സിനിമാ മേഖലയിൽ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും. ഇരുവരും വിവാഹിതരായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് താരങ്ങൾ വിവാഹിതരായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹെെദരാബാദിലെ പ്രശസ്ത രാജകുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. വാനപർത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടാണ് താരവിവാഹം ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് നടത്തിയതെന്നാണ് വിവരം.
2021മുതൽ സിദ്ധാർഥും അദിതി റാവുവും പ്രണയത്തിലാണ്. 2021ൽ 'മഹാസമുദ്രം' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ലാണ് സിദ്ധാർഥിന്റെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തായ മേഘ്നയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. എന്നാൽ 2007ൽ ദമ്പതികൾ വിവാഹമോചനം നേടി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |