SignIn
Kerala Kaumudi Online
Tuesday, 21 May 2024 4.46 PM IST

കോടതി കയറുന്ന നായ് നിരോധനം

d

വിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുന്ന നായയുടെ പ്രതിമ. അഥവാ ഹാച്ചികോ സ്റ്റാച്യു. ജപ്പാനിലെ ഷിബുയാ നഗരത്തിന്റെ മുഖ മുദ്ര‌യാണ്. അരുമകളുടെ നിർമലമായ യജമാന സ്‌നേഹത്തിന്റെ പ്രതീകമാണ് ഹാച്ചികോ. 100 വർഷം മുമ്പ് ജീവിച്ചിരുന്ന, ജാപ്പാനീസ് അകിറ്റ ഇനത്തിലെ നായ. യൂനോ എന്ന പ്രൊഫസറുടെ വളർത്തു പട്ടിയായിരുന്നു ഹാച്ചികോ. ഉടമയെ യാത്രയാക്കാനും കൂട്ടിക്കൊണ്ടു വരാനും അവൻ എന്നും റെയിൽവേ സ്റ്റേഷനിലെത്തി. എന്നാൽ ഒരു ദിവസം ജോലിസ്ഥലത്ത് യൂനോ മരണപ്പെട്ടു. എങ്കിലും ദിനചര്യയെന്നോണം ഹാച്ചികോ സ്റ്റേഷനിലെത്തി ഉടമയെ കാത്തിരുന്നു. നീണ്ട 9 വർഷം; ജീവൻ വെടിയുവോളം.

സ്‌നേഹത്തിന്റേയും കൂറിന്റേയും പ്രതീകമായ ഹാച്ചികോയുടെ പേര് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ പരാമർശിക്കപ്പെട്ടു. അവൻ ഉൾപ്പെട്ട ജാപ്പാനീസ് അകിറ്റ ഇനം നായ്ക്കൾ ഇന്ത്യയിൽ ഇന്ന് നിരോധിത പട്ടികയിലാണ്. മനുഷ്യരോടുള്ള ക്രൗര്യത്തിന്റെ പേരിൽ. നിരോധനം ചോദ്യം ചെയ്ത് കെന്നൽ ക്ലബ്ബ് സമർപ്പിച്ച ഹർജിയിൽ മുതിർന്ന അഭിഭാഷകൻ ആർ. ശ്രീനിവാസാണ് ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയത്. സ്നേഹിതനെന്നും ശത്രുവെന്നുമുള്ള ലേബൽ ഒരേയിനം നായ്ക്കൾക്ക് ഒരേസമയം ചാർത്തി കൊടുക്കുന്നതിനേക്കുറിച്ച്.
ജാപ്പാനീസ് ടോസ അകിറ്റ അടക്കം 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വില്പയും പ്രജനനവും നിരോധിച്ച് മാർച്ച് 12ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഇറക്കിയ സർക്കുലറാണ് നായ് പ്രേമികളെ ഇളക്കിവിട്ടത്. നിലവിൽ രാജ്യത്ത് വളർത്തി വരുന്ന ഇത്തരം നായ്ക്കളെ വന്ധ്യംകരിക്കണമെന്നും കേന്ദ്ര നിർദ്ദേശമുണ്ട്. ആക്രമണകാരികളായ ഈ നായ് ഇനങ്ങൾ മനുഷ്യജീവന് ഭീഷണിയാണെന്ന
ഡൽഹി ഹൈക്കോടതിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനം. ഇതിനെതിരേ ഹർജികൾ കൂടിയതോടെ കേന്ദ്ര സർക്കുലർ നടപ്പാക്കുന്നത് പല ഹൈക്കോടതികളും ഭാഗികമായോ പൂർണമായോ തടഞ്ഞിരിക്കുകയാണ്.

ഉത്തരവിന്റെ

പശ്ചാത്തലം

പിറ്റ്ബുൾ ടെറിയർ, റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ് തുടങ്ങിയ ഇനം നായ്ക്കൾ ഉടമകളെ വരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളും ഇവയെ നിരോധിച്ചിട്ടുമുണ്ട്. 2020-ൽ മീററ്റിലും ഗാസിയാബാദിലും രണ്ട് കുട്ടികളെ പിറ്റ്ബുൾ നായ്ക്കൾ ഗുരുതരമായി ആക്രമിച്ച സംഭവങ്ങളെ തുടർന്ന് ഒരു നിയമ സഹായ സ്ഥാപനമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യത്ത് ഇത്തരം നായ്ക്കൾ പെരുകുകയാണെന്നും പലരും ഇവയെ ആയുധമാക്കുകയാണെന്നും സർക്കാരിന്റെ പക്കൽ കണക്കുകളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരോധനം പരിഗണിക്കണമെന്ന നിർദ്ദേശത്തോടെ കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതി ഹർജി തീർപ്പാക്കി. തുടർന്ന് വിദഗ്ദ്ധസമിതിയുടെ ശുപാർശപ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രമന്ത്രാലയം സർക്കുലർ അയച്ചത്.

തടഞ്ഞിട്ട്

കോടതികൾ

ശൗര്യക്കാരായ നായ്ക്കളുടെ ഇറക്കുമതിയും വില്പനയുമെല്ലാം ശതകോടികൾ മറിയുന്ന കച്ചവടമാണ്. ഇതിനാണ് കേന്ദ്രം പാരവച്ചത്. സർക്കുലർ ഇറക്കിയതിന് പിന്നാലെ പ്രസ്തുത നായ്ക്കളുടെ ഇറക്കുമതി തടയാൻ കേന്ദ്ര പരോക്ഷ നികുതി ബോർഡ് തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതടക്കം ചോദ്യം ചെയ്താണ് വിവിധ ഹൈക്കോടതികളിൽ ഹർജികൾ എത്തിയിരിക്കുന്നത്. നിലവിൽ വളർത്തി വരുന്ന നായ്ക്കളെ വന്ധ്യംകരിക്കണമെന്ന നിർദ്ദേശമാണ് മൃഗസ്‌നേഹികളെ ഏറെ വിഷമിപ്പിക്കുന്നത്. വന്ധ്യംകരണം സങ്കീർണമാണ്, പ്രത്യേകിച്ച് പെൺപട്ടികളിൽ. കേരള ഹൈക്കോടതി ഈ പ്രജനന വിഷയം മാത്രമാണ് സ്റ്റേ ചെയ്തിട്ടുള്ളത്. കർണാടക, കൊൽക്കത്ത ഹൈക്കോടതികളും അങ്ങനെ തന്നെ. അപകടകാരികളായ നായ് ഇനങ്ങളുടെ ഇറക്കുമതിക്കും വില്പനയ്ക്കുമുള്ള നിരോധനം തുടരുമെന്ന് ഈ ഹൈക്കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹാച്ചികോയുടെ നാമത്തിൽ വാദമുന്നയിക്കപ്പെട്ട മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കുലർ അപ്പാടെ സ്റ്റേ ചെയ്യപ്പെട്ടു. പരോക്ഷ നികുതി ബോർഡിന്റെ ഉത്തരവും തടഞ്ഞിട്ടുണ്ട്. നായ്ക്കളല്ല അവരുടെ ഉടമകളാകും മോശമെന്ന വാദവും കോടതിയിലുണ്ടായി. ഉത്തരവാദിത്വ ഉടമസ്ഥതയേക്കുറിച്ച് ഇവരെ ബോധവത്ക്കരിക്കണം. ഏതുതരം നായ്ക്കളേയും പരിശീലിപ്പിച്ച് സുഹ‌ൃത്തുക്കളാക്കാനാകും. പ്രകോപനപരമായ പെരുമാറ്റമാണ് പല നായ്ക്കളേയും അക്രമാസക്തരാക്കുന്നതെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. അതേസമയം, ബ്രീഡ‌ർമാരും പെറ്റ്ഷോപ്പ് ഉടമകളും ആശങ്കയിലാണ്.

വലിയ തുക മുടക്കി വാങ്ങുകയും ബ്രീഡിംഗ് നടത്തുകയും ചെയ്ത പട്ടിക്കുഞ്ഞുങ്ങളെ ആരും വാങ്ങാനെത്തുന്നില്ല. നിരോധനം അന്തിമമായാൽ നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരും. ഇവ ആരെയെങ്കിലും കടിച്ചാൽ ഉടമകൾ അഴിയെണ്ണേണ്ടിവരും. അതിനാൽ നിരോധിത നായ്ക്കളെ പലരും വഴിയിൽത്തള്ളാനും സാദ്ധ്യതയുണ്ട്. പ്രജനനവും വില്പനയും തടഞ്ഞ തീരുമാനം അന്തിമമായാൽ ഈയിനം നായ്ക്കൾ ഇന്ത്യയിൽ വംശനാശം നേരിടുമെന്ന പ്രശനവുമുണ്ട്. വിവാദ സർക്കുലറിന് കാരണമായ കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലേക്കും ഒട്ടേറെ അപ്പീലുകൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നായ് നിരോധന വിഷയം സുപ്രീംകോടതിയുടെ പടിയും കയറുമെന്നുറപ്പ്.

നിരോധിച്ച

ഇനങ്ങൾ

പിറ്റ്ബുൾ ടെറിയർ, റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലീറോ, ഡോഗോ അർജന്റീനോ, ബോസ്ബോൽ, കങ്കൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്,സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൻജാക്, ജാപ്പനീസ് ടോസ ആൻഡ് അകിറ്റ, ടോസ ഇനു, മാസ്റ്റിഫ്, റോഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് നായ്ക്കൾ, കനാരിയോ, അക്ബാഷ്, മോസ്‌കോ ഗാർഡ്, കേൻ കോർസോ, ബാൻഡോഗ് തുടങ്ങിയവയാണ് നിരോധിച്ച നായ്ക്കൾ. പട്ടികയിലുള്ള ഇനങ്ങളുടെ സങ്കര ഇനത്തിനും നിരോധനം ബാധകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPAPER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.