SignIn
Kerala Kaumudi Online
Saturday, 27 April 2024 10.35 PM IST

സധൈര്യം സഞ്ജുവിന്റെ സൈന്യം

rajasthan-royals

ഐ.പി.എൽ കിരീടം ലക്ഷ്യമിട്ട് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്

17-ാം സീസൺ ഐ.പി.എല്ലിന് നാളെ ചെന്നൈയിൽ തുടക്കം

സാക്ഷാൽ ഷേൻ വാണിന് കീഴിൽ സർവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യ ഐ.പി.എല്ലിൽ ചാമ്പ്യൻസായ ടീമാണ് രാജസ്ഥാൻ റോയൽസ്. അതിന് ശേഷം രാജസ്ഥാൻ ഫൈനലിലെത്തുന്നത് 14 വർഷങ്ങൾക്ക് ശേഷം 2022ലാണ്. ക്യാപ്ടനായി സ്ഥാനമേറ്റ് രണ്ടാമത്തെ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസണിന് കീഴിൽ കിരീടം നേടാനുറച്ചാണ് ഇക്കുറി രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. തങ്ങളുടെ ടീമിലെ പ്രമുഖ താരങ്ങളെയെല്ലാം നിലനിറുത്തി പുതിയ സീസണിന് ഇറങ്ങുന്ന രാജസ്ഥാന്റെ ആത്മവിശ്വാസവും കളിക്കാരുടെ നിലവാരമാണ്. നായകൻ സഞ്ജു, ഓപ്പണർ ജോസ് ബട്ട്‌ലർ,ആദം സാംപ,ധ്രുവ് ജുറേൽ,അശ്വിൻ.പ്രസിദ്ധ് കൃഷ്ണ,ഷിമ്രോൺ ഹെറ്റ്മേയർ,ട്രെന്റ് ബൗൾട്ട്,യശസ്വി ജയ്സ്വാൾ,യുസ്‌വേന്ദ്ര ചഹൽ.സന്ദീപ് ശർമ്മ എന്നിങ്ങനെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളെല്ലാം ടീമിൽ നിലനിറുത്തപ്പെട്ടു. ഇവർക്കൊപ്പം 7.4 കോടി രൂപമുടക്കി വിൻഡീസിൽ നിന്ന് റോവ്‌മാൻ പവലിനെ എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ യുവ ബാറ്റർ ശുഭം ദുബെയെ 5.8 കോടിക്ക് വാങ്ങിയതും ശുഭകരമായ കാര്യമാണ്. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വച്ച മൂന്ന് താരങ്ങൾ രാജസ്ഥാൻ റോയൽസിന്റെ കൂടാരത്തിൽ നിന്നുള്ളതായിരുന്നു - യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ, രവിചന്ദ്രൻ അശ്വിൻ. മൂന്നുപേരും മികച്ച ഫോമിലാണ് എന്നതാണ് സഞ്ജുവിന് ആവേശം പകരുന്ന ഘടകം.

ടീം ഗെയിം മുഖ്യം

ഒറ്റയാൾ പോരാട്ടങ്ങളിൽ വിശ്വസിക്കുന്നവരല്ല രാജസ്ഥാൻ റോയൽസ്. മുഖ്യപരിശീലകൻ കുമാർ സംഗക്കാര സഞ്ജുവിനെപ്പോലെ ഇന്ത്യൻ ടീമിൽ കളിച്ച് അധികം പരിചയമില്ലാത്ത ഒരു താരത്തെ നായകനാക്കാൻ നിർദ്ദേശിക്കുന്നതുപോലും താരപ്പൊലിമയെക്കാൾ ടീം സ്പിരിറ്റാണ് കളി ജയിക്കാൻ വേണ്ടതെന്ന തിരിച്ചറിവ് കൊണ്ടായിരുന്നു. ടീമിലെ ഓരോരുത്തർക്കും നിശ്ചിത റോളുകൾ നൽകുന്നതിൽ സംഗക്കാര മിടുക്കനാണ്. ബട്ട്‌‌ലർ ബാറ്റിംഗിൽ അപാരഫോമിലായിരുന്ന 2022 സീസണിലും ടീമിന്റെ വിജയങ്ങളിൽ സഞ്ജുവിനും ചഹലിനുമൊക്കെ നിർണായ പങ്കുണ്ടായിരുന്നു.

ബാറ്റിംഗിലും ബൗളിംഗിലും മിടുക്കന്മാരാണ് രാജസ്ഥാനുവേണ്ടി അണിനിരക്കുന്നത്. സഞ്ജുവും ബട്ട്‌ലറും ഹെറ്റ്മേയറും യശസ്വി ജയ്സ്വാളും റയാൻ പരാഗും പോരാതെയാണ് ഇക്കുറി റോവ്‌മാൻ പവലിനെക്കൂടി എത്തിച്ചിരിക്കുന്നത്. ബൗളിംഗിലും ഓപ്ഷനുകൾ നിരവധിയാണ്. പേസ് നിരയിൽ പരിചയ സമ്പന്നനായ കിവീസ് താരം ട്രെന്റ് ബൗൾട്ടും നവാഗതനായ ദക്ഷിണാഫ്രിക്കൻ താരം നാന്ദ്രേ ബർഗറും അണിനിരക്കും.ആവേശ് ഖാൻ,പ്രസിദ്ധ് കൃഷ്ണ,നവ്‌ദീപ് സെയ്നി,കുൽദീപ് സെൻ,സന്ദീപ് ശർമ്മ,ആബിദ് മുഷ്താഖ് എന്നിങ്ങനെ ഇന്ത്യൻ പേസർമാരുടെ ഒരു പടതന്നെ സ്ക്വാഡിലുണ്ട്. മൂന്ന് ലോകോത്തര സ്പിന്നർമാരാണ് സഞ്ജുവിനൊപ്പമുള്ളത്, അശ്വിനും ചഹലും ആദം സാംപയും.

വിക്കറ്റ് കീപ്പർമാർ 5

കോച്ച് സംഗക്കാരയും ക്യാപ്ടൻ സഞ്ജുവും വിക്കറ്റ് കീപ്പർമാരായതുകൊണ്ടാകാം ടീമിൽ വിക്കറ്റ് കീപ്പർമാരായി ഉപയോഗിക്കാൻ കഴിയുന്ന അഞ്ചുപേരുണ്ട്. സഞ്ജുവും ബട്ട്‌ലറും ദേശീയ ടീമിന്റെ വിക്കറ്റ് കീപ്പർമാരായിരുന്നു. ധ്രുവ് ജുറേൽ ഇംഗ്ളണ്ടിനെതിരെ ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി അരങ്ങേറ്റം കുറിച്ചു. ബാറ്റിംഗിലും മികവ് കാട്ടിയ ധ്രുവ് അടുത്ത ധോണി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സീസണിൽ ഇംഗ്ളണ്ടിൽ നിന്നെത്തിയ ടോം കോളെർ കാഡ്മോർ വിക്കറ്റ് കീപ്പ് ചെയ്യാൻ കഴിയുന്ന ഓഫ് സ്പിന്നറാണ്. കുനാൽ സിംഗ്

റാത്തോഡാണ് മറ്റൊരു വിക്കറ്റ് കീപ്പർ.

സഞ്ജുവിന് നിർണായകം

ഈ ഐ.പി.എൽ രാജസ്ഥാൻ ടീമിൽ മറ്റാരേക്കാളും നിർണായകമാകുന്നത് നായകൻ സഞ്ജു സാംസണിന് തന്നെയാണ്.കാരണം ഐ.പി.എൽ കഴിഞ്ഞാലുടൻ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം സഞ്ജു പ്രതീക്ഷിക്കുന്നുണ്ട്. സഞ്ജുവിനെ ആദ്യ ഘട്ടത്തിൽ ട്വന്റി-20 ടീമിലേക്കായിരുന്നു ഇന്ത്യ വിളിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഏകദിന പരിചയം ഇല്ലാത്തതിനാൽ ടീമിൽ സ്ഥാനം ലഭിച്ചില്ല. ഏകദിന ലോകകപ്പിന് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചത് ഏകദിന ടീമിലേക്കാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സെഞ്ച്വറി നേടി സെലക്ടർമാരുടെ ഗുഡ് ബുക്കിൽ ഇടംനേടുകയും ചെയ്തു.

