SignIn
Kerala Kaumudi Online
Saturday, 27 April 2024 3.45 PM IST

നെയ്തെടുക്കുമോ കോംട്രസ്റ്റിന്റെ സ്വർണനൂൽ പെരുമ

com
മാനാഞ്ചിറയിലെ അടച്ചിട്ട കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് നാടും നാഗരവും. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും സ്‌നേഹ സ്പർശങ്ങളുമായി സ്ഥാനാർത്ഥികൾ ജനമദ്ധ്യത്തിലേക്ക് ഇറങ്ങുമ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഉയരുന്നത് നിരവധി ചോദ്യങ്ങൾ. എവിടെ കുടിവെള്ളം, കോംട്രസ്റ്റ്, മാവൂർ ഗോളിയേർ റയൺസ്, കിനാലൂർ, വടകര-മാഹി കനാലിൽ ബോട്ട്, നിർദ്ദേശ്... നാട്ടിയ കുറ്റികളിൽ പദ്ധതികൾ ഉറങ്ങുമ്പോൾ കേരളകൗമുദിയുടെ 'കേൾക്കുന്നുണ്ടോ..' അന്വേഷണം ഇന്നു മുതൽ.

കോഴിക്കോട്: കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത് ഫാക്ടറിയും അതിന്റെ ചരിത്രവും അറിയാത്തവർ ആരുമുണ്ടാവില്ല. നെയ്‌തെടുക്കുന്ന തുണിത്തരങ്ങളിലൂടെ കേരളത്തിന്റെ വസ്ത്ര പെരുമ കടലും കടന്നെത്തിച്ച മാനാഞ്ചിറയിലെ നെയ്ത് ഫാക്ടറി പൂട്ടിയിട്ട്
15 വർഷമായി. ഇല്ലാതാകുന്ന പെെതൃകത്തെ തിരിച്ചുകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് തൊഴിലും ജീവനോപാധിയും നഷ്ടപ്പെട്ട 62 തൊഴിലാളികൾ കോംട്രസ്റ്റ് ഫാക്ടറിക്കുമുന്നിൽ സമരം ആരംഭിച്ചിട്ട് ഒരുവർഷവും 171 ദിവസവുമായി. തലങ്ങും വിലങ്ങും തങ്ങളുടെ രാഷ്ട്രീയ വോട്ടുകൾ ഉറപ്പിക്കാൻ ഓടുന്ന സ്ഥാനാർത്ഥികൾ ഓർക്കാറുണ്ടോ പിന്നിപ്പോയ ഈ സ്വർണനൂൽപെരുമയെ..?. തൊഴിലാളി സമരം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഫാക്ടറിയുടെ ഒരു ഭാഗം അഗ്നിക്കിരയായി. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കോഴിക്കോടിന്റെ ഹൃദയ മദ്ധ്യത്തിൽ തലയുയർത്തിനിന്നിരുന്ന കെട്ടിടത്തിൽ എങ്ങനെ തീപടർന്നുവെന്നത് കോംട്രസ്റ്റിന്റെ അടച്ചുപൂട്ടൽ പോലെ ദുരൂഹം.

@

രാഷ്ട്രപതി അംഗീകരിച്ചിട്ടും

അടഞ്ഞുതന്നെ

2009 ഫെബ്രുവരി ഒന്നിനാണ് കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടച്ചുപൂട്ടിയതും തൊഴിലാളികൾ കുടിയിറക്കപ്പെട്ടതും. മലബാറിന് ഐശ്വര്യമൊരുക്കാൻ 1844 ലാണ് കോഴിക്കോട് മാനാഞ്ചിറയിൽ ജർമൻ മിഷണറിമാർ കോംട്രസ്റ്റ് നെയ്ത്ത് കമ്പനിക്ക് തുടക്കമിടുന്നത്. 500 ലധികം തൊഴിലാളികളുമായി തുടങ്ങിയ ഫാക്ടറി ലോകത്തിന് മുന്നിൽ കോഴിക്കോടിനെ അടയാളപ്പെടുത്തുന്നതായിരുന്നു. ബ്രീട്ടിഷ്‌കാർ ഏറ്റെടുത്ത ഫാക്ടറി 1976 ൽ ഇന്ത്യൻ മാനേജ്‌മെന്റിന് കീഴിലായി. നഷ്ടകണക്ക് നിരത്തി 2009 ഫെബ്രുവരി ഒന്നിന് കമ്പനി അടച്ചുപൂട്ടി. തൊഴിലാളികളുടെ നിരന്തര സമരങ്ങളുടെ ഫലമായി 2017ൽ കമ്പനി തുറക്കണമെന്ന ട്രൈബ്യൂണൽ വിധി വന്നു. 2018 ൽ കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. എന്നാൽ ഇതുവരെ ഏറ്റെടുക്കൽ നിയമം നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികൾ പറയുന്നത്. ആദ്യഘട്ട സമരത്തിന്റെ ഫലമാണ് 2018ൽ ബിൽ നിയമമായി വന്നത്. അഞ്ച് വർഷം പിന്നിട്ടിട്ടും നിയമം നടപ്പാക്കാത്തതിനാൽ തൊഴിലാളികൾ വീണ്ടും സമരമുഖത്താണ്.

@ പെെതൃകം നിലനിർത്താൻ സമരം

ഫാക്ടറിയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ ട്രേഡ് യൂണിയനുകളെല്ലാം കോംട്രസ്റ്റിന്റെ സ്വത്തുവകകളുടെ വില്പനയ്ക്കുനേരെ കണ്ണടച്ചു എന്നതാണ്. ഇതിനെതിരെ തൊഴിലാളികൾ രംഗത്ത് വന്നു. 1999ൽ എ.ഐ.ടി.യു.സി സമരത്തിന് രൂപം നൽകി . ബിനോയ് വിശ്വം പ്രസിഡന്റും ഇ.സി.സതീശൻ ജനറൽ സെക്രട്ടറിയുമായി രൂപം കൊണ്ട എ.ഐ.ടി.യു.സി യൂണിയനാണ് കോംട്രസ്റ്റിന് പുതുജീവൻ നൽകാൻ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നത്. പിന്നീട് കോംട്രസ്റ്റിന്റെ പുനർജീവനത്തിനായി നിരവധി പ്രതിഷേധങ്ങൾ നടന്നു. പൈതൃക സ്ഥാപനം അന്യാധീനപ്പെടുത്തരുത്, നിയമപ്രകാരം സർക്കാർ ഏറ്റെടുത്ത സ്ഥാപനം പ്രവർത്തിക്കണം, സമരം ആരംഭിച്ചതിനുശേഷം മരിച്ച അഞ്ച് പേരുടെ കുടുംബത്തിനും വിരമിച്ച 40 പേർക്കും ഉൾപ്പെടെ നിയമാനുസൃത ആനുകൂല്യങ്ങൾ നൽകുക, മുമ്പ് സ്ഥാപനം ഏറ്റെടുക്കാൻ ഓർഡിനൻസ് ഇറക്കിയ എൽ.ഡി.എഫ്. സർക്കാർ തന്നെ ഇപ്പോൾ ആ നിലപാടിൽനിന്ന് പിന്നാക്കം പോകരുത് ഇതാണ് തൊഴിലാളികൾ ഇന്നും ആവശ്യപ്പെടുന്നത്. രാഷ്ട്രപതിയുടെ ഉത്തരവ് ഉണ്ടായിട്ടും സ്ഥാപനത്തിനോ തൊഴിലാളികൾക്കോ നല്ലകാലം വന്നില്ല. കോംട്രസ്റ്റ്‌ ഏറ്റെടുക്കൽ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ തൊഴിലാളികളുടെ ദുരിതം ലഘൂകരിക്കുന്നതിന് കെ.എസ്.ഐ.ഡി.സിയിൽ നിന്ന് പ്രതിമാസം 5000 രൂപയും തൊഴിലാളികൾക്ക് അനുവദിച്ചിരുന്നു. ഈ തുക കൊണ്ടാണ് പലരും ജീവിതം തള്ളി നീക്കിയത്. എന്നാൽ വിരമിക്കൽ പ്രായം പിന്നിട്ടെന്ന് കാണിച്ച് തൊഴിലാളികളിൽ പലർക്കും ഇപ്പോൾ ഈ തുകയും നിഷേധിച്ചിരിക്കുയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.