SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.53 AM IST

തമിഴ്‌നാട്ടിൽ താമര വിരിയിക്കാൻ കച്ചത്തീവ് സഹായിക്കുമോ? യുദ്ധം ചെയ്യേണ്ടിവരും ആ ദ്വീപ് വീണ്ടെടുക്കാൻ

kachathiv

ഇന്ത്യൻ മഹാസമുദ്രത്തിലെ ആൾപ്പാർപ്പില്ലാത്ത കച്ചത്തീവ് (കച്ചൈത്തീവ്)​ എന്ന കൊച്ചുദ്വീപിലാണ് ഇപ്പോൾ ഇന്ത്യൻ രാഷ്‌ട്രീയം കത്തുന്നത്. കോൺഗ്രസ് ഭരണകാലത്താണ് (1974)​ കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് വിവാദമായത്. തമിഴ് രാഷ്ട്രീയത്തിന്റെ അതിരിനപ്പുറത്തേക്ക് ദേശീയതലത്തിൽ കോൺഗ്രസിനെ പ്രഹരിക്കുന്നതിനൊപ്പം തമിഴ് വികാരം ഇളക്കി തമിഴ്നാട്ടിൽ അത് വോട്ടാക്കുകയാണ് ബി,​ജെ.പി ലക്ഷ്യം. തമിഴ്നാട്ടിൽ ഡി.എം.കെ ഭരണകാലത്താണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് എന്നതുകൊണ്ട് അവരെക്കൂടി പ്രതിക്കൂട്ടിലാക്കുകയാണ് മോദി. ഡി.എം.കെയും കോൺഗ്രസും രാഷ്‌ട്രീയ സഖ്യത്തിലുമാണ്. ഇങ്ങനെ പലതലകളുള്ള വാളാണ് ബി.ജെ.പിക്ക് കച്ചത്തീവ്

തിരഞ്ഞെടുപ്പിന് ഏരിവു പകരുന്ന രാഷ്‌ട്രീയ വിവാദത്തിന് തിരിയിട്ടത് ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ വിദേശമന്ത്രാലയത്തിൽ നിന്നു നേടിയ വിവരാവകാശ രേഖകളാണ്. 1974-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത്. ദ്വീപിന്മേലുള്ള ഇന്ത്യയുടെ അവകാശവാദം വേണ്ടെന്നു വയ്ക്കുമെന്ന് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ജവഹർലാൽ നെഹ്രു പറഞ്ഞതായും റിപ്പോർട്ടുണ്ട്. മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ബി.ജെ.പിയും അതിനെ രാഷ്‌ട്രീയ ആയുധമാക്കി.

കച്ചത്തീവ് ഉണ്ടായത്

പതിന്നാലാം നൂറ്റാണ്ടിൽ അഗ്നിപ‌ർവത സ്ഫോടനത്തിലാണ് കച്ചത്തീവ് രൂപം കൊണ്ടത്. മദ്ധ്യകാലഘട്ടത്തിൽ ശ്രീലങ്കയിലെ ജാഫ്ന സാമ്രാജ്യത്തിനു കീഴിലായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ രാമനാഥപുരത്തെ രാംനാട് ജമീന്ദാരിയുടെ നിയന്ത്രണത്തിൽ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗം. 1921-ൽ ഇന്ത്യയും ശ്രീലങ്കയും ബ്രിട്ടീഷ് കോളനികൾ ആയിരുന്നപ്പോൾ സമുദ്രത്തിലെ മത്സ്യബന്ധന അതിരുകൾ നിർണയിച്ചത് കച്ചത്തീവ് ആധാരമാക്കിയാണ്. അക്കാലത്തെ ഒരു സർവേയിൽ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമാണ്. ഇന്ത്യയിൽ നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘം രാംനാട് സാമ്രാജ്യത്തിന്റെ ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടി അതിനെ എതിർത്തു. 1974 വരെ തർക്കം പരിഹരിക്കാതെ തുടർന്നു.

നിലവിലെ കരാർ

സമുദാതിർത്തി തീർപ്പാക്കാൻ 1974-ൽ ഇന്ദിരാ ഗാന്ധിയും ലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയും ഒപ്പിട്ട ഇൻഡോ - ശ്രീലങ്കൻ മാരിടൈം എഗ്രിമന്റ് പ്രകാരം കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തു. തന്ത്രപരമായി ദ്വീപിന് വലിയ പ്രാധാന്യമൊന്നും ഇന്ദിരാഗാന്ധി കണ്ടില്ല.​ കച്ചത്തീവ് വിട്ടുനൽകുന്നതിലൂടെ ശ്രീലങ്കയുമായുള്ള ബന്ധം ശക്തമാകുമെന്നും കരുതി. തീരുമാനം അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ അറിയിച്ചിരുന്നു. കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കച്ചത്തീവിൽ പ്രവേശിക്കാനും വിശ്രമിക്കാനും വല ഉണക്കാനും,​ ദ്വീപിലെ ഏക കെട്ടിടമായ സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർത്ഥിക്കാനും അവകാശമുണ്ട്.

മത്സ്യബന്ധന അവകാശം ആർക്കെന്ന് കരാറിൽ പറയുന്നില്ല. 1976-ൽ അടിയന്തരാവസ്ഥക്കാലത്ത് ഒപ്പിട്ട മറ്റൊരു കരാർ പ്രകാരം ഇരുരാജ്യങ്ങളും സാമ്പത്തിക മേഖലകൾ സ്ഥാപിക്കുകയും അവിടെ പരസ്പരം മത്സ്യബന്ധനം വിലക്കുകയും ചെയ്തു. രാജ്യങ്ങളുടെ സമുദ്ര പരിധി നിർണയിക്കുന്നതിനുള്ള യു.എൻ ഉടമ്പടിയുടെ ഭാഗമായാണ് ഈ കരാറുണ്ടാക്കിയത്. അടിയന്തരാവസ്ഥയിൽ കരുണാനിധി സ‌ർക്കാരിനെ പിരിച്ചു വിട്ടിരുന്നു. അതിനാൽ സംസ്ഥാന സർക്കാരുമായി കരാറിനെപ്പറ്റി ആലോചിച്ചിരുന്നില്ല. ഈ കരാറാണ് വിവാദത്തിന് കാരണം.

കച്ചത്തീവിലെ ദേവാലയം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട കത്തോലിക്കാ ദേവാലയമാണ് കച്ചത്തീവിലെ ഏക കെട്ടിടം. അന്തോണീസ് പുണ്യവാളന്റെ വാർഷിക തിരുനാൾ തീർത്ഥാടനത്തിന് ഇന്ത്യയിലെയും ലങ്കയിലെയും പുരോഹിതന്മാരാണ് കുർബാന നിർവഹിക്കുന്നത്. ഇരുരാജ്യങ്ങളിലെയും തീർത്ഥാടകർ എത്തും. കഴിഞ്ഞ വർഷം 2500 ഇന്ത്യക്കാരെത്തിയെന്നാണ് കണക്ക്. ഇക്കൊല്ലം ലങ്കൻ സേനയുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബോട്ടുടമകൾ സമരത്തിലായിരുന്നതിനാൽ ഇന്ത്യൻ തീർത്ഥാടകർ പങ്കെടുത്തില്ല.

പുലിക്കാലം മറയാക്കി...

1983 - 2009-ലെ ശ്രലങ്കൻ ആഭ്യന്തര യുദ്ധകാലത്ത് ലങ്കൻ നാവികസേനയുടെ ശ്രദ്ധ തമിഴ് പുലികളെ തകർക്കുന്നതിലായിരുന്നു. ഈ തക്കത്തിന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പതിവായി ലങ്കൻ സമുദ്രാതിർത്തി കടന്നുകൊണ്ടിരുന്നു. ഇന്ത്യയിൽ നിന്നുള്ള വലിയ ട്രോളറുകൾ അമിതമായി മീൻപിടിത്തം നടത്തുക മാത്രമല്ല,​ ലങ്കൻ ബോട്ടുകളും വലകളും നശിപ്പിക്കുകയും ചെയ്‌തു.

2009-ൽ തമിഴ് പുലികളുമായുള്ള യുദ്ധം അവസാനിച്ചതോടെ ശ്രലങ്കൻ സേന സമുദ്ര സുരക്ഷ ശക്തമാക്കി. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാനും തുടങ്ങി. 15 വർഷത്തിനിടെ ആറായിരത്തിലധികം ഇന്ത്യൻ മീൻപിടിത്തക്കാരെ തടവിലാക്കി. ഇന്ത്യയുടെ 1175 ബോട്ടുകളും പിടിച്ചെടുത്തു. ലങ്കൻ സേനയുടെ കസ്റ്റഡി പീഡനങ്ങളുടെയും മരണങ്ങളുടെയും റിപ്പോർട്ടുകൾ പുറത്തുവന്നു. ഓരോ തവണയും കച്ചത്തീവ് തിരിച്ചു പിടിക്കണമെന്ന ആവശ്യവും ഉയർന്നു.

