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് മുൻവർഷത്തേക്കാൾ 34 ശതമാനം ഉയർന്നു. 2.4 ലക്ഷം കോടിയായി ഉയർന്ന ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് മൊത്തം റീട്ടെയിൽ ലോണുകളുടെ അഞ്ച് ശതമാനത്തിലെത്തി. ക്രെഡിറ്റ് കാർഡ് വിതരണം 9.95 കോടിയെന്ന നാഴികകല്ലിലേയ്ക്ക് അടുക്കുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ട് കോടിയിലധികം കാർഡുകൾ വിതരണം ചെയ്ത എച്ച് ഡി എഫ് സി ബാങ്കാണ് ഇതിൽ മുന്നിലുള്ളത്.

കുറഞ്ഞ കുടിശ്ശികയെന്ന മരണക്കെണി

അനന്തമായ കടക്കെണിയിലേയ്ക്ക് നാമറിയാതെ നമ്മളെ നയിക്കുമെന്നതാണ് ക്രെഡിറ്റ് കാർഡുകളിൽ ഒളിഞ്ഞിരിക്കുന്ന ഏറ്റവും വലിയ കെണി. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഏറ്റവും ഉപകാരപ്രദമായതുതന്നെ വലിയ ഉപദ്രവവും ഭീഷണിയുമായി മാറുമെന്ന് അടുത്തിടെ നടന്ന ലോൺ ആപ്പ് ആത്മഹത്യകൾ ഓർമ്മപ്പെടുത്തുന്നു.

ലോ കോസ്റ്റ് ഇ എം ഐ, നോ കോസ്റ്റ് ഇ എം ഐ എന്നിവയാണ് മിക്കവാറും പേരെ ക്രെഡിറ്റ് കാർഡിലേയ്ക്ക് ആകർഷിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് ജീവിതരീതിയായി മാറിയ ഈ കാലത്ത് ഇ എം ഐ എന്നതും സർവസാധാരണമായ ഒന്നായി മാറി. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാ‌ർഡ് എന്ന ഓപ്‌ഷനിലേയ്ക്ക് മാറുന്നവരാണ് അധികവും.

ക്രെഡിറ്റ് കാർഡ് തിരിച്ചടവിനായി സ്വകാര്യ ലോണുകൾ

കൈയിൽ നിന്ന് പണം ചോരുന്നത് അറിയില്ല എന്നതാണ് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ ഏറ്റവും വലിയ അപകടം. സാധനങ്ങൾ പർച്ചേസ് ചെയ്യാനും വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും മറ്റും ഇന്ന് ക്രെഡിറ്റ് കാർഡുകളാണ് മിക്കവരും ഉപയോഗിക്കുന്നത്. ഇതിൽ കുടിശ്ശികയും കടവും നിറയുന്നത് മിക്കവരും ശ്രദ്ധിക്കില്ല. പിന്നീടിത് ഒടുക്കാനാവാത്ത സംഖ്യയായി വളരുമ്പോൾ ചിലരെങ്കിലും കുറ്റകൃത്യങ്ങളെയും ആത്മഹത്യയെയും ആശ്രയിക്കുന്നു.

മാസം മൊത്തത്തിലുള്ള കുടിശ്ശികയ്‌ക്ക് പകരം 'മിനിമം ബാലൻസ് കുടിശ്ശിക' തിരഞ്ഞെടുക്കുമ്പോൾ ഉപഭോക്താക്കൾ കടക്കെണിയിലേക്ക് ആഴത്തിൽ വീഴുകയാണ് ചെയ്യുന്നത്. ഇത് ഡിഫോൾട്ടുകൾ, കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുകൾ എന്നിവയിലേയ്ക്ക് നയിക്കുന്നു.

കുടിശ്ശിക ക്രമാതീതമാകുമ്പോൾ ഇത് അടച്ചുതീർക്കാൻ മിക്കവർക്കും സ്വകാര്യ ലോണുകളെ ആശ്രയിക്കേണ്ടി വരുന്നു. മിക്കവാറും വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 10.5% മുതൽ 44% വരെയാണ്. ക്രെഡിറ്റ് കാർഡ് ഹിസ്റ്ററി, വായ്പയുടെ ട്രാക്ക് റെക്കോർഡ്, ലോൺ തുക, ലോണെടുക്കുന്നയാളിന്റെ വരുമാനം എന്നിവയെ ആശ്രയിച്ചാണ് പലിശനിരക്ക് നിശ്ചയിക്കുന്നത്.

മിക്ക ക്രെഡിറ്റ് കാർഡുകളുടെയും ശരാശരി പലിശ നിരക്ക് 3.6 ശതമാനം മുതൽ നാല് ശതമാനംവരെയാണ്. ഉപഭോക്താക്കൾ അവരുടെ പ്രതിമാസ കുടിശ്ശിക പൂർണ്ണമായി അടയ്ക്കുമ്പോൾ മാത്രമാണ് ഇത് ബാധകമാകുന്നത്. ഒരു ക്രെഡിറ്റ് കാർഡ് ഉപഭോക്താവ് പണം അടയ്‌ക്കാതിരിക്കുകയോ കുറഞ്ഞ തുക അടയ്‌ക്കാൻ തീരുമാനിക്കുകയോ ചെയ്‌താൽ, ബാങ്കുകൾ കുടിശ്ശികയുള്ള തുകയ്‌ക്ക് ദിവസേന പലിശ ഈടാക്കും. ഇക്കാരണത്താലാണ് മിനിമം കുടിശ്ശിക അടയ്ക്കുന്ന ആളുകൾ അവരുടെ കുടിശ്ശിക അടുത്ത മാസത്തിൽ ഉയരുന്നത് അല്ലെങ്കിൽ ഏതാണ്ട് സ്തംഭനാവസ്ഥയിൽ തുടരുന്നത് കാണുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CREDIT CARDS, INDIA, DANGER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.