SignIn
Kerala Kaumudi Online
Monday, 22 April 2024 8.34 AM IST

വന്യജീവികൾ നാട്ടിലിറങ്ങുന്നത് കുറയാൻ പൂർവികർ ചെയ‌്‌തിരുന്ന തന്ത്രം പുറത്തെടുത്താലോ?

tiger

കാടുവിട്ടിറങ്ങുന്ന വന്യജീവികൾക്കറിയില്ലല്ലോ കേരളത്തിലെ വനം മന്ത്രി എ.കെ. ശശീന്ദ്രനാണെന്ന് ' വന്യജീവി ആക്രമണത്തെക്കുറിച്ച് നിയമസഭയിൽ ഗൗരവതരമായ ചർച്ച നടക്കുന്നതിനിടെയാണ് സംസ്ഥാന വനം വകുപ്പ് മന്ത്രി പാതി തമാശയായിട്ട് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. പറഞ്ഞതിൽ കാര്യമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. കാരണം വനങ്ങളിൽ പാർക്കുന്ന മൃഗങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതായി അറിയില്ല. അവർ രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങളോ പ്രതിഷേധ യോഗങ്ങളോ സംഘടിപ്പിച്ചിട്ടുമില്ല. കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുന്ന വന്യജീവികൾ രാഷ്ട്രീയ നിറം നോക്കിയല്ല ആൾക്കാരെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. അവർക്ക് ആകെയുള്ളത് വിശപ്പിന്റെ വിളിയാണ്. ഇത്തരത്തിൽ നോക്കുമ്പോൾ മന്ത്രി ശശീന്ദ്രൻ പറഞ്ഞതിൽ വലിയ വാസ്തവമുണ്ട്. മാത്രമല്ല പിണറായി സർക്കാരിന്റെ കാലത്ത്, യു.ഡി.എഫ് ഭരണകാലത്തെക്കാൾ കൂടുതൽ പേരുടെ ജീവൻ അപഹരിച്ച്, അതൊരു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കണമെന്ന് വന്യജീവികൾക്ക് ഒരു പ്രഖ്യാപിത ലക്ഷ്യവുമില്ല. ആവശ്യത്തിന് തീറ്റയോ വെള്ളമോ ഒക്കെ കാട്ടിൽ കിട്ടാതെ വരുമ്പോൾ വന്യജീവികൾ കാടുവിട്ട് നാട്ടിലേക്കിറങ്ങും. അതാണ് ഇപ്പോൾ നടക്കുന്നത്.

വിവേകത്തോടെ പെരുമാറാൻ മനുഷ്യന് കഴിയുമ്പോൾ ഒട്ടും വിവേകമില്ലാതെയാവും മൃഗങ്ങൾ പെരുമാറുക. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസവും ഈ വിവേകവും തിരിച്ചറിവുമാണ്. കാട്ടിൽ വളരുന്ന വന്യജീവികളെ നാട്ടിലേക്ക് ഇറക്കാതിരിക്കാൻ യുക്തിസഹമായ നടപടികൾ സ്വീകരിക്കുകയാണ് വിവേകശാലികളായ മനുഷ്യർ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ അത്തരത്തിൽ ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഇവിടെയാണ് മനുഷ്യൻ മൃഗസമാനനാവുന്നതും.

പത്തനംതിട്ട തുലാപ്പള്ളിയിൽ കൃഷി നശിപ്പിച്ച കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുമ്പോഴാണ് തിങ്കളാഴ്ച പുലർച്ചെ കർഷകനും ഓട്ടോഡ്രൈവറും കൂടിയായ ബിജു ഒറ്റയാന്റെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ദാരുണമായി മരിച്ചത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവും സർക്കാർ ജോലിയുമൊക്കെ നൽകി ജനങ്ങളുടെ പ്രതിഷേധവും ബന്ധുക്കളുടെ വേദനയും ശമിപ്പിക്കാൻ സർക്കാർ ശ്രമിക്കാറുണ്ട്. അത് ചെയ്യേണ്ടതുമാണ്. പക്ഷെ ഇതാണോ ഒരു ശാശ്വത പരിഹാരം. പൊലിയുന്ന ഓരോ ജീവനും വലിയ വിലയുള്ളതാണ്. എത്രവലിയ ധനസഹായം കിട്ടിയാലും നഷ്ടപ്പെടുന്ന ആളിന് പകരമാവുമോ.