എന്നാൽ ട്വന്റി-20 ലോകകപ്പ് നടക്കുന്ന ഈ വർഷം ഈ ഫോർമാറ്റിൽ സഞ്ജുവിന് അവസരം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ലോകകപ്പിൽ മലയാളി താരം ഉണ്ടാകുമോ എന്ന് പറയാറായിട്ടുമില്ല. ഐ.പി.എൽ കഴിഞ്ഞാലു‌ടൻ ലോകകപ്പാണ്. ലോകകപ്പ് ടീം സെലക്ഷന് ഐ.പി.എല്ലിലെ പ്രകടനം പ്രധാനമായും പരിഗണിക്കുമെന്നാണ് സെലക്ടർമാർ അറിയിച്ചിട്ടുണ്ട്. സഞ്ജുവിന് ഇതുവരെ ഏറ്റവും കൂടുതൽ മികവ് കാട്ടാൻ കഴിഞ്ഞിട്ടുള്ള പ്ളാറ്റ്ഫോമാണ് ഐ.പി.എൽ. ഓരോ തവണയും ദേശീയ ടീമിൽ നിന്ന് തഴയപ്പെടുമ്പോൾ ഐ.പി.എല്ലിൽ കരുത്തുതെളിയിച്ചാണ് സഞ്ജു തിരിച്ചെത്തിയിട്ടുള്ളത്.

രാജസ്ഥാൻ സ്ക്വാഡ്

നായകൻ : സഞ്ജു സാംസൺ

ബാറ്റർമാർ : ഹെറ്റ്മേയർ, യശസ്വി ജയ്സ്വാൾ, റയാൻ പരാഗ്,റോവ്‌മാൻ പവൽ,ശുഭം ദുബെ.

വിക്കറ്റ് കീപ്പർമാർ : സഞ്ജു, ബട്ട്‌ലർ, ധ്രുവ് ജുറേൽ, ടോം കോളെർ കാഡ്മോർ,കുനാൽ സിംഗ് റാത്തോഡ്

ആൾറൗണ്ടർമാർ : രവിചന്ദ്രൻ അശ്വിൻ,ഡൊണോവൻ ഫെരേര

പേസ് ബൗളർമാർ : ട്രെന്റ് ബൗൾട്ട്.ആവേശ് ഖാൻ,പ്രസിദ്ധ് കൃഷ്ണ,നവ്‌ദീപ് സെയ്നി,കുൽദീപ് സെൻ,സന്ദീപ് ശർമ്മ,ആബിദ് മുഷ്താഖ്, നാന്ദ്രേ ബർഗർ

സ്പിൻ ബൗളർമാർ : യുസ്‌വേന്ദ്ര ചഹൽ,ആദം സാംപ

പരിശീലക സംഘം

ഡയക്ടർ ഒഫ് ക്രിക്കറ്റ് : കുമാർ സംഗക്കാര

പെർഫോമൻസ് ഡയറക്ടർ : സുബിൻ ബറൂച്ച

അസിസ്റ്റന്റ് കോച്ച് : ട്രെവോർ പെന്നി

ടാക്റ്റിക്കൽ കോച്ച് : ലിസ കേയ്റ്റ്ലി

സ്പിൻ കോച്ച് : റിച്ചാർഡ് ദെസ് നെവെസ്

ഫാസ്റ്റ് ബൗളിംഗ് കോച്ച് : ഷേൻ ബോണ്ട്.

ഫീൽഡിംഗ് കോച്ച് : ദിഷാന്ത് യാഗ്നിക്ക്

2008ൽ ആദ്യമായി ഫൈനലിലെത്തിയ രാജസ്ഥാൻ റോയൽസ് പിന്നീട് പ്ളേ ഓഫിൽ കളിക്കുന്നത് 2013ലാണ്.

2015ൽ വിലക്കപ്പെടുന്നതിന് മുമ്പും 2018ൽ വിലക്കിന് ശേഷവും പ്ളേ ഓഫിൽ കളിക്കാൻ കഴിഞ്ഞു.

2022ലാണ് പിന്നീട് പ്ളേ ഓഫിലേക്ക് എത്തുന്നത്. ഫൈനലിൽ ഗുജറാത്ത് ജയന്റ്സിനോടാണ് അക്കുറി തോറ്റത്.

2021ൽ സ്റ്റീവൻ സ്മിത്തിൽ നിന്നാണ് സഞ്ജു സാംസൺ ടീമിന്റെ നായക പദവി ഏറ്റെടുക്കുന്നത്. നായകനായി ഇത് നാലാം സീസണാണ്.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്തായി നിർഭാഗ്യം കൊണ്ടാണ് പ്ളേ ഓഫ് കാണാതെ പുറത്തായത്.

45 മതസരങ്ങളിൽ ടീമിനെ നയിച്ച സഞ്ജുവിന് 22 വിജയങ്ങൾ നേടിക്കൊടുക്കാൻ കഴിഞ്ഞു. 23കളികളിൽ തോൽവി വഴങ്ങേണ്ടിവന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAJASTHAN ROYALS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.