SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.14 AM IST

പ്രണയം തകർക്കുന്ന 'ഗോസ്റ്റിംഗ്'; കമിതാക്കളെ ഈ വില്ലനെ സൂക്ഷിക്കൂ, എപ്പോൾ വേണമെങ്കിലും പിടിവീഴാം

ghosting

ദീ‌ർഘദൂര ബന്ധങ്ങളും കാത്തിരിപ്പുകൾ നിറഞ്ഞ പ്രണയവുമെല്ലാം ഉണ്ടായിരുന്ന കാലത്തുനിന്ന് ലോകം വളരെയധികം മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. കാലം മാറിയതോടെ പ്രണയസങ്കൽപ്പങ്ങളിലും മാറ്റം വന്നു. പ്രണയബന്ധങ്ങളുടെ ആയുസ് വളരെയധികം കുറഞ്ഞ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് പല പ്രണയബന്ധങ്ങളിലും വിശ്വാസവും സത്യസന്ധതയുമെല്ലാം വെറും കെട്ടുകഥകൾ മാത്രമായി മാറി. ഒരു വ്യക്തിയിൽ നിന്ന് വളരെ പെട്ടെന്ന് ആളുകൾ മറ്റൊരാളിലേയ്ക്ക് ചേക്കേറുന്നു. അതിനാൽ തന്നെ ബന്ധങ്ങളിൽ പ്രത്യേകിച്ച് പ്രണയബന്ധങ്ങളിൽ ഗോസ്റ്റിംഗ് എന്ന് പ്രതിഭാസവും വർദ്ധിക്കുന്നു.

എന്താണ് ഗോസ്റ്റിംഗ്?

ഒരു വിശദീകരണവും നൽകാതെ പെട്ടെന്ന് ഒരു ബന്ധം അവസാനിപ്പിച്ച് പോകുന്നതിനെയാണ് ഗോസ്റ്റിംഗ് എന്ന് പറയുന്നത്. മെസേജുകൾക്കോ കോളുകൾക്കോ പ്രതികരിക്കാതെ ഒരു മുന്നറിയിപ്പുമില്ലാതെ ഒരാളുടെ ജീവിതത്തിൽ നിന്ന് പൂർണമായി അപ്രത്യക്ഷമാവുന്ന രീതിയാണിത്. 2006ലാണ് ഈ വാക്ക് അർബൻ നിഘണ്ടുവിൽ ആദ്യമായി പരാമർശിക്കുന്നത്. പിന്നീടിത് പ്രണയബന്ധങ്ങളിൽ പതിവായി ഉപയോഗിക്കപ്പെടുകയായിരുന്നു. ഇന്ന് കാലത്ത് ഗോസ്റ്റിംഗ് അനുഭവിച്ചിട്ടില്ലാത്ത പുതുതലമുറ വളരെ കുറവായിരിക്കും. കേൾക്കുമ്പോൾ ചെറിയ കാര്യമെന്ന് തോന്നുമെങ്കിലും ഗോസ്റ്റിംഗിന് മാരകമായ മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിവുണ്ട്.

ഗോസ്റ്റിംഗ് എങ്ങനെ തിരിച്ചറിയാം?

പതിവായി സംസാരിക്കുന്ന ഒരാൾ പെട്ടെന്ന് ഒരു രീതിയിലും സംസാരിക്കാതെ വരുന്നതാണ് ഗോസ്റ്റിംന്റെ പ്രധാന അടയാളം. പെട്ടെന്ന് പൂർണമായി നിശബ്ദരാകുന്നു. കോളുകൾക്കോ മെസേജിനോ പ്രതികരണമുണ്ടാവില്ല. എന്തുകൊണ്ടാണ് അപ്രത്യക്ഷരായതെന്ന് മറ്റുള്ളവർക്ക് മനസിലാകില്ല. ബന്ധം നിലനിർത്താൻ ശ്രമിച്ചാലും മറുവശത്തുള്ളയാൾ താത്‌പര്യം കാണിക്കുകയോ ശ്രമങ്ങൾ നടത്തുകയോ ചെയ്യില്ല. ഒരു കാരണവുമില്ലാതെ കൂടിക്കാഴ്‌ചകളും ഇത്തരക്കാർ നിരസിക്കും. സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടെങ്കിലും നിങ്ങളുടെ മെസേജുകൾക്ക് മറുപടി നൽകില്ല. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് നിങ്ങളെ ഒഴിവാക്കും. പ്രതികരിച്ചാലും ചുരുങ്ങിയ വാക്കുകളിൽ അവസാനിപ്പിക്കും. എന്തോ പ്രശ്നമുണ്ടെന്ന് നിങ്ങൾക്ക് തന്നെ തോന്നിത്തുടങ്ങും.

ഗോസ്റ്റിംഗ് ഒരു വ്യക്തിയെ എങ്ങനെ നിർവചിക്കും?

തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങൾ നടത്താൻ കഴിവില്ലാത്തവരാണ് കൂടുതലും ഗോസ്റ്റിംഗ് ചെയ്യുന്നത്. സത്യസന്ധമായ വികാരങ്ങളെഭയക്കുന്നവരായിരിക്കും ഇവർ. മറ്റൊരാൾ മനസുതുറന്ന് സംസാരിക്കുന്നതും ദേഷ്യവും സങ്കടവും പരിഭ്രമങ്ങളുമെല്ലാം പങ്കുവയ്ക്കുമ്പോൾ ഇവർ അസ്വസ്ഥരാകുന്നു. അതിനാൽതന്നെ അത്തരം സന്ദർഭങ്ങളെയും ആളുകളെയും ഒഴിവാക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നു.

മറ്റുള്ളവരോട് സഹതാപമോ പരിഗണനയോ ഇല്ലാത്ത, വികാരങ്ങൾ മാനിക്കാത്തവരാണ് ഗോസ്റ്റിംഗ് ചെയ്യുന്ന മറ്റൊരു കൂട്ടർ. ഒരു ബന്ധം നിലനിർത്താനോ തുടർന്നുകൊണ്ടുപോകാനോ ഭയമുള്ളവരും ഗോസ്റ്റിംഗ് ചെയ്യാറുണ്ട്. ചിലർ സ്വന്തമായി നേരിടുന്ന മാനസിക പ്രശ്നങ്ങളോ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ നേരിടുന്ന പ്രതിസന്ധികളോ ആവും ഒരാളെ ഗോസ്റ്റിംഗ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

ഗോസ്റ്റിംഗിന്റെ വൈകാരിക ഘട്ടങ്ങൾ

  • ഗോസ്റ്റിംഗിന് ഇരയാകുന്നയാൾ ആദ്യം ആശയക്കുഴപ്പത്തിലാവുകയാണ് ചെയ്യുന്നത്. താൻ എന്തിനാണ് അവഗണിക്കപ്പെടുന്നതെന്ന് തുടക്കത്തിൽ മനസിലാവുകയില്ല.
  • സ്വയം കുറ്റപ്പെടുത്തലാവും അടുത്ത ഘട്ടം. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാവുമെന്നും അതിനാലാണ് ജീവിതത്തിൽ നിന്ന് ആ വ്യക്തി അപ്രത്യക്ഷമായതെന്നും ചിന്തിക്കാൻ തുടങ്ങും. സ്വയം ചോദ്യങ്ങൾ ചോദിക്കാനും സ്വന്തം മൂല്യം അളക്കാനും ആരംഭിക്കും.
  • കഠിനമായ ദേഷ്യവും വിഷമവും ആയിരിക്കും ഇര അടുത്തതായി അനുഭവിക്കുക. ജീവിതം അവസാനിച്ചതായും മുന്നോട്ട് പോകാനാവാത്തതായും ചിന്തിക്കും. ഈ ഘട്ടത്തിലാണ് പലരും ആത്മഹത്യയിലേയ്ക്കും വിഷാദരോഗത്തിലേയ്ക്കും എത്തിച്ചേരുന്നത്.

ഗോസ്റ്റിംഗ് ഒരു വ്യക്തിയിൽ മാനസികമായും വൈകാരികമായും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും ഇടയാക്കും. ഗോസ്റ്റിംഗിന് ഇരയാകപ്പെടുന്നയാൾ സമൂഹത്തിൽ നിന്ന് കുടുംബബന്ധങ്ങളിൽ നിന്നുമെല്ലാം അകന്ന് ഏകാന്ത ജീവിതം നയിക്കാനും ഇടവരാം. പഠനം, തൊഴിൽ എന്നിവയെയും ഗോസ്റ്റിംഗ് സാരമായി ബാധിക്കുന്നു. ഇത് ആത്മവിശ്വാസത്തെയും സ്വന്തം മൂല്യം നിർണയിക്കുന്നതിനെയും ബാധിക്കുന്നു. ഭാവിയിൽ മറ്റുള്ളവരെ വിശ്വസിക്കാനും ഇത്തരം ഇരകൾ ഭയക്കുന്നു. മാത്രമല്ല ഗോസ്റ്റിംഗിന് ഇരയായവർ മറ്റുള്ളവരെ ഗോസ്റ്റിംഗ് ചെയ്യാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന് 2012ലെ ഒരു പഠനം തെളിയിക്കുന്നു.

ഗോസ്റ്റിംഗിന് ഇരയാക്കപ്പെട്ടാൽ എങ്ങനെ പ്രതികരിക്കണം?

  • സങ്കടപ്പെടാനും കരയാനും സ്വയം അനുവദിക്കുക. അവഗണനയും സ്‌നേഹം നിരസിക്കുന്നതും വളരെയധികം വേദന നൽകുന്ന ഒന്നാണ്. അതിൽ തന്നെ അത് ഒഴിവാക്കാൻ ശ്രമിക്കാതെ ആ ഘട്ടത്തിലൂടെ മുന്നോട്ടുപോയി തന്നെ അതിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക. ആവശ്യമെങ്കിൽ വിദഗ്ദ്ധ സഹായം തേടുക.
  • അവരെ പോകാൻ അനുവദിക്കുക. സംസാരം നിർത്തുക എന്നാൽ ബന്ധം തുടരാൻ താത്‌പര്യമില്ല എന്നതിന്റെ അടയാളം തന്നെയാണ്. ഒരു കൃത്യമായ അവസാനമോ ഗുഡ്‌ബൈയോ ലഭിക്കണം എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ലളിതമായ ഒരു സന്ദേശം അയച്ച് ബന്ധത്തിന് അവസാനമുണ്ടാക്കുക. അവർ മറുപടി തന്നില്ലെങ്കിൽ അവരുടെ പുറകെ പോകാതിരിക്കുക.
  • തെറ്റായ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. സ്വയം പഴിക്കാതിരിക്കുക. തന്റെ തെറ്റ് അല്ലെന്ന് തിരിച്ചറിഞ്ഞ് സാഹചര്യം മനസിലാക്കാനും അംഗീകരിക്കാനും ശ്രമിക്കുക. അനുഭവങ്ങളിൽ നിന്ന് പഠിക്കാൻ ശ്രദ്ധിക്കുക.
  • അമിതമായി വിശകലനം ചെയ്യുന്നതും ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതും ഒഴിവാക്കുക. എല്ലാകാര്യങ്ങൾക്കും ഉത്തരം ലഭിക്കില്ലെന്ന് തിരിച്ചറിയുക.
  • സ്വന്തം മുറിവ് ഉണങ്ങുന്നതിനും സ്വയം പരിചരണത്തിനും മുൻഗണന നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GHOSTING, PSYCHOLOGICAL FACTORS, HOW TO DEAL WITH GHOSTING, LOVE RELATIONS, RELATIONSHIPS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.