SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.15 PM IST

കണ്ണിൽ നോക്കുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യില്ല, ചിലപ്പോൾ അപരിചിതരോട് പോലും അടുപ്പം കാണിക്കും; ഓട്ടിസം നേരത്തെ തിരിച്ചറിയുന്നത് ഇങ്ങനെയെല്ലാം

autism

ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളർത്തിയെടുക്കുക എന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും. 'ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നൽകുവാനും ഓട്ടിസമുള്ള കുട്ടികളെ സമൂഹം ഒറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും അവരെ നമ്മളിൽ ഒരാളായി കാണണമെന്ന വലിയ സന്ദേശം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും എല്ലാ വർഷവും ഏപ്രിൽ 2 'Autism awareness day' ആയി ലോകമെമ്പാടും ആചരിക്കുന്നു.

കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഒട്ടിസം. ജനനസമയത്തെ ആദ്യനാളുകളിൽ ഓട്ടിസം കണ്ടുപിടിക്കാൻ സാധിക്കുകയില്ല. ഓട്ടിസം ഒരു കുഞ്ഞിന് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. ഓട്ടിസം കുട്ടികൾ ദൈനംദിന ജീവിതത്തിൽ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ അവരെ മറ്റു കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നു. ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കഴിവുകൾ വളത്തിയെടുക്കുവാൻ അവരുടെ മാതാപിതാക്കൾക്ക് 'ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ച് പൂർണ്ണബോധവത്കരണം നൽകേണ്ടതുണ്ട്.

'സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഓർഗാനിക്ക് ന്യൂറോഡെവലപ്‌മെന്റൽ ഡിസോഡറാണ് 'ഓട്ടിസം'. ഓട്ടിസത്തെ ആശയവിനിമയത്തിലും പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും കുട്ടികൾനേരിടുന്ന പ്രയാസമാണെന്ന് പറയാം. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാകുന്നത്.

മൂന്ന് വയസ്സിനുള്ളിൽ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. കുഞ്ഞുങ്ങളുടെ വളർച്ചയും ബുദ്ധിവികാസവും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതുകോണ്ട് മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങൾക്ക് ശരിയായ രീതിയിൽ ശരിയായ ചികിത്സ ലഭിക്കാതെപോകും. കുട്ടിയിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾനേരത്തെ കണ്ടുപിടിക്കുകയും തുടർച്ചയായി ഇവരുടെ കാര്യത്തിൽ ശരിയായ രീതിയിൽ ഇടപെടുകയുമാണെങ്കിൽ ഇത്തരം കുട്ടികൾക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാൻ കാരണമാകും.ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ കഴിയും.

ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ താഴെപറയുന്നു

ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽനോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. ഇത്തരം സ്വഭാവവൈകല്യമുള്ളവർ ഒന്നിനോടും താൽപ്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്‌നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും. അച്ഛനമ്മമാരോടും മറ്റുവേണ്ടപ്പെട്ടവരോടും ആടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. ഓട്ടിസം കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ ആവർത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരിൽ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം.

ചില ഓട്ടിസം കുഞ്ഞുങ്ങൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ശ്രദ്ധിക്കുകയില്ല.എന്നാൽ ഒരു കൂട്ടം ഓട്ടിസം കുട്ടികൾ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. മറ്റുള്ളവർ തന്റെ അടുത്തേക്ക് വരുന്നതോപോകുന്നതോ അറിയാത്തതായി ഭാവിക്കുന്നു. സാധാരണ കുട്ടികളെപോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാൽപേടിയോ, ഉത്കണ്ഠയോ ഇത്തരക്കാർ കാണിക്കുകയില്ല. ഇവർ ഒറ്റയ്ക്ക് ഇരിക്കാൻ താൽപ്പര്യപ്പെടുന്നു. സദാസമയവും സ്വന്തമായലോകത്ത് വിഹരിക്കുന്നവരാകും അധികംപേരും. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയുംവേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക,കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളിൽ കാണാം. ദൈനംദിന കാര്യങ്ങൾ ഒരുപോലെ ചെയ്യുവാനാണ് ഇവർക്കിഷ്ടം. നിരന്തരമായി കൈകൾ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവർത്തികൾ ഇവരിൽ കണ്ടുവരുന്നു.

ഒട്ടിസത്തിന്‌വേണ്ടിയുള്ള തെറാപ്പി വളരെ വൈവിധ്യമാർന്നമേഖലയാണ്. ഓട്ടിസം കുട്ടികൾക്ക് മാറ്റി എടുക്കേണ്ട സ്വഭാവരീതികൾ കണ്ടെത്താനും ഇവരിൽ വളർത്തിയെടുക്കേണ്ട കഴിവുകൾ പഠിപ്പിച്ചെടുക്കാനും മാതാപിതാക്കളുടേയും തെറാപ്പിസ്റ്റുകളുടേയും അദ്ധ്യാപകരുടേയും സഹകരണം കൂടിയേ തീരു.നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയർ തെറാപ്പികൾ, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവർത്തനം വഴി നമുക്ക് ഓട്ടിസമുള്ള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റം വരുത്താൻ സഹായിക്കും. ഇത്തരം കാര്യങ്ങളിലൂടെ ഓട്ടിസം കുട്ടികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കാം.

Reshmi Mohan A.
Child Development Therapist
SUT Hospital, Pattom

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, AUTISM, CHILDREN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.