ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് റിപ്പോർട്ട്. മദ്ധ്യ പടിഞ്ഞാറൻ പ്രദേശങ്ങളിലായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
' ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ സാധാരണയുള്ളതിനെക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മദ്ധ്യ പടിഞ്ഞാറൻ പ്രദേശങ്ങളിലായിരിക്കും താപനില വലിയ രീതിയിൽ ഉയരുന്നത്.' -ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യൂഞ്ജയ് മൊഹപത്ര അറിയിച്ചു.
പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡീഷ, എന്നിവിടങ്ങളിൽ സാധാരണ താപനിലയോ അതിന് താഴെയോ അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. കുറഞ്ഞത് 10 മുതൽ 20 ദിവസം വരെ ഉഷ്ണതരംഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. സാധാരണ നാല് മുതൽ എട്ട് ദിവസം വരെയാണ് ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്നത്.
കൂടാതെ ഏപ്രിലിൽ മദ്ധ്യ ഇന്ത്യയിലും വടക്കൻ സമതലങ്ങളിലും ദക്ഷിണേന്ത്യയിലും സമീപ പ്രദേശങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കൻ കർണാടക, മദ്ധ്യ പ്രദേശ്, ഒഡീഷ, വടക്കൻ ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ കടുത്ത ചൂട് അനുഭവപ്പെടാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |