SignIn
Kerala Kaumudi Online
Friday, 24 May 2024 12.20 AM IST

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; വൈകുന്നേരം ആറ് മണി മുതൽ 12വരെയുളള സമയങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളുമായി കെഎസ്ഇബി

kseb

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 108.22 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണി മുതൽ 11 മണിവരെ മാത്രം 5364 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്.

ഈ മാസം മൂന്നിനാണ് ഇതിന് മുൻപ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കെഎസ്ഇബിയുടെ നിർദ്ദേശം.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് വൈകുന്നേരങ്ങളിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കെഎസ്ഇബി സോഷ്യൽമീഡിയയിലൂടെ നിർദ്ദേശം നൽകിയിരുന്നു.'സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം ആറ് മണി മുതൽ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതലായി ചാർജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാൻസ്ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർദ്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതു കാരണം ലൈനിൽ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.

രണ്ടാഴ്ച്ചയോളമായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്. വൈദ്യുതി ഉപയോഗത്തിലെ സർവ്വകാല റെക്കോഡായ 10.77 കോടി യൂണിറ്റ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയുണ്ടായി. ഇത്തരത്തിൽ സകല പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും അതിലംഘിച്ചിരിക്കുന്ന വൈദ്യുതി ആവശ്യകത നമ്മുടെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചു എന്നതാണ് വസ്തുത.

മുൻകാലങ്ങളിൽ പീക്ക് ലോഡ് ആവശ്യകത വൈകുന്നേരം ആറ് മുതൽ പത്തുമണി വരെയായിരുന്നുവെങ്കിൽ ഇപ്പോഴത് രാത്രി 12 മണിയോളം ആയിട്ടുണ്ട്. ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവഹിക്കാൻ കെഎസ്ഇബിക്ക് കഴിയും. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനുമുകളിലോ ആക്കി നിലനിർത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും.

ഒന്നു മനസ്സുവച്ചാൽ, പകൽ ചെയ്യാവുന്ന കുറെയേറെ പ്രവൃത്തികൾ വൈകുന്നേരം ആറ് മുതൽ 11 വരെയുള്ള സമയത്ത് ഒഴിവാക്കാം. തുണികൾ കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കാം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് വെള്ളം പമ്പ് ചെയ്യുകയും ആവാം. വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും കഴിയുന്നിടത്തോളം ഈ സമയത്ത് ഒഴിവാക്കാം.

രാത്രികാലത്ത് നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കൽക്കരി നിലയങ്ങളിൽ നിന്നുള്ളതാണെന്ന വസ്തുതയും വിസ്മരിച്ചുകൂടാ. ഈ സമയത്ത് പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നമ്മുടെ സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തമാണ്. നിലവിലെ പ്രതികൂല സാഹചര്യം തിരിച്ചറിഞ്ഞ് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'- കെഎസ്ഇബി പോസ്റ്റിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB, POST, CURRENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.