2017 മുതൽ കഴിഞ്ഞ വർഷം വരെ കാട്ടാനകളുടെ ആക്രമണത്തിൽ കേരളത്തിന്റെ വനമേഖലകളിൽ 100 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. ആർക്കും ഒരുപദ്രവവും ഉണ്ടാക്കാതെ അദ്ധ്വാനിച്ച് കുടുംബം പോറ്റുന്നവരും കുടുംബത്തിന് താങ്ങാവാൻ പലവിധ ജോലികൾക്ക് പോകുന്നവരും മണ്ണിൽ വിത്തും പ്രതീക്ഷയും വിതച്ച് വിളവെടുപ്പ് കാത്തിരിക്കുന്നവരുമൊക്കെയാണ് മരണപ്പെട്ടവരിലധികവും. ഗുരുതരമായി പരിക്കേറ്റവർ ഇതിന് പുറമെയാണ്. ഇക്കാലയളവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 30 പേർക്കെങ്കിലും ജീവഹാനി സംഭവിച്ചു. കടുവ, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനുകൾ വേറെ.
ഏറ്റവും ഒടുവിൽ നടത്തിയ സെൻസസ് പ്രകാരം കാട്ടുപോത്ത്, കടുവ, മ്ലാവ്, കാട്ടുപന്നി തുടങ്ങിയവയുടെയെല്ലാം എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2011ൽ അവസാനമായി നടന്ന കാട്ടുപോത്തിന്റെ കണക്കെടുപ്പിൽ 17, 860 എണ്ണമുണ്ടെന്നാണ് കണ്ടെത്തൽ.അതിന് ശേഷം കൃത്യമായ കണക്കെടുപ്പ് നടന്നിട്ടില്ല.എങ്കിലും ഇവ ഇരട്ടിയിലധികമായിട്ടുണ്ടാവുമെന്നുറപ്പ്. വനമില്ലാത്ത ആലപ്പുഴ ഒഴികെ മറ്റ് 13 ജില്ലകളിലും വന്യജീവി ശല്യമുണ്ട്. വയനാട്, പാലക്കാട്, കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഇത് ഏറ്റവും രൂക്ഷമായിട്ടുള്ളത്. ചില പ്രത്യേക ഇനം അധിനിവേശ സസ്യങ്ങൾ വല്ലാതെ വ്യാപിച്ചതോടെ പുല്ലും ജീവികൾക്ക് ഭക്ഷ്യയോഗ്യമായ മറ്റ് സസ്യങ്ങളും വനത്തിനുള്ളിൽ കുറഞ്ഞു. കാട്ടുപോത്തും കാട്ടുപന്നിയും ആനയുമെല്ലാം കാടുവിട്ട് നാട്ടിലേക്കിറങ്ങാൻ ഇതൊരു പ്രധാന കാരണമാണ്. ഒരു കടുവയുടെ ആവാസ വ്യവസ്ഥയ്ക്ക് ഏതാണ്ട് 25 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വേണ്ടത്. കാട്ടാനക്കൂട്ടങ്ങൾക്ക് 128 ച. കലോമീറ്ററും. എണ്ണം പെരുകുന്നതോടെ ആവാസവ്യവസ്ഥ ചുരുങ്ങുന്നതിനാൽ ഇവയ്ക്ക് വേണ്ടത്ര ഭക്ഷണത്തിന്റെ ലഭ്യതയില്ലാതാവുന്നത് സ്വാഭാവികം.