തമിഴ്നാടിന്റെ നിലപാട്

കച്ചത്തീവ് വിട്ടുകൊടുത്തപ്പോൾ ഇന്ദിരാഗാന്ധിക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധമുയർന്നിരുന്നു. ദ്വീപിൽ രാംനാട് സെമീന്ദാരിയുടെ ചരിത്രപരമായ ഉടമസ്ഥാവകാശവും,​ തമിഴ് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ. ലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഇടപെട്ട ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റതിനു പിന്നാലെ,​ കച്ചത്തീവ് തിരിച്ചെടുക്കണമെന്നും തമിഴരുടെ മത്സ്യബന്ധനാവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. അന്നു മുതൽ കച്ചത്തീവ് തമിഴ് രാഷ്‌ട്രീയത്തിൽ ഉയർന്നു വന്നുകൊണ്ടിരുന്നു.

2008-ൽ എ.ഡി.എം.കെ നേതാവ് ജയലളിത,​ ഭരണഘടനാ ഭേദഗതി ഇല്ലാതെ കച്ചത്തീവ് വിട്ടുകൊടുക്കാനാവില്ലെന്നു കാട്ടി സുപ്രീംകോടതിയെ സമീപിച്ചു. 2011-ൽ മുഖ്യമന്ത്രിയായ ശേഷം ജയലളിത നിയമസഭയിൽ പ്രമേയവും അവതരിപ്പിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് വർദ്ധിച്ചതോടെ 2012-ൽ ജയലളിത വീണ്ടും സുപ്രീം കോടതിയിലെത്തി. 2006- ൽ അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയും കച്ചത്തീവ് വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ വർഷം ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശന വേളയിൽ കച്ചത്തീവ് പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

അതിന് യുദ്ധം വേണ്ടിവരും!

കേന്ദ്രത്തിൽ മാറിവന്ന ഒരു സർക്കാരും കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന നിലപാട് എടുത്തിട്ടില്ല. ഇത് തർക്കപ്രദേശമാണെന്നും ഇന്ത്യൻ പ്രദേശം വിട്ടുകൊടുത്തിട്ടില്ലെന്നും പരമാധികാരം അടിയറ വച്ചിട്ടില്ലെന്നുമാണ് എല്ലാ കേന്ദ്ര സർക്കാരുകളും നിലപാടെടുത്തിട്ടുള്ളത്. ബി.ജെ.പിയുടെ തമിഴ്നാട് ഘടകം കച്ചത്തീവ് തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും മോദി സർക്കാരിനും ഒന്നും ചെയ്യാൻ കഴിയില്ല. 2014-ൽ പ്രശ്നം സുപ്രീം കോടതി പരിഗണിച്ചപ്പോൾ അറ്റോർണി ജനറൽ മുകുൾ റോഹ്‌ത്തഗി പറഞ്ഞത് പ്രശസ്തമാണ്: ''1974-ലെ കരാർ പ്രകാരമാണ് കച്ചത്തീവ് ശ്രിങ്കയ്‌ക്ക് വിട്ടുകൊടുത്തത്. ഇപ്പോൾ അതെങ്ങനെ തിരിച്ചെടുക്കും?​ കച്ചത്തീവ് തിരിച്ചു പിടിക്കണമെങ്കിൽ യുദ്ധം ചെയ്യേണ്ടിവരും!''

കച്ചത്തീവ്

ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിൽ പാക് കടലിടുക്കിലുള്ള ദ്വീപ്

1.6 കിലോമീറ്റർ നീളം. പരമാവധി 300 മീറ്റർ വീതി. വിസ്തൃതി 285 ഏക്കർ

ശുദ്ധജലം ഇല്ലാത്തതിനാൽ ആൾത്താമസമില്ല.

രാമേശ്വരത്തിന് വടക്കുകിഴക്കായി ഇന്ത്യൻ തീരത്തു നിന്ന് 33 കിലോമീറ്റർ

ശ്രീലങ്കയിലെ ജാഫ്നയ്ക്ക് 62കിലോമീറ്റർ തെക്കു പടിഞ്ഞാറ്

ജനവാസമുള്ള ലങ്കൻ ദ്വീപായ ഡെൽഫ്റ്റിൽ നിന്ന് 24 കിലോമീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KACHATHIV, INDIA, SRILANKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.