SignIn
Kerala Kaumudi Online
Saturday, 27 April 2024 2.05 PM IST

വോട്ടോട്ടത്തിൽ വിയർത്ത് പാലക്കാട്

palakkad

പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയം ഇവിടുത്തെ കാലാവസ്ഥ പോലെ കൊടുംചൂടിലാണ്. നഷ്ടപ്പെട്ട ഉരുക്കുകോട്ട തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും. നിലനിറുത്താൻ യു.ഡി.എഫും. ​ ഇരുമുന്നണികളെയും മലത്തിയടിക്കാൻ എൻ.ഡി.എയും കളത്തിലുണ്ട്.

യു.ഡി.എഫിനായി സിറ്റിംഗ് എം.പി വി.കെ. ശ്രീകണ്ഠനും എൽ.ഡി.എഫിനായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും എൻ.ഡി.എയ്ക്കായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്.

നെല്ല് സംഭരണം, വന്യമൃഗശല്യം, കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നിലപാട്, ന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങളും വെല്ലുവിളികളും, ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്രനയം, പൗരത്വം ഭേദഗതി തുടങ്ങി ജനങ്ങളെ ബാധിക്കുന്നതെല്ലാം ചർച്ചയാണിവിടെ. മത്സര ഫലം പ്രവചനാതീതം.


 ഫാസിസ്റ്റുകളെ താഴെയിറക്കണം

- വി.കെ. ശ്രീകണ്ഠൻ (യു.ഡി.എഫ് സ്ഥാനാർത്ഥി)

ഇന്ത്യയെ വീണ്ടെടുക്കുക, രാജ്യത്ത് ജനാധിപത്യ- മതേതര സംവിധാനം നിലനിറുത്തുക, ഭരണഘടനാപരമായ സുരക്ഷ എല്ലാവർക്കും ഉറപ്പാക്കുക. അതിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ 'ഇന്ത്യാ സംഖ്യം" അധികാരത്തിൽ വരണം. തിരഞ്ഞെടുപ്പ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാവും. ജനവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും. അഴിമതിയുടെയും ധൂർത്തിന്റെയും പര്യായമാണ് കേരള സർക്കാർ. വിലക്കയറ്റം, സപ്ലൈക്കോയിൽ അവശ്യസാധനങ്ങളില്ല, കർഷകർക്ക് നെല്ലുസംഭരണ തുക ലഭിക്കുന്നില്ല തുടങ്ങിയവയ്‌ക്കെതിരായ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകും. ഞാൻ ആരംഭിച്ച വികസന പ്രവർത്തികൾ പൂർത്തിയാക്കണം. ഗ്രീൻഫീൽഡ് ഹൈവേ, കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴി എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. പാലക്കാട് കാർഷിക പാക്കേജ്, വിമാനത്താവളം തുടങ്ങി വികസന സാദ്ധ്യതയുള്ള എല്ലാമേഖലകളിലും ഇടപെടും. 2019ൽ പാലക്കാട്ട് വലിയ മാറ്റമുണ്ടായി. അതിന്റെ തുടർച്ച ഇത്തവണയും ഉണ്ടാകും. 23 വർഷത്തെ ഇടത് എം.പിമാരുടെ സമീപനവും എന്റെ അഞ്ചുവർഷത്തെ ഇടപെടലും ജനം വിലയിരുത്തും.

 ഇടതുപക്ഷത്തെ ജനം ജയിപ്പിക്കും

- എ. വിജയരാഘവൻ (എൽ.ഡി.എഫ് സ്ഥാനാർത്ഥി)

സമ്പന്നരുടെ കൈകളിലേക്ക് അധിക സമ്പത്ത് കുമിഞ്ഞുകൂടുന്നു. ദരിദ്രരുടെയും മദ്ധ്യവർഗ കുടുംബങ്ങളുടെയും ജീവിതം തകർന്നു. ഇന്ത്യ മതേതരമായി നിലനിൽക്കാൻ, ജനാധിപത്യം കാത്തുസൂക്ഷിക്കാൻ വ്യക്തമായ നിലപാടുകളുള്ള ഇടതുമുന്നണിക്ക് ലോക്സഭയിൽ കൂടുതൽ അംഗങ്ങൾ വേണം. ഇത്തവണ എൽ.ഡി.എഫ് മികച്ച വിജയം നേടും. സി.എ.എ, ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാട്, സാമ്പത്തിക ഫെഡറലിസം, സെക്കുലറിസം എന്നിവ സംബന്ധിച്ച കേരള സർക്കാരിനും ഇടതുപക്ഷത്തിനും വ്യക്തമായ നിലപാടുകളുണ്ട്. കോൺഗ്രസിന് അതില്ലെന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. സംസ്ഥാന ഭരണത്തെകുറിച്ച് നല്ല അഭിപ്രായമാണുള്ളത്. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ലോക്സഭയിലെത്തിയാൽ പാലക്കാടിന്റെ സർവ മേഖലകളിലെയും സാദ്ധ്യത പ്രയോജനപ്പെടുത്തും. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യം, കാർഷിക- വ്യവസായ മേഖലകളിലും റെയിവേ വികസനത്തിലും പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പാലക്കാട്ട് ബി.ജെ.പി ഒരു ഫാക്ടറല്ല. പ്രചരാണാർത്ഥം പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വരുന്നത് സ്വാഭാവികമാണ്. അത് വോട്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ല.

 എം.പിമാർ മണ്ഡലത്തെ മറന്നു

- സി. കൃഷ്ണകുമാർ (എൻ.ഡി.എ സ്ഥാനാർത്ഥി)

എൻ.ഡി.എയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട്ട് വലിയ വിജയപ്രതീക്ഷയുണ്ട്. 2019ൽ കിട്ടിയ പിന്തുണ പ്രതീക്ഷ നൽകുന്നതാണ്. ശക്തമായ സാന്നിദ്ധ്യമുറപ്പിച്ച് 1,36,000 വോട്ടിൽനിന്ന് 2,18,000 വോട്ടായി ഉയർത്താൻ അന്ന് കഴിഞ്ഞു. സംസ്ഥാനത്ത് എൻ.ഡി.എ അക്കൗണ്ട് തുറക്കും.

കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ജയിച്ചിട്ടും വികസനം എന്തെന്ന് പാലക്കാട് അറിഞ്ഞിട്ടില്ല. ബി.ജെ.പി.ക്ക് എം.പിമാർ ഇല്ലാതിരുന്നിട്ടും സംസ്ഥാന ഭരണം ഇല്ലാതിരുന്നിട്ടും എൻ.ഡി.എ സർക്കാർ കേരളത്തെ മറന്നില്ല. ഇതുവരെ ഒരുമുന്നണിയും നൽകാത്ത വികസനമാണ് മോദി സർക്കാർ പാലക്കാടിനു നൽകിയത്. അത് വോട്ടായി മാറും. എൽ.ഡി.എഫ് സർക്കാരിനു കീഴിൽ ജനങ്ങളുടെ സുരക്ഷതന്നെ ഉറപ്പില്ലാത്ത സ്ഥിതിയായി. ജില്ലയിലെ നെല്ലുസംഭരണ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിനോ പാലക്കാട്ടെ എം.പിക്കോ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിലെ ശിശുമരണങ്ങളും അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മയും ഇന്നും ചർച്ചകളിൽ നിറയാൻ കാരണം ജനപ്രതിനിധികളുടെ പരാജയമാണ്. ഇരു മുന്നണികളുടെയും ഭരണപരാജയം എൻ.ഡി.എയുടെ വോട്ടായി മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.