വന്യജീവി പരിപാലനത്തിന് സർക്കാരും വനംവകുപ്പും പലവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഒന്നും ഉദ്ദേശിക്കും പോലെ ഫലിക്കുന്നില്ലെന്ന് മാത്രം. മഞ്ഞക്കൊന്ന അടക്കമുള്ള അധിനവേശ സസ്യങ്ങളെ വേരോടെ പിഴുതുമാറ്റി പുല്ല് വർഗ്ഗത്തിലെ ചെടികൾക്ക് വളരാൻ സൗകര്യം നൽകുന്ന പദ്ധതി വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്ലാവും മാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ കാട്ടിൽ നട്ടുവളർത്തുന്ന പദ്ധതിയും ആരംഭിച്ചു. ഇതെല്ലാം ഒന്നു വളർന്ന് ഫലപ്രാപ്തിയിലെത്താൻ കുറെ സമയമെടുക്കും. അത്രയും കാലം ക്ഷമിക്കാൻ വന്യജീവികൾക്ക് യോഗ പരിശീലനമൊന്നും ആരും നൽകിയിട്ടില്ലല്ലോ. അടിയന്തരമായി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള പോംവഴിയല്ലെ തേടേണ്ടത്. അല്ലാതെ ചീറിവരുന്ന കാട്ടാനയുടെ മുന്നിൽ ചെന്നു നിന്നിട്ട് 'മന്ത്രിയെ അറിയാമോ, മന്ത്രിയുടെ പാർട്ടിയെ അറിയാമോ, മുന്നണി അറിയാമോ ഭരിക്കുന്ന സർക്കാരിനെ അറിയാമോ' എന്ന് ഈണത്തിൽ പാടിയിട്ട് വല്ല കാര്യവുമുണ്ടോ.

പിന്നെ, എല്ലാം സർക്കാർ കാത്തോളും എന്ന മട്ടിൽ ചിന്തിക്കാതെ തങ്ങളാലാവും വിധ പ്രതിരോധ മാർഗ്ഗങ്ങൾ കർഷകരും നോക്കണം. വനാതിർത്തിയിൽ വാഴയും കിഴങ്ങുവിളകളും പുല്ലുവർഗ്ഗങ്ങളും കൃഷി ചെയ്യുന്നത് സസ്യാഹാരികളായ മൃഗങ്ങളെ മാത്രമല്ല, അതുവഴി മാംസാഹാരികളെയും നാട്ടിലേക്ക് ക്ഷണിച്ചു വരുത്തും.

വനമേഖലയിൽ താമസിക്കുന്നവർ ഇഞ്ചി, മഞ്ഞൾ, കോലിഞ്ചി എന്നിങ്ങനെയുള്ളവ കൃഷിചെയ്താൽ സസ്യാഹാരികളുടെ കാടിറക്കം കുറയും. അവയുടെ പിന്നാലെയെത്തുന്ന കടുവ അടക്കമുള്ള മാംസാഹാരികളുടെ വരവും കുറയ്ക്കാം. ഇതാണ് മുൻകാലങ്ങളിൽ പൂർവികർ ചെയ്തിരുന്ന തന്ത്രം. അതെന്തായാലും വനാതിർത്തികളിലെ ജനങ്ങൾ ഭീതിയോടെയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. ചില പ്രദേശങ്ങളിൽ നിന്ന് ആൾക്കാർ പലായനം ചെയ്യുന്ന സ്ഥിതിയുമുണ്ട്. വിത്തിറക്കിയാൽ നൂറുമേനി കിട്ടുന്ന ഫലഭൂയിഷ്ടമായ മണ്ണ് പോലും ഇപ്പോൾ ആൾക്കാർക്ക് വേണ്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പരിഹാരം വേണ്ടേ.

ഇതുകൂടി കേൾക്കണേ

സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി ഇനി ഏതായാലും കൂടില്ല. കർശന നിയമവ്യവസ്ഥയുള്ളതിനാൽ വനം വ്യാപകമായി നശിപ്പിക്കപ്പെടുന്നില്ലെന്നത് ആശ്വാസം. പക്ഷെ പക്ഷി മൃഗാദികൾ പെരുകുകയാണ്. അതിനാൽ വിവേകമില്ലാത്ത മൃഗങ്ങളെ കാട്ടിനുള്ളിൽ ഒതുക്കി നിറുത്താൻ വിവേകമുള്ള മനുഷ്യർ ശ്രമിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തനമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD ANIMAL ATTACK, KERALA, TIGER MENACE, ELEPHANT MENACE, WAYANAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.