തിരുവനന്തപുരം: തൃശൂരിലെ ധനലക്ഷ്മി ഗ്രൂപ്പിന്റെ നൂറാം ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ചുള്ള സമൂഹ ആദിവാസി മാംഗല്യം ഇന്ന് രാവിലെ 11.45 നും 12.45 നുമിടയിൽ പൗർണ്ണമിക്കാവിൽ നടക്കും.
കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച 1500 അപേക്ഷകളിൽ നിന്നാണ് 216 യുവതീ യുവാക്കളെ തെരഞ്ഞെടുത്തത്.
അഘോരി സന്യാസികളുടെ മഹാകാൽ ബാബയായ കൈലാസപുരി സ്വാമിയാണ് കാർമ്മികത്വം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയാകും. പന്തളം കൊട്ടാരത്തിലെ മകം തിരുനാൾ കേരളവർമ്മ രാജ, മധുര ആധീനം മഠാധിപതി ഹരിഹര ദേശിക സ്വാമികൾ, ത്രിപുരാന്തക ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ശിവാചാര്യർ ഭാഗ്യരാജ് ,ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിമാരായ പരമേശ്വര ബ്രഹ്മാനന്ദ, പ്രൊഫ. അച്യുത ഭാരതി, തിരുവിതാംകൂർ കൊട്ടാരത്തിലെ ഗൗരി ലക്ഷമീഭായി തുടങ്ങിയവർ പങ്കെടുക്കും.
ആചാര പ്രകാരമുള്ള ഗോത്രപൂജകൾ വധൂവരൻമാരുടെ ഊരുകളിൽ നേരത്തെ നടന്നു. സത്യമംഗലം കാട്ടിൽ നിന്ന്, വീരപ്പന്റെ സഹായികളായിരുന്നവരുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ 82 വധൂവരൻമാരും ഉണ്ട്.
ഇന്ന് രാവിലെ 51 കലാകാരൻമാരുടെ പഞ്ചവാദ്യവും ആദിവാസി കലാപരിപാടികളും ഉണ്ടായിരിക്കും.വയലി ബാംബു അവതരിപ്പിക്കുന്ന മുള വാദ്യങ്ങളുടെ സംഗീതവും വൈകുന്നേരം 6.30ന് ഞാണ്ടൂർക്കോണം ശ്രീ ഭദ്രയുടെ കൈക്കൊട്ടിക്കളി ഫ്യൂഷനും രാത്രി 7.30ന് നാട്ടരങ്ങും നടക്കും.
സാധാരണ ക്ഷേത്രങ്ങളിൽ ചെയ്യാത്ത 23 പൂജകളും ഇന്ന് പൗർണ്ണമിക്കാവിൽ ഉണ്ടാകും.പൂജകൾ ഭക്തർക്ക് നേർച്ചയായി ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |