ന്യൂഡൽഹി: എൻസിപി ശരദ് പവാർ പക്ഷത്തിന് പുതിയ ചിഹ്നം അനുവദിച്ച് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കാഹളം മുഴക്കുന്ന മനുഷ്യനാണ് ചിഹ്നത്തിൽ. എൻസിപി അജിത് പവാർ പക്ഷത്തിന് ഘടികാര ചിഹ്നം ഉപയോഗിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കേസിൽ കോടതി തീരുമാനം വരുംവരെയായിരിക്കും ഇടക്കാല ഉത്തരവ് തുടരുക. ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ താൽക്കാലിക ഉത്തരവ്. നേരത്തെ ശരദ് പവാർ പാർട്ടിയ്ക്ക് ശരദ് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ സുപ്രീംകോടതിയുടെ നിർദേശം ഉണ്ടായിരുന്നു.
'ലെജിസ്ലേറ്റീവ് മജോരിറ്റി' കണക്കാക്കിയതിന്റെ അടിസ്ഥാനത്തിൽ അജിത് പവാർ പക്ഷമാണ് യഥാർത്ഥ എൻസിപി എന്ന നിഗമനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ എത്തുകയും ഇതിന്റെ ഫലമായി എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഈ വിഭാഗത്തിന് ഉപയോഗിക്കാമെന്ന് നിർദേശിക്കുകയുമായിരുന്നു.
ഇതോടെ ശരദ് പവാർ പക്ഷത്തിന്റെ പുതിയ ചിഹ്നവും പേരും കമ്മിഷനെ അറിയിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയെയും കമ്മിഷൻ അറിയിച്ചു. പിന്നാലെയാണ് ഉത്തരവിട്ടത്.
2023 ജൂലായിലാണ് ശരദ് പവാറിനോട് കലഹിച്ച് അജിത് ഒരു കൂട്ടം എംഎൽഎമാരുമായി ഷിൻഡെ സർക്കാരിന്റെ ഭാഗമായത്. ഇതോടെയാണ് എൻസിപി ഔദ്യോഗികമായി പിളർന്നതും ഔദ്യോഗിക പാർട്ടി ഏതെന്നുമുള്ള ചോദ്യം ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |