SignIn
Kerala Kaumudi Online
Sunday, 28 April 2024 3.07 PM IST

ബി.ജെ.പിയിലേക്കില്ല: എസ്.രാജേന്ദ്രൻ

s-rajendran

മൂന്നുവർഷം മുമ്പുവരെ മൂന്നാറടങ്ങുന്ന തോട്ടംമേഖലയിലെ സി.പി.എമ്മിന്റെ മുഖമായിരുന്നു എസ്.രാജേന്ദ്രൻ. 1991 മുതൽ മണ്ഡലം കുത്തകയാക്കിയ കോൺഗ്രസ് നേതാവ് എ.കെ.മണിയെ 2006ൽ തറപറ്റിച്ച് എസ്.രാജേന്ദ്രൻ നിയമസഭയിലെത്തി. 2011ലും 2016ലും വിജയം ആവർത്തിച്ചു. നിലവിൽ പാർട്ടിയുമായി അകൽച്ചയിലുള്ള അദ്ദേഹം ബി.ജെ.പിയിൽ പോകുമെന്ന അഭ്യൂഹം ശക്തമാണ്. ഈ അവസരത്തിൽ എസ്.രാജേന്ദ്രൻ കേരളകൗമുദിയോട് സംസാരിച്ചു.

?ബി.ജെ.പിയിലേക്ക് പോകുമെന്ന് കേൾക്കുന്നു

അത്തരം വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. താൻ ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ്.

?പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച എന്തിനായിരുന്നു
എന്റെ ഒരു അർദ്ധ സഹോദരൻ ബി.ജെ.പിയുടെ ഒ.ബി.സി വിഭാഗത്തിന്റെ ദേശീയ എക്സിക്യുട്ടീവിലുണ്ട്. അദ്ദേഹത്തിന്റെ ഇളയസഹോദരിയുടെ വിവാഹത്തിന് പ്രകാശ് ജാവദേക്കറെ ക്ഷണിച്ചിരുന്നു. ആ തീയതി ഉറപ്പിക്കുന്നതിനുവേണ്ടിയും ക്ഷണക്കത്ത് നൽകുന്നതിനുമായി സഹോദരനൊപ്പം പോയതാണ്.

?കൂടിക്കാഴ്ച വിവാദമാകുമെന്ന് ചിന്തിച്ചില്ലേ?

ഞാൻ കുറച്ച് നാളായി പാർട്ടിയിൽ സജീവമല്ലല്ലോ. ഇപ്പോൾ മെമ്പർഷിപ്പ് പോലുമില്ല. പോയാൽ കുഴപ്പമില്ലെന്നാണ് കരുതിയത്. സജീവ പ്രവർത്തകനായിരുന്നെങ്കിൽ ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ മുതൽ സൗഹൃദമുണ്ട്. നേരത്തെ വീട്ടിൽ വന്നിട്ടുണ്ട്. ആ ബന്ധത്തിലാണ് പോയത്. രാഷ്ട്രീയമായി കാണേണ്ടതില്ല.

?ജാവദേക്കറുമൊത്തുള്ള ഫോട്ടോ ബി.ജെ.പി പുറത്തുവിട്ടതാണോ​

ബി.ജെ.പിക്കാർ പുറത്തുവിട്ടതാണെന്ന് കരുതുന്നില്ല. ഞങ്ങൾ നാലുപേർ മാത്രമാണുണ്ടായിരുന്നത്. മറ്റ് ബന്ധുക്കൾക്ക് ഈ ഫോട്ടോ അയച്ചുകൊടുത്തിരുന്നു. അവിടെ നിന്ന് പുറത്തായതാകാനാണ് സാദ്ധ്യത.

?സംഭവത്തിനുശേഷം മുഖ്യമന്ത്രി വിളിച്ചിരുന്നോ

അതുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പലരും വിളിച്ചിരുന്നു. എന്തിനാണ് പോയതെന്ന് ചോദിക്കാൻ മറ്റാരേക്കാൾ അവകാശവും അധികാരവും ഉള്ളവരാണല്ലോ അവർ.

?സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും എന്താണ് പാർട്ടിയിലേക്ക് തിരിച്ചുവരാൻ തടസം

സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു. കാലാവധി തീരും മുമ്പേ സസ്പൻഷൻ പിൻവലിക്കാൻ അന്ന് കോടിയേരി പറഞ്ഞിരുന്നു. അന്ന് ചില ഇടപെടലുകൾ നടന്നതിനാലാണ് അത് നടക്കാത്തത്. പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ആഗ്രഹിക്കുന്നയാളല്ല ഞാൻ. പാർട്ടിയോട് ആയിരം വട്ടം തോൽക്കാൻ തയ്യാറാണ്.

?എം.എം. മണി താങ്കളെ പലതവണ അധിക്ഷേപിച്ചിരുന്നല്ലോ?

എം.എം.മണി ശുദ്ധഗതിക്കാരനാണ്. അദ്ദേഹത്തെ ചിലർ എനിക്കെതിരായ ഉപകരണമാക്കി. അത് മണിയാശാനും ബോദ്ധ്യമുള്ളതാണ്. മൂന്നാറിന്റെ ചുമതലയുള്ളയാളുകളാണ് അതിനുപിന്നിൽ. മണിയാശാനെതിരെ ഞാൻ ആർക്കും പരാതി കൊടുത്തിട്ടില്ല.

?അർഹമായ സ്ഥാനം പാർട്ടി നൽകുന്നില്ലെന്ന തോന്നലുണ്ടോ​

ഞാൻ സ്ഥാനമാനമൊന്നും ആഗ്രഹിക്കുന്നില്ല. അപമാനിക്കരുതെന്ന് മാത്രമാണ് പറയാനുള്ളത്.

?ബി.ജെ.പിയിലേക്ക് ഒരു സി.പി.എമ്മുകാരന് പോകാനാകുമോ?

അങ്ങനെ ഒരു ചിന്തയേ ഉദിക്കുന്നില്ല. ബി.ജെ.പി പണ്ടേ എന്നെ ക്ഷണിച്ചിട്ടുള്ളതാണ്. ബി.ജെ.പി മാത്രമല്ല കോൺഗ്രസും​ സി.പി.ഐയും വിളിച്ചിട്ടുണ്ട്.​ നിതീഷ് കുമാറിന്റെ പാർട്ടി വീട്ടിൽ വന്ന് ക്ഷണിച്ചു. സൗഹൃദസംഭാഷണമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല.

?ജോയ്സിനായി പ്രചാരണത്തിലുണ്ടാകുമോ

അത് രണ്ടുവാക്കിൽ പറയാൻ പറ്റുന്നതല്ല. ഞാൻ ജോയ്സിനോ എൽ.ഡി.എഫിനോ എതിരല്ല.

?പാർട്ടിയിൽ സജീവമാകില്ലെങ്കിൽ ഇനി എവിടെ കാണും

അങ്ങനെ ആർക്കും ഒരു ഉറപ്പും കൊടുക്കാൻ പറ്റില്ല. വേറെ എങ്ങും പോകുന്നില്ലെന്ന എന്റെ വാക്കിൽ വിശ്വസിക്കാൻ പറ്റുന്നവർക്ക് വിശ്വസിക്കാം. സർക്കാർ സർട്ടിഫിക്കറ്റിന് പോലും ആറുമാസമാണ് കാലാവധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.