SignIn
Kerala Kaumudi Online
Sunday, 20 September 2026 12.03 PM IST

പ്രതിപക്ഷത്തെ പൂട്ടാൻ നികുതിക്കുരുക്ക്, കോൺഗ്രസിന് 1823 കോടി പിഴ

READ ENGLISH VERSION

f

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാർട്ടികളെ സമ്മർദ്ദത്തിലാക്കാനും സാമ്പത്തികമായി ഞെരുക്കാനും ആദായനികുതി വകുപ്പ് നടപടി ശക്തമാക്കി. കോൺഗ്രസിന് മൊത്തം 1,823.08 കോടി രൂപ പിഴയിട്ടു. നേരത്തെ135 കോടി രൂപ ചുമത്തിയിരുന്നു. സി.പി.എം, സി.പി.ഐ, തൃണമൂൽ പാർട്ടികൾക്കും പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെയുള്ള കോൺഗ്രസിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും.

നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകളുടെ പേരിൽ കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും പിഴ ഇട്ടത്. ഇതു സംബന്ധിച്ച് ഇന്നലെ രണ്ട് നോട്ടീസുകൾ കൂടി ലഭിച്ചതായും ഇത് നികുതി ഭീകരതയാണെന്നും കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. അന്തരിച്ച സീതാറാം കേസരി പാർട്ടി അദ്ധ്യക്ഷൻ ആയിരുന്ന കാലത്തെ റിട്ടേൺസും ഇതിലുണ്ട്.

എം.എൽ.എമാരും എം.പിമാരും സംഭാവന ചെയ്‌ത 14 ലക്ഷം രൂപയ്‌ക്കാണ് 135 കോടി രൂപ നികുതി ചുമത്തിയതെന്നും ഈ തുക പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.


സി.പി.എമ്മിന് 15കോടി

2016-17ലെ നികുതി റിട്ടേണിൽ സെക്‌ഷൻ 148 എ പ്രകാരം അക്കൗണ്ട് വിവരങ്ങൾ നൽകാത്തതിന് സി.പി.എമ്മിന് 15.59 കോടി രൂപ പിഴ ചുമത്തി. 13എ പ്രകാരം നോട്ടീസ് അയച്ച ആദായനികുതി വകുപ്പ് കൂടുതൽ സമയം നൽകണമെന്ന പാർട്ടിയുടെ അഭ്യർത്ഥന തള്ളിയിരുന്നു. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസുണ്ട്. കോടതി നിർദ്ദേശം തള്ളിയാണ് ആദായനികുതി വകുപ്പ് നടപടി.

സി.പി.ഐയും പാൻകാർഡും

പഴയ പാൻ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ സമർപ്പിച്ചെന്ന് കാട്ടിയാണ് സി.പി.ഐക്ക് നോട്ടീസ്. ഇതിന്റെ പേരിൽ പിഴയും പലിശയും ചേർത്ത് 11 കോടിയോളം നൽകണം. നിയമവിദഗ്‌ദ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സി.പി.ഐ അറിയിച്ചു.

തൃണമൂലിന് 11 നോട്ടീസ്

ആദായ നികുതി പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 11 നോട്ടീസുകൾ ലഭിച്ചതായി തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ പറഞ്ഞു.

2017 -18ൽ പേര്‌ വിവരങ്ങൾ വെളിപ്പെടുത്താത്ത 1297 പേർ 42 കോടി രൂപ ബി. ജെ.പിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷം കിട്ടിയ ഇത്തരം നിക്ഷേപങ്ങൾക്ക് 4600 കോടിയാണ് പിഴ കണക്കാക്കിയിട്ടുള്ളത്. അത് ആദായ നികുതി വകുപ്പ് കാണുന്നില്ല

- മല്ലികാർജ്ജുന ഖാർഗെ,

കോൺഗ്രസ് അദ്ധ്യക്ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INCOME TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360