ലണ്ടൻ : ജൂൺ 14നാരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിലേക്ക് പ്ളേ ഓഫ് റൗണ്ടിൽ ജയിച്ച് യുക്രെയ്ൻ, പോളണ്ട്, ജോർജിയ ടീമുകൾ യോഗ്യത നേടി.
ഇന്നലെ നടന്ന പ്ളേ ഓഫ് മത്സരത്തിൽ ഐസ് ലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുക്രെയ്ൻ തോൽപ്പിച്ചത്.30-ാംമിനിട്ടിൽ ഗോമൗണ്ട്സെൻ നേടിയ ഗോളിന് ആദ്യ പകുതിയിൽ മുന്നിലെത്തിയിരുന്ന ഐസ് ലാൻഡിനെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് യുക്രെയ്ൻ മറികടന്നത്. 51-ാം മിനിട്ടിൽ വിക്ടർ ടൈഷൻകോവും 84-ാം മിനിട്ടിൽ മൈക്കലോ മുഡ്രിക്കുമാണ് യുക്രെയ്നുവേണ്ടി സ്കോർ ചെയ്തത്.
മുൻ യൂറോ ജേതാക്കളായ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചാണ് ജോർജിയ ആദ്യമായി യൂറോ കപ്പിന് യോഗ്യത നേടിയത്. ജോർജിയയുടെ ആദ്യ മേജർ ടൂർണമെന്റാണിത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിക്കാതിരുന്നതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജോർജി ലോറിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് ജോർജിയ പിടിച്ചുനിന്നത്.
പോളണ്ടും ഷൂട്ടൗട്ടിലൂടെയാണ് യൂറോ കപ്പിലേക്ക് എത്തിയത്. വെയിൽസിനെതിരെ നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാൻ കഴിയാതിരുന്ന പോളണ്ട് 5-4 എന്ന സ്കോറിനാണ് ഷൂട്ടൗട്ടിൽ വിജയം കണ്ടത്. വെയിൽസിന്റെ അവസാന കിക്ക് തട്ടിയകറ്റിയ ഗോൾ കീപ്പർ ഷീഷെൻസിയാണ് മത്സരത്തിലെ ഹീറോയായത്.
പ്ളേ ഓഫ് മത്സരങ്ങളും കഴിഞ്ഞതോടെ യൂറോ കപ്പിന്റെ ഗ്രൂപ്പുകളുടെ യഥാർത്ഥചിത്രം തെളിഞ്ഞു.നാലുടീമുകളടങ്ങുന്ന ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത്.
ഗ്രൂപ്പ് എ : ജർമ്മനി,സ്കോട്ട്ലാൻഡ്,ഹംഗറി,സ്വിറ്റ്സർലാൻഡ്.
ഗ്രൂപ്പ് ബി : സ്പെയ്ൻ,ക്രൊയേഷ്യ,ഇറ്റലി,അൽബേനിയ.
ഗ്രൂപ്പ് സി : സ്ലൊവേനിയ,ഡെന്മാർക്ക്,സെർബിയ.ഇംഗ്ളണ്ട്.
ഗ്രൂപ്പ് ഡി : പോളണ്ട്,ഹോളണ്ട്,ഓസ്ട്രിയ,ഫ്രാൻസ്
ഗ്രൂപ്പ് ഇ : ബെൽജിയം,സ്ളൊവാക്യ,റൊമേനിയ,യുക്രെയ്ൻ.
ഗ്രൂപ്പ് എഫ് : തുർക്കി,പോർച്ചുഗൽ,ജോർജിയ,ചെക്ക് റിപ്പബ്ളിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |