കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസും, കൗൺസിലർ പി കെ ഷാജനും ഇ ഡിക്ക് മുന്നിൽ ഹാജരായി. സി പി എമ്മിന് രഹസ്യ അക്കൗണ്ടുകളില്ലെന്ന് വർഗീസ് പ്രതികരിച്ചു.
ചോദ്യം ചെയ്യലിന് ഇപ്പോൾ ഹാജരാകാൻ പറ്റില്ലെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി നൽകണമെന്ന് വർഗീസും ഷാജനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി ഇത് അംഗീകരിച്ചില്ല. ഇന്ന് ഹാജരാകണം എന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് ഇരുവരും കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിയത്.
കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന് നേരത്തേ ഇഡി കണ്ടെത്തിയിരുന്നു. ഇത് സിപിഎമ്മുമായി ബന്ധപ്പെട്ടതാണെന്ന സംശയവും ഇഡി പ്രകടിപ്പിച്ചിരുന്നു. അക്കൗണ്ട് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനാണ് പ്രധാനമായും വർഗീസിനെ വിളിച്ചുവരുത്തുന്നത്. ഈ രഹസ്യ അക്കൗണ്ടുകളിലൂടെയാണ് ബിനാമി വായ്പകളുടെ കമ്മിഷൻ കൈകാര്യം ചെയ്തതെന്നും ഇഡി ആരോപിക്കുന്നു.
കരുവന്നൂർ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് പാർട്ടി നിയോഗിച്ച കമ്മിഷനിൽ അംഗമായിരുന്നു കൗൺസിലർ പി കെ ഷാജൻ. കമ്മിഷനിലെ മറ്റൊരു അംഗവും മുൻ എംപിയുമായ പി കെ ബിജുവിനെ ഇന്നലെ ഇഡി ചോദ്യംചെയ്തിരുന്നു. രാവിലെ പതിനൊന്നുമണിയാേടെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എഴരവരെ നീണ്ടു. മുഴുവൻ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു. തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് അടുത്തബന്ധമുണ്ടെന്നുള്ള മൊഴിയും നേരത്തേ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |