മോസ്‌കോ: റഷ്യയിലെ മാളിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ 60ലധികംപേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റതായും ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിൽ ആയിരുന്നു ആക്രമണം നടന്നത്.
സൈനികരുടെ വേഷത്തിലെത്തിയ അക്രമികൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുകയും, സ്ഫോടനശേഷിയുള്ള ഗ്രനേഡോ ബോംബോ എറിയുകയും ചെയ്തതായി സംഭവസ്ഥലത്തുണ്ടായിരുന്ന പത്രപ്രവർത്തകൻ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.
വെടിയൊച്ചകളും നിലവിളികളും ഉയരുന്നതും ആളുകൾ ഹാളിൽ നിന്നും പുറത്തുകടക്കാൻ വെപ്രാളപ്പെടുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ ചില പുരുഷന്മാർ ആളുകൾക്ക് നേരെ വെടിയുതിർക്കുന്നതായും കാണാം.
“ഞങ്ങളുടെ പിന്നിൽ പെട്ടെന്ന് ഒരു വലിയ ശബ്‌ദം. ആരോ വെടിയുതിർത്തു. പിന്നെ ഒരു പൊട്ടിത്തെറി. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,” ദൃക്‌സാക്ഷി പറഞ്ഞതായി ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചനയുണ്ട്. 2004ലെ ബെസ്‌ലാൻ സ്കൂൾ ഉപരോധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും വലിയ ആക്രമണമാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |