തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് സംബന്ധിച്ച് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ യാഥാർത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്ലിംവിഭാഗങ്ങളെ കൊലപ്പെടുത്തിയതും ഉൾപ്പെടെ നിരവധിചരിത്ര വസ്തുതകൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ക്കാനാണ് എൻ.സി.ഇ.ആർ.ടി ശ്രമം. മുൻപും ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ചരിത്ര പുസ്തകങ്ങളിൽ വ്യാപകമായ വെട്ടിമാറ്റലുകൾ എൻ.സി.ഇ.ആർ.ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡിഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണെന്നും മന്ത്രി വ്യക്തമാക്കി
മഅ്ദനി ആശുപത്രി വിട്ടു
കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഇന്നലെ കലൂരിലെ വീട്ടിലേക്ക് മടങ്ങി. ഫെബ്രുവരി 20നാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരിറ്റോണിയൽ ഡയാലിസിസ് മെഡിക്കൽ സംഘത്തിന്റെ ചികിത്സ വീട്ടിൽ തുടരും.
ജസ്റ്റിസ് മണികുമാറിന്റെ പിന്മാറ്റം സ്വാഗതാർഹം : ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷപദം സ്വീകരിക്കേണ്ടെന്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ തീരുമാനം സ്വാഗതാർഹമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. വൈകി ഉദിച്ച വിവേകമാണെങ്കിലും അധ്യക്ഷ പദവി ഏറ്റെടുത്ത് കൂടുതൽ അപമാനിതനാകാതെ പിന്മാറിയത് നന്നായി. ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ, എൽ.ഡി.എഫ് സർക്കാരിന് അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ ഉപകാര സ്മരണയാണം പുതിയ പദവിയെന്നത് എല്ലാവർക്കും ബോധ്യമായിരുന്നു.
പ്രിസൈഡിംഗ് ഓഫീസർക്കെതിരെ ബി.ജെ.പി
തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പ്രിസൈഡിംഗ് ഓഫീസർ കെ.എൻ.അശോക്കുമാറിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. 'കണ്ണാടി' എന്ന തലക്കെട്ടിൽ പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുന്നതുമായ ലഘുലേഖ പ്രചരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നു മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പിൽ സെക്ഷണൽ ഓഫീസറായ അശോക്കുമാർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ജനറൽ സെക്രട്ടറിയുമാണ്.
രാത്രി ഇ.വി ചാർജിംഗ് കുറയ്ക്കാൻ
കെ.എസ്.ഇ.ബി നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ രാത്രികാലത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന ഉപഭോഗം 104 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇന്നലെ 106.61 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ ആറുമണിക്കൂർ ഒരേ അളവിലാണ് വൈദ്യുതി ഉപയോഗം. ഇത് രാത്രികാല ഉപഭോഗം 5200 മെഗാവാട്ടിന് മുകളിലേക്കെത്തിക്കുന്നു. ഇത് വോൾട്ടേജ് ക്ഷാമത്തിന് വഴിവെക്കുമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വൈകിട്ട് ആറുമുതൽ 12വരെയുള്ള സമയങ്ങളിൽ എ.സി, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ഇലക്ട്രിക് അയൺ ബോക്സ്, വാട്ടർ ഹീറ്റർ, വാട്ടർ പമ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കാ നും കെ.എസ്.ഇ.ബി നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |